Wednesday, March 11, 2026 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 12.25 AM

കാട്ടില്‍നിന്ന്‌ വരുന്നത്‌ കദനംനിറഞ്ഞ കഥകള്‍

uploads/news/2025/12/817919/29ed2.jpg

കാടു കയറുന്ന 'മരണ മാല്യം' 2 വി.പി. നിസാര്‍
മുത്തച്‌ഛന്‍ വിവാഹം കഴിച്ചു ഗര്‍ഭിണിയാക്കിയ ബാലികയുടെ കഥ പുറത്തു വന്നതോടെ സമാനമായ മറ്റൊരു സംഭവവും തെളിഞ്ഞു. ഇത്തവണ ഒരു 12 വയസുകാരിയായിരുന്നു ഇര. ഭര്‍ത്താവ്‌ 57 വയസുകാരനായ മുത്തച്‌ഛനും.
കരുളായി കുപ്പമല കോളനിയിലെ ചോലനായ്‌ക്ക കുട്ടി ഒന്നാംക്ലാസ്‌ പഠനം പോലും പൂര്‍ത്തീകരിക്കാതെ മടങ്ങിയതായിരുന്നു. മാതാപിതാക്കള്‍ മരണപ്പെട്ടതോടെ അവള്‍ ഒറ്റപ്പെട്ടു. ഇതോടെയാണ്‌, അവസരം മുതലെടുത്ത്‌ മുത്തച്‌ഛനായ 57വയസുകാരന്‍ വിവാഹം ചെയ്‌തത്‌. പിറ്റേവര്‍ഷം തന്നെ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. തുടര്‍ന്ന്‌ ആരോഗ്യം നഷ്‌ടപ്പെട്ട പെണ്‍കുട്ടി പനി ബാധിച്ച്‌ കഴിഞ്ഞ സെപ്‌റ്റംബറില്‍ മരണപ്പെടുകയും ചെയ്‌തു. മരണപ്പെടുമ്പോള്‍ പെണ്‍കുട്ടിക്കു 19ഉം, കുഞ്ഞിനു ആറു വയസ്സുമായിരുന്നു പ്രായം. കരുളായിയില്‍നിന്നും 25കിലോമീറ്റര്‍ ദൂരെയാണു ഇവരുടെ താമസ സ്‌ഥലമായ കുപ്പുമല. മാഞ്ചീരിവരെ ജീപ്പിലൂടെയും തുടര്‍ന്നു ആറു കിലോമീറ്റര്‍ ചെങ്കുത്തായ മലകള്‍ കയറിയിറങ്ങിയുംവേണം എത്താന്‍.
മരണപ്പെടുന്നതിന്‌ ഒരു മാസം മുമ്പാണു പെണ്‍കുട്ടിക്കു പനി തുടങ്ങിയത്‌. ആദ്യം ചികിസിച്ചില്ല. അവശയായ വിവരം അറിഞ്ഞ്‌ ഐ.ടി.ഡി.പി. ഉദ്യോഗസ്‌ഥര്‍ ഇടപെട്ടു മാഞ്ചീരിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഭര്‍ത്താവ്‌ കുട്ടയില്‍ചുമന്നു മാഞ്ചീരിയില്‍ എത്തിച്ചു. തുടര്‍ന്നു ഐ.ടി.ഡി.പി. ഏര്‍പ്പെടുത്തിയ ജീപ്പില്‍ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണീരണിയിക്കുന്ന കഥ..

ഏഴുവയസ്സുള്ളപ്പോഴാണു ഉള്‍വനത്തില്‍നിന്നും ഈ പെണ്‍കുട്ടി പഠിക്കാനായി നാട്ടിലെത്തിയത്‌. 2016ല്‍ മാതാവ്‌ ചാത്തിയെ കരുളായിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ്‌ മഹിളാസമഖ്യ പ്രവര്‍ത്തകര്‍ ഇവരുടെ ജീവിത സാഹചര്യം മനസ്സിലാക്കിയത്‌. തുടര്‍ന്ന്‌ രക്ഷിതാക്കളോട്‌ സംസാരിച്ചതിനെ തുടര്‍ന്നാണ്‌ പെണ്‍കുട്ടിയുടെകൂടി സമ്മതത്തോടെ നാട്ടില്‍ പഠനത്തിന്‌ കൊണ്ടുവന്നത്‌. പതുക്കെ പെണ്‍കുട്ടി എല്ലാവരുമായി സൗഹൃദം സ്‌ഥാപിക്കാനും തുടങ്ങി.
എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ മാനസികദൗര്‍ബല്യമുണ്ടായതിനെ തുടര്‍ന്നു മാതാവ്‌ മരണപ്പെട്ടു. ഇതോടെ കുഞ്ഞിനെ സ്‌കൂളില്‍നിന്നും വിളിച്ചുകൊണ്ടുപോയി. 2017ല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മാതാവിന്റെ മൃതദേഹം നാട്ടുകാര്‍ ഒന്‍പത്‌ കിലോമീറ്റര്‍ ചുമന്നാണ്‌ ഊരിലെത്തിച്ചത്‌. പട്ടിണി മൂലം അവശനിലയിലായ മാതാവിന്‌ പനി മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. ഭര്‍ത്താവ്‌ മൂന്നുവര്‍ഷം മുന്‍പ്‌ ഉപേക്ഷിച്ചിരുന്നു. മരണത്തിന്റെ മൂന്നാഴ്‌ച മുന്‍പു മാതാവിനെ കോളനിയില്‍നിന്നു കാണാതാവുകയായിരുന്നു.
തുടര്‍ന്ന്‌ ഉള്‍ക്കാട്ടില്‍, പട്ടിണി കിടന്ന്‌ അവശനിലയിലാണ്‌ ഇവരെ കണ്ടെത്തിയത്‌. മാതന്‍ ചെക്കന്‍, മൂപ്പന്‍ കൊല്ലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ കുട്ടയില്‍ ഇരുത്തിയാണ്‌ ചുമന്നു കോളനിയിലെത്തിച്ചത്‌. ശേഷം ഐ.ടി.ഡി.പി. പ്രമോട്ടര്‍ ഏര്‍പ്പാടാക്കിയ ജീപ്പില്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിറ്റേന്നു രാവിലെ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്കു വിട്ടു. രാത്രി മരിച്ചു. ഈ ദുരന്തമാണു ഈ കുട്ടിയുടെ ജീവിതവും മാറ്റി മറിച്ചത്‌.
ചികിത്സ ലഭിക്കാതെയും പോഷണം കിട്ടാതെയും ധാരാളം മരണങ്ങള്‍ ഊരുകളില്‍ നടക്കുന്നുണ്ട്‌.
2020ലാണ്‌ മണ്ണല സ്വദേശിയായ 38കാരി നിഷയും കുഞ്ഞും പ്രസവത്തോടെ മരണപ്പെട്ടത്‌. മൂന്നാംദിവസം വൈകുന്നേരത്തോടെ കുഞ്ഞും മരിച്ചു. കുഞ്ഞിന്റെ മൂക്കില്‍ നിന്ന്‌ രക്‌തം വന്നിരുന്നു. നിഷയ്‌ക്ക് ഗര്‍ഭകാലത്ത്‌ വേണ്ടത്ര മരുന്നുകളൊ പരിചരണങ്ങളൊ ലഭിക്കാതിരുന്നതാണ്‌ മരണകാരണമെന്ന്‌ ബന്ധുക്കള്‍ പറയുന്നു. മൂന്നാമത്തെ പ്രസവമായിരുന്നു ഇത്‌. നേരത്തെ ഒരു പ്രസവവും കാട്ടില്‍ തന്നെയായിരുന്നു. പ്രസവത്തിന്റെ തലേ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ മാഞ്ചീരിയില്‍ ക്യാംപിന്‌ എത്തിയിരുന്നു. ഈ സമയം നിഷയുടെ ബന്ധുക്കളോട്‌ ഇവരെ ആശുപത്രിയില്‍ എത്തിക്കണമെന്ന്‌ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവരെ കാണാഞ്ഞതിനെ തുടര്‍ന്ന്‌ വിളിച്ചു ചോദിച്ചപ്പോഴാണ്‌ നിഷ മരിച്ച വിവരം അറിയുന്നത്‌.
ഗര്‍ഭാവസ്‌ഥയിലുള്ള ആശുപത്രി വാസത്തെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ അമൃതയ്‌ക്ക് ഇന്നും വിറയലാണ്‌. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ബന്ധംകാരണമാണ്‌ അമൃതയും ഭര്‍ത്താവ്‌ കുട്ടനും കാടിറങ്ങി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിയത്‌. പ്രസവ വാര്‍ഡില്‍ ആളുകളുടെ ബഹളം അമൃതയ്‌ക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കി. അമൃതയ്‌ക്കു മാത്രമല്ല കുട്ടനും പിന്നെ മറ്റെന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആരും അറിയാതെ ആശുപത്രി വിട്ട്‌ ഊരിലേക്കുതന്നെ നടന്നു. ഊരിലെത്തി താമസ സ്‌ഥലമായ അളെ(ഗുഹ)യില്‍ പ്രസവിച്ചു. വിവരം അറിഞ്ഞ്‌ ആരോഗ്യപ്രവര്‍ത്തകര്‍ ഊരിലെത്തിയപ്പോഴേക്കും പ്രസവിച്ചിരുന്നു. കുഞ്ഞിന്‌ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞ്‌ ആരോഗ്യപ്രവര്‍ത്തകര്‍ തിരിച്ചുപോയി. ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ്‌ മരിച്ച വിവരമാണ്‌ പിന്നീട്‌ ലഭിച്ചത്‌.
15 വര്‍ഷം മുമ്പുവരെ പ്രസവത്തിനായി ചോലനായ്‌ക്കര്‍ കാടിറങ്ങുമായിരുന്നില്ല. അന്നെല്ലാം പ്രസവം എടുക്കാന്‍ വൈദഗ്‌ധ്യമുള്ള മുതിര്‍ന്ന സ്‌ത്രീകള്‍ ഊരിലുണ്ടായിരുന്നു. എന്നാല്‍ ഇന്നു മുതിര്‍ന്ന സ്‌ത്രീകള്‍തന്നെ കുറവാണ്‌. ഇതിന്‌ പുറമെ പ്രസവമെടുക്കകന്‍ വൈദഗ്‌ധ്യമുള്ളവരും ഇല്ല. ഇതെല്ലാം കാരണമാണ്‌ തങ്ങള്‍ ആശുപത്രികളിലേക്കു തന്നെ പ്രസവത്തിനായി എത്തുന്നതെന്ന്‌ സ്‌ത്രീകള്‍ പറയുന്നു. എന്നാല്‍ ആശുപത്രി വാര്‍ഡുകളിലെ സാഹചര്യം തങ്ങള്‍ക്ക്‌ താങ്ങാന്‍ പറ്റാത്തതാണെന്നും, അവിടുത്തെ വലിയ ശബ്‌ദങ്ങളും, ആളുകളുടെ തിക്കുംതിരക്കും കണ്ടുമ്പോള്‍ മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും ചോലനായ്‌ക്ക സ്‌ത്രീകള്‍ പറഞ്ഞു.ജനറല്‍ പ്രസവവാര്‍ഡില്‍നിന്നും മാറ്റി പരിഗണന നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഗര്‍ഭിണികള്‍ക്കെല്ലാം
രക്‌തക്കുറവ്‌

ചോലനായ്‌ക്ക സ്‌ത്രീകള്‍ ആരോഗ്യപരമായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രക്‌തക്കുറവും പോഷകാഹാരക്കുറവുമാണെന്നു മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. അടുത്തകാലത്തായി ഇതു വര്‍ധിച്ചുവരുന്നുണ്ട്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗര്‍ഭിണികളായ മുഴുവന്‍ സ്‌ത്രീകള്‍ക്കും രക്‌തക്കുറവുണ്ടായിരുന്നു. ഇവര്‍ക്ക്‌ ആദ്യം, മരുന്നും സൂചിയും നല്‍കും. അളവ്‌ ഏറെ കുറവായവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിയോ, പി.എച്ച്‌.സിയിലോ എത്തിച്ച്‌ രക്‌തം നല്‍കി കിടത്തി ചികിത്സ നല്‍കുകയുമാണ്‌ ചെയ്ുന്നത്‌. സാധായരണ സ്‌ത്രീകള്‍ക്കും സമാനമായി രക്‌തക്കുറുവ്‌ കാണപ്പെടുന്നുണ്ട്‌. മൊബൈല്‍ ഡിസ്‌പെന്‍സറിക്കു കീഴില്‍ നടത്തുന്ന പരിശോധനാ ക്യാമ്പിലെത്തുന്ന സ്‌ത്രീകളില്‍ 20ശതമാനത്തിലധികം പേര്‍ക്ക്‌ രക്‌തക്കുറവ്‌ ഉണ്ടാകാറുണ്ട്‌. ഇതിനുള്ള പ്രതിവിധികള്‍ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ്‌ ഗണ്യമായി വര്‍ധിക്കാന്‍ കാരണമെന്നാണ്‌ ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്‌. സാധാരണ ഗര്‍ഭിണികളുടെ ഹീമോഗേ്‌ളാബിന്‍ 12നോട്‌ അടുത്തുവേണമെന്നിരിക്കെ കഴിഞ്ഞ വര്‍ഷത്തിനിടെ പ്രസവിച്ച ചോലനായ്‌ക്ക സ്‌ത്രീകള്‍ക്കെല്ലാം എട്ടുമുതല്‍ അഞ്ചുവരെ മാത്രമാണ്‌ ഉണ്ടായിരുന്നതെന്നും ആശുപത്രി രേഖകളില്‍ വ്യക്‌തമാണ്‌.
ആരോഗ്യവകുപ്പ്‌ തയാറാക്കിയ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തി

ചോലനായ്‌ക്കര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും അവയ്‌ക്കുള്ള പരിഹാരവും നിര്‍ദേശിച്ച്‌ ആരോഗ്യവകുപ്പ്‌ തയാറാക്കിയ റിപ്പോര്‍ട്ട്‌ പുറംലോകം കണ്ടില്ല. ഇതു തയാറാക്കിയ ഉദ്യോഗസ്‌ഥരെ സ്‌ഥലംമാറ്റുകയും ചെയ്‌തു. റിപ്പോര്‍ട്ട്‌ തയാറാക്കാനായി 18 തവണയാണു സംഘം മാഞ്ചീരി ഉള്‍വനം കയറിയത്‌. എന്നാല്‍, മേലുദ്യോഗസ്‌ഥര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പിന്നീട്‌ വെളിച്ചംകണ്ടില്ല.നിലമ്പൂര്‍ ട്രൈബല്‍ മൊബൈല്‍ യൂണിറ്റ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയകൃഷ്‌ണന്‍, കരുളായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ അജി ആനന്ദ്‌, ഡോ. രാജേഷ്‌ ഫ്രാന്‍സിസ്‌, ഡ്രൈവറും ഫോട്ടോഗ്രാഫറുമായ അനൂപ്‌ ഡാനിയല്‍ എന്നിവരുടെ നേതൃത്വത്തിലാണു റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. പ്രായോഗികനിര്‍ദേശങ്ങള്‍ നല്‍കിയത്‌ അന്നത്തെ ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. ന്യൂനമര്‍ജയായിരുന്നു. മേല്‍പറഞ്ഞ ഉദ്യോഗസ്‌ഥരില്‍ ഡ്രൈവര്‍ അനൂപ്‌ ഒഴികെയുള്ളവരെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ സ്‌ഥലംമാറ്റി.
രാജ്യത്ത്‌ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ക്വാഷിയോര്‍ക്കര്‍, മരാസ്‌മസ്‌ രോഗം ബാധിച്ച മൂന്നു ചോലനായ്‌ക്ക കുട്ടികളെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച സാഹചര്യത്തിലാണു മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട്‌ തയാറാക്കി സമര്‍പ്പിച്ചത്‌. റിപ്പോര്‍ട്ടില്‍ ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും അനാസ്‌ഥ ചൂണ്ടിക്കാട്ടിയതാണ്‌ അധികൃതരെ ചൊടിപ്പിച്ചത്‌.

(തുടരും)

Ads by Google
Monday 29 Dec 2025 12.25 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW