-->
തിരുവനന്തപുരം: ഏഴാം സംസ്‌ഥാന ധനകാര്യ കമ്മിഷന്റെ ഒന്നാം റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ലോക്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ധനകാര്യ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ പ്രഫസര്‍ കെ.എന്‍. ഹരിലാലില്‍നിന്നു റിപ്പോര്‍ട്ട് സ്വീകരിച്ചു.
ധനകാര്യ കമ്മിഷന്‍ അംഗവും ധനവകുപ്പ് സെക്രട്ടറിയുമായ കെ.ആര്‍. ജ്യോതിലാല്‍, ധനകമ്മിഷന്‍ സെക്രട്ടറി പി. അനില്‍ പ്രസാദ്, അഡൈ്വസര്‍ പ്രഫ. കെ.കെ. ഹരിക്കുറുപ്പ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ഗവര്‍ണര്‍ സംസ്‌ഥാന സര്‍ക്കാരിനു കൈമാറും. 2026-27 ധനകാര്യ വര്‍ഷത്തേക്കുള്ള ശിപാര്‍ശകളാണ് ധനകമ്മിഷന്റെ ആദ്യ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കേന്ദ്ര ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭ്യമായശേഷം ശിഷ്‌ട കാലാവധിയിലേക്കുള്ള (2027-28 മുതല്‍ 2030-31 വരെ) ശിപാര്‍ശകള്‍ സമര്‍പ്പിക്കും. കേന്ദ്ര ധനകമ്മിഷന്റെ റിപ്പോര്‍ട്ട് സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനിടയുണ്ട്. ആ നിലയ്‌ക്ക്, അതുംകൂടി പരിഗണിച്ചാകും തുടര്‍ശിപാര്‍ശകള്‍ സമര്‍പ്പിക്കുക.
2024 സെപ്‌റ്റംബറിലാണ് ഏഴാം സംസ്‌ഥാന ധനകാര്യ കമ്മിഷന്‍ നിയമിതമായത്. രണ്ട് വര്‍ഷമാണ് കമ്മിഷന്റെ കാലാവധി. സംസ്‌ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയില്‍നിന്നും നികുതി വരുമാനത്തില്‍നിന്നും തദ്ദേശ സ്‌ഥാപനങ്ങള്‍ക്കു കൈമാറേണ്ട വിഹിതം സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് ധനകമ്മിഷന്റെ പ്രധാന ഉത്തരവാദിത്വം. ഇപ്രകാരം തദ്ദേശ ഭരണകൂടങ്ങള്‍ക്കായി വിവിധ ഇനങ്ങളില്‍ നീക്കിവയ്‌ക്കുന്ന തുക വീതം വയ്‌ക്കാനുള്ള മാനദണ്ഡങ്ങളില്‍ ശിപാര്‍ശകള്‍ നല്‍കുന്നതും സംസ്‌ഥാന ധനകമ്മിഷനാണ്. കമ്മിഷന്റെ ശിപാര്‍ശകള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് സ്‌ഥിതിവിവരങ്ങള്‍ ശേഖരിക്കുന്നതിനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും വിദഗ്‌ധരുടെയും നിര്‍ദേശങ്ങള്‍ സമാഹരിക്കുന്നതിനും കമ്മീഷന്‍ നടത്തിയത്. സംസ്‌ഥാനത്തെ ജില്ലാ ആസൂത്രണ സമിതികള്‍, സിറ്റി കോര്‍പ്പറേഷനുകള്‍, തെരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രാദേശിക ഭരണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കമ്മിഷന്‍ സിറ്റിങ്ങുകള്‍ നടത്തി. സംസ്‌ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍, പ്രാദേശിക ജനപ്രതിനിധികളുടെ അസോസിയേഷനുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സാമൂഹിക സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിഷയമേഖലാ വിദഗ്‌ധര്‍ തുടങ്ങിയവരുമായും കൂടിക്കാഴ്‌ചകള്‍ നടത്തി. വികേന്ദ്രീകൃത ആസുത്രണം, വിഭവസമാഹരണം, ധനവിന്യാസം തുടങ്ങിയവ സംബന്ധിച്ചുള്ള പഠനങ്ങളും ഇതിന്റെ ഭാഗമായി കമ്മിഷന്‍ ഏറ്റെടുത്തു.
തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് വിഭവം കൈമാറുന്ന കാര്യത്തില്‍ അനുകരണീയമായ മാതൃകയാണ് കേരളത്തിലെ സര്‍ക്കാരുകളും മുന്‍ സംസ്‌ഥാന ധനകാര്യ കമ്മിഷനുകളും സൃഷ്‌ടിച്ചിട്ടുള്ളത്. ഈ മാതൃക ശക്‌തിപ്പെടുത്തുന്ന സമീപനമാണ് ഏഴാം ധനകാര്യ കമ്മിഷനും സ്വീകരിച്ചിട്ടുള്ളത്.