-->
തിരുവനന്തപുരം: ബംഗലുരുവില്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ തന്റെ ഇംഗ്‌ളീഷിനെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. റഹീം. തനിക്ക് ഭാഷാപരിമിതികള്‍ ഉണ്ടായിരിക്കാം എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേയുള്ളൂ എന്നായിരുന്നു റഹീമിന്റെ മറുപടി. ഫേസ്ബുക്കിലിട്ട മറുപടിയില്‍ തന്റെ ഭാഷയുമായി ബന്ധപ്പെട്ട വിമര്‍ശനം ഏറ്റെടുക്കുന്നെന്നും ഭാഷ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുമെന്നും പറഞ്ഞു.
തന്നെ ട്രോളുന്നവരോട് വെറുപ്പില്ലെന്നും തനിക്ക് ഭാഷാപരിമിതികള്‍ ഉണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞദിവസമാണ് കര്‍ണാടക യെലഹങ്കയിെല ഫക്കീര്‍ കോളനിയില്‍ വീട് ഇടിച്ചു നിരത്തപ്പെട്ടവരെ റഹീമിന്റെ നേതൃത്വത്തിലുള്ള സിപിഐഎം സംഘം സന്ദര്‍ശിച്ചത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ഭാഷ പരിശോധനയ്ക്ക് വിധേയമാക്കിയുള്ള ട്രോളുകളും പ്രത്യക്ഷപ്പെട്ടത്.
റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. ..
എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്.
പക്ഷേ,
മനുഷ്യരുടെ സങ്കടങ്ങള്‍ക്ക്
ഒരു ഭാഷയേ ഉള്ളൂ..
ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്..
ശബ്ദമില്ലാത്ത,എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച്
ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ,
അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. .
ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു.
പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
എന്റെ ഇംഗ്ലീഷിലെ
വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും.
പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?
അവരെ ആരെയും ഇവിടെയെന്നല്ല,ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല.
എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍,നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും,അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്.
എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്.
ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും,
ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കും.
(ട്രോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വീഡിയോയുടെ ബാക്കി ഭാഗം)