-->
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. നവവത്സരദിനത്തിലാണു പലരും പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊള്ളുന്നത്. ഏതെല്ലാം കാര്യങ്ങള്‍ നിശ്‌ചയിച്ചിരിക്കുന്നു എന്നതിനേക്കാള്‍ എത്രമാത്രം കാര്യങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാനാകും എന്നതാണ് പ്രധാനം. പുതുവര്‍ഷത്തില്‍ പ്രധാന തീരുമാനങ്ങളില്‍ ചിലത് ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട ഭക്ഷണകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധപുലര്‍ത്തുന്നതാകും. അതുപോലെ തന്നെ വിദ്യാര്‍ഥികള്‍, തൊഴില്‍തേടുന്നവര്‍ ഉള്‍പ്പെടെയുള്ളവരും പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളും. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം കൈവരിക്കാന്‍ ആവശ്യമായ തീരുമാനങ്ങളെടുക്കുക എന്നത്.
സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായ ലക്ഷ്യങ്ങള്‍ ഇല്ലാതെ പോവുകയും സമ്പാദ്യം ഇല്ലാതിരിക്കുകയും ചെയ്യുകയെന്നത് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. ഈ പുതുവര്‍ഷത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തി, നിക്ഷേപങ്ങള്‍ തുടങ്ങി, ജീവിത ലക്ഷ്യങ്ങള്‍ക്ക് ആവശ്യമായ തുക സമാഹരിക്കാമെന്ന ചിന്തയില്‍നിന്ന് പുതിയ തീരുമാനങ്ങള്‍ എടുത്ത് ആവശ്യമായ മാറ്റങ്ങള്‍ തങ്ങളുടെ ജീവിതശൈലിയില്‍ കൊണ്ടുവരാനുള്ള തയാറെടുപ്പിലാവും മിക്കവരും.
നിലവിലെ സാമ്പത്തിക സ്‌ഥിതി മനസിലാക്കുക എന്നതാണ് ആദ്യ ചുവടുവയ്‌പ്പ്. ഇതിന്റെ അടിസ്‌ഥാനത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കണ്ടെത്താം. എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള മാറ്റങ്ങള്‍ ആയിരിക്കില്ല വേണ്ടിവരിക. എല്ലാവരും ശ്രദ്ധിക്കേണ്ടതും കൂടുതല്‍ പരിഗണന നല്‍കേണ്ടതുമായ വിവിധ സാമ്പത്തിക തലങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ചെലവ് നിയന്ത്രിക്കുക എന്നതാണ് പ്രധാന കാര്യം. ഇതിലെ പ്രധാന ഘടകം ഒരു ബജറ്റ് ഉണ്ടായിരിക്കുക എന്നതാണ്. വരവ്-ചെലവ് കണക്കുകള്‍ കണക്കാക്കി വരവ് ഉയര്‍ത്താനും ചെലവ് നിയന്ത്രിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബജറ്റിലൂടെ സാധിക്കും. ചെലവുകള്‍ നിരീക്ഷിക്കുന്നതിന് ഓണ്‍ലൈന്‍ ആപ്പുകളെയും മറ്റും ആശ്രയിക്കുന്നത് കൃത്യമായ വിശകലനം നടത്താന്‍ സഹായിക്കും. വരവിനനുസരിച്ച് ചെലവ് നിയന്ത്രിച്ച് 50 ശതമാനത്തിലധികം തുക മിച്ചം പിടിക്കുകയും ഈ തുക നിക്ഷേപത്തിലേക്ക് വഴി തിരിച്ചു കിട്ടാന്‍ സാധിക്കുകയും ചെയ്‌താല്‍ ഓരോരുത്തരുടെയും സാമ്പത്തിക സ്‌ഥിതിക്ക് അനുസൃതമായ നിക്ഷേപസമാഹരണം നടത്താനാകും.
ബാധ്യതകള്‍ ഇല്ലാത്തവര്‍ വിരളമായിരിക്കും. ഇതു കൃത്യമായി വിശകലനം ചെയ്‌ത് സാധിക്കുമെങ്കില്‍ വായ്‌പകള്‍ മുന്‍ഗണന അനുസരിച്ച് അടച്ച് തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുക. വായ്‌പകളെ പലപ്പോഴും ആശ്രയിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഇവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചാകും ബാധ്യതകള്‍ ഒഴിയുന്നതും വലിയ കെണിയായി മാറുന്നതും. അതുകൊണ്ട് ഭാവിയില്‍ വായ്‌പകള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം നിലവിലെ വായ്‌പകള്‍ എത്രയും വേഗം തീര്‍ക്കാന്‍ ശ്രദ്ധിക്കണം.
മുകളില്‍ വിശദീകരിച്ച കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം പ്രധാനമാണ് ജീവിതത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ആകസ്‌മിക കാര്യങ്ങളെ നേരിടുന്നതിന് ആവശ്യമായ ടേം ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുക എന്നത്. ആശുപത്രി ചെലവുകള്‍ വര്‍ധിച്ചുവരുന്ന കാലത്ത് അവയെ നേരിടുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുക. പുതുവര്‍ഷത്തിലെ തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. അതുകൊണ്ട് കൃത്യമായി ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ആയിരിക്കണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
നിക്ഷേപം തുടങ്ങുന്നതിനു മുമ്പ് നിലവിലുള്ള നിക്ഷേപങ്ങളുടെ വിശകലനം നടത്തുന്നത് നല്ലതാണ്. വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തുക വഴി പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കാന്‍ സാധിക്കുകയും ഏതെങ്കിലും ഒരു നിക്ഷേപം മോശം പ്രകടനം നടത്തുന്ന സാഹചര്യത്തില്‍ മറ്റു നിക്ഷേപങ്ങളുടെ പ്രകടനം മൂലം ശരാശരി വളര്‍ച്ച നിക്ഷേപങ്ങള്‍ക്ക് എപ്പോഴും ലഭിക്കുകയും ചെയ്യും. പുതിയ നിക്ഷേപങ്ങളിലേക്കുള്ള അനുപാതം കൃത്യമായി മനസിലാക്കാനും ആകെ നിക്ഷേപത്തെ ശരിയായ അനുപാതത്തിലാക്കാനും നിക്ഷേപവിശകലനം സഹായിക്കും.ജീവിതലക്ഷ്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് നിക്ഷേപിക്കുക എന്നതാണ് അടുത്ത പ്രധാന കാര്യം. പ്രത്യേക ലക്ഷ്യത്തിനായി നിക്ഷേപിക്കുക വഴി നിക്ഷേപത്തില്‍ അച്ചടക്കം കൊണ്ടുവരാന്‍ ഒരു പരിധിവരെ സാധിക്കും. ജീവിത ലക്ഷ്യം മുന്നില്‍ക്കണ്ട് നിക്ഷേപിക്കുമ്പോള്‍ നിക്ഷേപത്തുക പര്യാപ്‌തമാണോ, പ്രസ്‌തുത ലക്ഷ്യത്തിന് അനുയോജ്യമായ നിക്ഷേപ പദ്ധതി ആണോ തെരഞ്ഞെടുത്തിരിക്കുന്നത് എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ശ്രദ്ധക്കണം. ആവശ്യമെങ്കില്‍ ഒരു സാമ്പത്തിക വിദഗ്‌ധന്റെ സഹായത്തോടെ സാമ്പത്തിക ആസൂത്രണം നടത്തി നിക്ഷേപങ്ങള്‍ ക്രമീകരിക്കണം.
ജിബിന്‍ ജോണ്‍