-->
ക്രിസ്‌മസ് അതുല്യവും അത്യന്തം ആഹ്‌ളാദകരവുമായ ഒരു ചരിത്ര സംഭവത്തിന്റെ അനുസ്‌മരണമാണ്. അതിന്റെ സന്തോഷം ഒരിക്കലും കെട്ടടയുന്നതല്ല. ലോകത്തെ ആകമാനം കോരിത്തരിപ്പിക്കുന്ന സംഭവം. പാപത്തിന്റെ താപപ്പരപ്പില്‍ പുണ്യത്തിന്റെ കുളിര്‍ക്കാറ്റുമായി ഒരു പൊന്നുണ്ണി ഭൂജാതനായി. ദൈവം മനുഷ്യനായ, അഗ്രാഹ്യമായ മഹാരഹസ്യത്തിന്റെ സാക്ഷാത്‌കാരം - സെന്റ് അഗസ്‌റ്റിന്റെ വാക്കുകളില്‍, വാനവന്‍ മാനവനായത് മാനവന്‍ വാനവനാകാനാണ്.
ക്രിസ്‌തുദേവന്റെ മനുഷ്യാവതാരം മഴവെള്ളത്തിന്റെയും മലിനജലത്തിന്റെയും പ്രക്രിയയ്‌ക്കു സമാന്തരമെന്നു പറയുമ്പോള്‍ കൗതുകം തോന്നും. സൂര്യന്റെ താപപ്പരപ്പില്‍ തുള്ളിക്കളിക്കുന്ന വെള്ളിമേഘങ്ങള്‍ കാര്‍മേഘം കലര്‍ന്ന് സൂര്യാഭിമുഖ്യം നഷ്‌ടപ്പെട്ട് മഴവെള്ളമായി മണ്ണില്‍ വീണ് ചെളിവെള്ളമായി മാറുന്നു. ഈ ചെളിവെള്ളത്തെ സൂര്യന്റെ കരകിരണങ്ങള്‍ ഒപ്പിയെടുത്ത് തെളിവെള്ളത്തിന്റെ നീരാവിയാക്കി വാനവിതാനത്തില്‍ എത്തിക്കുന്നു. ഏതാണ്ടിതുപോലെ, ദൈവസാന്നിധ്യത്തിന്റെ സന്തോഷത്തില്‍ പറുദീസായുടെ പൂപ്പന്തലില്‍ ആടിക്കളിച്ച ആദിമനുഷ്യര്‍ പാപഭാരമേറ്റു ദൈവാഭിമുഖ്യം നഷ്‌ടപ്പെട്ട് മരണത്തിന്റെ മടിത്തട്ടിലേക്ക് മലര്‍ന്നടിച്ചു വീണു. ദൈവസ്‌നേഹത്തിന്റെ കരം അവരെ വാരിയെടുത്ത് സ്വര്‍ഗതലത്തില്‍ എത്തിക്കുന്നതാണ് ക്രിസ്‌മസ് സംഭവത്തിന്റെ അര്‍ത്ഥവും ആവിഷ്‌കാരവും.
കാലത്തിന്റെ ഫാലസ്‌ഥലത്ത് തിരു അവതാരത്തിന്റെ തിലകക്കുറി ചാര്‍ത്തിയതാണ് ക്രിസ്‌മസ് സംഭവം. ദൈവകുമാരന് ജനിക്കാന്‍ കൊട്ടാരക്കെട്ടു കിട്ടിയില്ല. കാലിത്തൊഴുത്താണ് കൈവന്നത്. താരങ്ങള്‍ തിരി കൊളുത്തിയും വെണ്ണിലാവ് വെഞ്ചാമരം വീശിയും ഉണ്ണിയേശുവിന്റെ വരവേല്‌പിന് വര്‍ണപ്പൊലിമയേകി. ഈ അത്ഭുത പ്രതിഭാസം കണ്ട് കുതൂഹലരായ താരങ്ങള്‍ താഴോട്ടു തുറിച്ചുനോക്കി. വള്ളത്തോളിന്റെ വാക്കുകള്‍ കടമെടുത്താല്‍,
താഴത്തേറക്കന്ത്രിത്ര സൂക്ഷിച്ചുനോക്കുന്നു
താരകളെ നിങ്ങള്‍ നിശ്‌ചലരായ
നിങ്ങള്‍തന്‍ കൂട്ടത്തില്‍ നിന്നിപ്പോള്‍
ആരാനും ഭംഗമര്‍ന്നുഴിയില്‍ വീണുപോയോ?
പിറന്നുവീണ ദൈവപുത്രന്‍ കാവല്‍ നില്‍ക്കാന്‍ പോലീസില്ല. കാളയേയും കഴുതയേയും നിയോഗിച്ച കാള തന്റെ യജമാനനെ അറിയും, കഴുത തന്റെ യജമാനന്റെ പുല്‍ത്തൊട്ടിയും. എന്നാല്‍ ഇസ്രായേല്‍ജനം എന്നെ അറിയുന്നില്ല എന്ന പ്രവചനം പൂര്‍ത്തീകരിച്ചു ഏശയ്യാ പ്രവാചകന്‍.
യേശുവിന്റെ ജനനം അറിഞ്ഞ ആട്ടിടയന്മാര്‍ ഇടറാതെ ഓടിയെത്തി. വാനവിതാനത്തില്‍ അസാധാരണ പ്രതിഭാസം കണ്ട പൂജരാജാക്കന്മാര്‍ പുളകം പൂണ്ടു പുറപ്പെട്ട് പൊന്നുണ്ണിയെ ഒരുനോക്കു കാണാനും ഒരു കാഴ്‌ച കൊടുക്കാനും അവര്‍ സ്വര്‍ണവും മീറയും കുന്തിരിക്കവും സമ്മാനിച്ചു. ഹേറോദേസിനെ വെട്ടിച്ച് വേറൊരു വഴിയെ തിരിച്ചെത്തി. ഈ പൂജരാജാക്കന്മാര്‍ നക്ഷത്രശാസ്‌ത്രത്തില്‍ വൈദഗ്‌ധ്യം നേടിയിട്ടുള്ള സൊരാഷ്‌ട്ര രാജാക്കളായിരുന്നുവെന്നാണ് അറിവ്. ഉണ്ണിയേശുവിന് വിശ്വാസികള്‍ എന്തു കാഴ്‌ചവയ്‌ക്കും? പുല്‍ക്കൂട്ടില്‍ പിറന്ന് വിറച്ചു വിറങ്ങലിക്കുന്ന ഉണ്ണിക്ക് പുണ്യജീവിതശൈലികൊണ്ട് നെയ്‌തെടുത്ത പൊന്നോ വസ്‌ത്രം അണിയിച്ചുകൂടേ? പുല്‍ക്കൂട്ടില്‍ നിന്നും പുണ്യം പകരുമ്പോള്‍ ജീവാത്മാവിനും പരിസരങ്ങള്‍ക്കും പവിത്രത പുലര്‍ത്തേണ്ടതല്ലേ?
ക്രിസ്‌മസ് സംഭവത്തിന്റെ മഹിത സന്ദേശം സ്‌നേഹവും സമാധാനവുമാണ്.
സ്‌നേഹമാണഖിലസാരമൂഴിയില്‍
സ്‌നേഹസാരമിഹസത്യമേകമാം എന്ന്
കുമാരനാശാന്‍ ഉദ്‌ഗാനം ചെയ്‌തത് ക്രിസ്‌തുസന്ദേശത്തിന്റെ പ്രതിധ്വനിയാണ്. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്‌തുതി, ഭൂമിയില്‍ സുമനസുകള്‍ക്ക് സമാധാനവും സ്വര്‍ഗദൂതര്‍ ആലപിച്ചുവെന്നാണ് വേദപുസ്‌തകം പ്രസ്‌താവിക്കുന്നത്. ഈ സുന്ദരസന്ദേശം ജനഹൃദയങ്ങളില്‍ അനുരണനം ചെയ്യാത്തത് പരിതാപകരം. സുമനസുമില്ല, സമാധാനവുമില്ല. എന്തൊരു കാലം! എന്തൊരു ലോകം! മതത്തിന്റെ പേരിലും രാഷ്‌ട്രീയത്തിന്റെ പേരിലും നരനുനരല്‍ അശുദ്ധ വസ്‌തുവാകുന്നു. ജിഹാദിന്റെ മറയില്‍ മര്‍ത്യന്റെ രക്‌തത്തില്‍ മര്‍ത്യന്‍ മദിക്കുന്നു മര്‍ദനമണ്ഡപമാണീധരാതലം. വര്‍ഗവിദേ്വഷം ഇടിത്തീയാകുന്നു പലയിടത്തും. മനുഷ്യരും മതങ്ങളും മൂല്യങ്ങളെ മുറുകെപ്പിടിച്ചേ മതിയാകൂ. സര്‍ഗാത്മകതയും സ്വര്‍ഗാത്മകയും. സന്ധിക്ക് ഒരു സമൂഹത്തെ വാര്‍ത്തെടുക്കണം. ലോകജനത എമ്പാടും സ്‌നേഹ സംസ്‌കാരവും ധര്‍മ സംസ്‌കാരവും ത്യാഗ സംസ്‌കാരവും അന്യോന്യം പങ്കുവയ്‌ക്കണം. മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുന്ന ഒരു സമാധാന സല്ലാപം സംജാതമാക്കണം. അല്ലെങ്കില്‍ അരാജകത്വം നമ്മെ അരിഞ്ഞുവീഴ്‌ത്തി നരകയാതനയില്‍ മരിച്ചൊടുങ്ങും. സോക്രട്ടീസ് പറഞ്ഞു: മനുഷ്യാ നീ നിന്നെത്തന്നെ അറിയുക. ആത്മ പരിശോധനയില്ലാത്ത ജീവിതം അര്‍ഥശൂന്യമാണ്. ക്രിസ്‌തു എന്ന പ്രതിഭാസം വാക്കുകള്‍കൊണ്ട് വരച്ചുകാണിച്ചിട്ട് ഈ ലേഖനം ഉപസംഹരിക്കാം.
പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് പ്രത്യക്ഷപ്പെട്ടവന്‍, പിറന്നുവീഴാന്‍ ഇടം കിട്ടാതെ കാലിത്തൊഴുത്തു കടമെടുത്തവന്‍, കലാലയ കവാടത്തിനുള്ളില്‍ കാലു കുത്താത്ത വിദ്യാവിഹീനന്‍, 200 മൈല്‍ ദൂരത്തിനുള്ളില്‍ മാത്രം യാത്ര ചെയ്‌ത ഹ്രസ്വ സഞ്ചാരി, തലേലെഴുത്തും മേല്‍വിലാസവുമില്ലാത്ത മുക്കുവരുടെ മിത്രം, യഹൂദ സമുദായത്തിന്റെ അമരത്തിരിക്കുന്നവരുടെ അമര്‍ഷത്തിനും അവഹേളനത്തിനും പാത്രീഭൂതനായ നിസഹായന്‍, ഉടുതുണിമാത്രം സ്വന്തമായിട്ടുണ്ടായിരുന്ന ദീനദരിദ്രന്‍, മരണത്തിന്റെ കൊലമരം ജീവന്റെ കൊടിമരമാക്കിയവന്‍, ജനനത്തിലും മരണത്തിലും പ്രപഞ്ചത്തെ പ്രകോപിപ്പിച്ചവന്‍, മരണത്തെ മറികടന്ന് ഉത്ഥാനം ചെയ്‌ത ദിവ്യന്‍, മാനവ ചരിത്രത്തെ പങ്കിട്ടവന്‍, കണക്കില്ലാത്ത കലാസൃഷ്‌ടികളും എണ്ണമറ്റ സ്‌ഥാപനങ്ങളും കാഴ്‌ച കിട്ടിയ സംപൂജ്യന്‍. ആ ഏകാന്ത ജീവിതം ചരിത്രത്തിനു ചേര്‍ത്ത ചടുലചലനങ്ങള്‍ കിടയറ്റതാണ്.
റവ. പ്രഫ. മാത്യു വാണിശേരി