Wednesday, March 11, 2026 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 12.25 AM

വിശ്വവിഖ്യാതമായ താടി !

uploads/news/2025/12/817918/29ed1.jpg

കണ്ണാടിയിലേക്കു നോക്കുമ്പോള്‍ താടിയിലേക്ക്‌ ഒരു നിമിഷം കണ്ണോടിച്ചുനോക്കൂ. നമുക്കുള്ളത്‌ വിശിഷ്‌ടമായ ഒരു 'താടി'യാണ്‌. മനുഷ്യരുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ചിമ്പന്‍സികളും ഗൊറില്ലകളും ഉള്‍പ്പെടെയുള്ള മറ്റ്‌ സസ്‌തനികള്‍ക്ക്‌ ഇത്ര ഭംഗിയുള്ള താടിയെല്ലില്ല. അവരുടെ താഴ്‌ന്ന താടിയെല്ലുകള്‍ പിന്നോട്ട്‌ ചരിഞ്ഞതോ നേര്‍രേഖയില്‍ അവസാനിക്കുന്നതോ ആണ്‌. അല്‍പം മുന്നോട്ടു തള്ളിയാണു മനുഷ്യരുടെ താടിയെല്ലുകള്‍. മനുഷ്യരുടെ താടിയില്‍ കാണപ്പെടുന്ന പ്രത്യേക മുഴ മറ്റ്‌ ജീവികള്‍ക്കൊന്നുമില്ല. അയ്യായിരത്തിലധികം സസ്‌തനി സ്‌പീഷീസുകളില്‍ മനുഷ്യന്റെ താടിയെല്ലിനു തുല്യമായി മറ്റൊന്നുമില്ല. അത്‌ കൗതുകകരമായ മുഖസവിശേഷത മാത്രമല്ല, നമ്മുടെ അതുല്യമായ പരിണാമ പാതയുടെ പ്രതീകംകൂടിയാണ്‌.

മനുഷ്യരൂപത്തിനു പിന്നില്‍ കോടിക്കണക്കിനു വര്‍ഷത്തെ ചരിത്രമുണ്ട്‌. മൂന്ന്‌ ലക്ഷം വര്‍ഷം മുമ്പാണ്‌ ആധുനിക മനുഷ്യന്‍(ഹോമോ സാപ്പിയന്‍സ്‌) ജനിച്ചതെന്നാണു ചരിത്രം. പക്ഷേ, അത്‌ കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട പരിണാമത്തിന്റെ ഫലമായിരുന്നു. നമ്മുടെ കോശങ്ങളുടെ സൂക്ഷ്‌മമായ വിശദാംശങ്ങള്‍ മുതല്‍ കൈകാലുകള്‍, കണ്ണുകള്‍, കരള്‍, തലച്ചോറ്‌ വരെയുള്ള പല ഭാഗങ്ങളും ഘട്ടംഘട്ടമായി രൂപപ്പെട്ടതാണ്‌. പക്ഷേ, എന്തുകൊണ്ടാണു നാം ഈ പ്രത്യേക രൂപത്തിലേക്ക്‌ പരിണമിച്ചതെന്നു ശാസ്‌ത്രജ്‌ഞര്‍ ഇപ്പോഴും വ്യക്‌തതയില്ല.
ചില സിദ്ധാന്തങ്ങള്‍ പ്രകാരം സംസാരം, ഭക്ഷണം, അല്ലെങ്കില്‍ സാമൂഹിക ഇടപെടലുകള്‍ എന്നിവ മൂലമുണ്ടാകുന്ന മുഖത്തിന്റെ ഘടനാപരമായ മാറ്റങ്ങളുടെ ഫലമാണു താടിയെല്ലുകള്‍. സംസാരിക്കുമ്പോഴോ ചവയ്‌ക്കുമ്പോഴോ ഉണ്ടാകുന്ന സമ്മര്‍ദം ആഗിരണം ചെയ്യാന്‍ ഒരു താങ്ങായി താടിയെല്ലുകള്‍ വികസിച്ചതാകാം.

താടിയെല്ലിന്റെ
സൗന്ദര്യം

മനുഷ്യനും വാനര വര്‍ഗവും തമ്മില്‍ ചില സാമ്യങ്ങളുണ്ട്‌. നമ്മെപ്പോലെ തന്നെ അവര്‍ക്കും മടക്കാന്‍ കഴിയുന്ന വിരലുകളുള്ള കൈകളുണ്ട്‌. നമ്മള്‍ നടന്നുനീങ്ങുന്നത്‌ പോലെ, അവര്‍ക്കും രണ്ടു കാലുകളില്‍ നടക്കാനും ഓടാനും സാധിക്കും. അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന രീതിയും നമ്മുടെത്‌ പോലെയാണ്‌. മാത്രമല്ല, കുടുംബങ്ങളെ അടിസ്‌ഥാനമാക്കിയുള്ള സമൂഹങ്ങളാണ്‌ അവരുടേയും. മനുഷ്യര്‍ നഗരങ്ങളും ഗ്രാമങ്ങളും പണിയുന്നതുപോലെ അവരും സ്വന്തമായ ഇടം ഒരുക്കും. പക്ഷേ, താടിയെല്ല്‌ അവര്‍ക്കു ലഭിച്ചില്ല.
മനുഷ്യരില്‍ മുഖസൗന്ദര്യത്തിന്റെ പ്രധാനഘടകങ്ങളിലൊന്നാണു താടിയെല്ല്‌. ദുര്‍ബലമായ താടിയെല്ല്‌ അഭംഗിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍, ജീനുകള്‍ നല്‍കിയത്‌ ഏതു തരത്തിലുള്ള താടിയെല്ല്‌ ആണെങ്കിലും, എല്ലാ മനുഷ്യര്‍ക്കും ഒന്നുണ്ട്‌. അത്‌ നല്ലതായാലും ചീത്തയായാലും. ആകര്‍ഷകമായ താടി നിരവധി സിനിമാ താരങ്ങള്‍ അവസരങ്ങള്‍ നല്‍കി. താടിയെല്ലിന്റെ ഭംഗിക്കായി ശസ്‌ത്രക്രിയ നടത്തിയ താരങ്ങളുമുണ്ട്‌.
നമ്മുടെ താടിയെല്ലുകള്‍ അസ്‌ഥികൊണ്ട്‌ നിര്‍മിച്ചതാണ്‌. അത്‌ അല്‍പം പുറത്തേക്ക്‌ തള്ളി നില്‍ക്കുന്നു. ഈ ഘടന ശാസ്‌ത്രജ്‌ഞരെയും ജീവശാസ്‌ത്രജ്‌ഞരെയും നൂറ്റാണ്ടുകളായി ആകര്‍ഷിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. ചാള്‍സ്‌ ഡാര്‍വിന്‍ മനുഷ്യരും വാനര വര്‍ഗവുമായുള്ള ബന്ധം കണ്ടെത്തിയശേഷം പ്രത്യേകിച്ചും.
മൃഗലോകത്ത്‌ ചിമ്പാന്‍സികള്‍ നമ്മുടെ ഏറ്റവും അടുത്ത 'ബന്ധുക്കളാണ്‌', എന്നാല്‍ അവരില്‍ പോലും മനുഷ്യര്‍ക്കുള്ളതുപോലെയുള്ള താടിയെല്ല്‌ ഇല്ല. ഇത്‌ നൂറ്റാണ്ടുകളായിട്ടുള്ള പരിണാമത്തിലൂടെ വികസിച്ച പ്രത്യേകതയാണ്‌, എന്നാല്‍ എത്ര കഠിനമായി പഠിച്ചാലും താടിയെല്ല്‌ എന്തുകൊണ്ട്‌ മനുഷ്യന്റെ ശരീരഭാഗത്തിന്റെ അവിഭാജ്യ ഘടകമായി മാറി എന്ന ചോദ്യത്തിനു ശാസ്‌ത്രജ്‌ഞര്‍ക്ക്‌ ഇപ്പോഴും വ്യക്‌തമായ ഉത്തരമില്ല. ജീവശാസ്‌ത്രജ്‌ഞരുടെ സമൂഹത്തില്‍ വിവിധ സിദ്ധാന്തങ്ങളുണ്ട്‌. പക്ഷേ, അവിടെയും ആശയക്കുഴപ്പങ്ങളുണ്ട്‌.

മുഖം എന്തുകൊണ്ട്‌
ചെറുതായി?

പരിണാമ ജീവശാസ്‌ത്രത്തില്‍ വളരെ അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസങ്ങളില്‍ ഒന്നാണ്‌ താടിയെല്ല്‌. അത്‌ സംബന്ധിച്ച നിഗമനങ്ങള്‍ 1930 കളിലാണു തുടങ്ങിയത്‌. മനുഷ്യര്‍ ഭാഷ ഉപയോഗിക്കുന്നതാണത്രേ താടിയെല്ലിന്റെ വികാസത്തിനു കാരണം. പക്ഷേ, സംസാരത്തിന്‌ ഉപയോഗിക്കുന്ന പേശികളുമായി താടിയെല്ലിനു കാര്യമായ ബന്ധമില്ലെന്നു തെളിഞ്ഞതോടെ ആ സിദ്ധാന്തം പാളി.
ഭക്ഷണം ചവച്ചരയ്‌ക്കുമ്പോള്‍ താങ്ങാനാണു മനുഷ്യര്‍ക്ക്‌ താടിയെല്ല്‌ വികസിപ്പിച്ചതെന്നാണ്‌ ഒരു സിദ്ധാന്തം. 1967 ല്‍ ആ വാദം പാളി. ഓമോ 1 എന്ന ഹോമോ സാപ്പിയന്‍സ്‌ ഫോസില്‍ എത്യോപ്യയില്‍നിന്നു കണ്ടെടുത്തു. 2.3 ലക്ഷം പഴക്കം ആ ഫോസിലിന്‌ ഉണ്ടായിരുന്നു. ആ തലയോട്ടിക്ക്‌ ആധുനിക മനുഷ്യരുടെ പോലെയുള്ള താടിയെല്ല്‌ ഉണ്ടായിരുന്നു.
ശരീരത്തിന്റെ മറ്റൊരു ഭാഗം വികസിക്കുമ്പോള്‍ അവശേഷിച്ചതോ മാറ്റം വന്നതോ ആയ ഒന്നാണത്രേ താടിയെല്ലുകള്‍ എന്നായി അടുത്ത സിദ്ധാന്തം. മനുഷ്യന്‍ നിവര്‍ന്നുനില്‍ക്കാനും നല്ല ശരീരനില വികസിപ്പിക്കാനും തുടങ്ങിയപ്പോള്‍ നമ്മുടെ മുഖങ്ങള്‍ ചെറുതായി എന്നും, താരതമ്യേന താടിയെല്ല്‌ കൂടുതല്‍ പുറത്തേക്ക്‌ വന്നു എന്നും വിശ്വസിക്കുന്ന ഗവേഷകരുണ്ട്‌. ഒരിക്കല്‍ നമ്മുടെ താടിയെല്ലുകള്‍ കൂടുതല്‍ നീളമുള്ളതായിരുന്നു എന്നും അവര്‍ വിശ്വസിക്കുന്നു. ആ മറുപടിക്കു പൂര്‍ണത ലഭിക്കണമെങ്കില്‍ നമ്മുടെ മുഖങ്ങള്‍ എന്തുകൊണ്ട്‌ ചെറുതായി എന്ന്‌ മനസിലാക്കണം.
ജീവവൃക്ഷത്തിലൂടെയുള്ള യാത്ര

പരിണാമത്തിന്റെ കഥയ്‌ക്ക്‌ ലളിതമായ ഒരു തുടക്കമുണ്ട്‌. പിന്നീട്‌ ഓരോ ജീവി വര്‍ഗങ്ങള്‍ക്കും ഓരോ പ്രത്യേകതകളുണ്ടായി. ജീവന്റെ വൃക്ഷത്തില്‍ മുകളിലേക്ക്‌ കയറുമ്പോള്‍, ഓരോ ജീവിവര്‍ഗവും ഉള്‍പ്പെടുന്ന കൂടുതല്‍ പ്രത്യേകതകളുള്ള ശാഖകളിലൂടെ നമ്മള്‍ക്ക്‌ സഞ്ചരിക്കാനാകും. മൃഗങ്ങള്‍, സസ്‌തനികള്‍, വാനരര്‍ എന്നിങ്ങനെ ശാഖകള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
നമ്മള്‍ പങ്കിടുന്ന ജീവിവര്‍ഗങ്ങളുടെ ഗ്രൂപ്പുകള്‍, നമ്മുടെ ശരീരഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ക്രമം വെളിപ്പെടുത്തുന്നു.
ശരീരവും ദഹനനാളവും മൃഗം എന്ന വിഭാഗത്തിന്റെ കാലത്തുതന്നെ രൂപപ്പെട്ടു. പാല്‍പ്പല്ലുകളും രോമവും സസ്‌തനികളില്‍ രൂപപ്പെട്ടു. നഖങ്ങള്‍ ൈപ്രമേറ്റ്‌സിനു മുമ്പ്‌ വന്നതാകണം. ഓരോ ശരീരഭാഗവും എന്തുകൊണ്ട്‌ പരിണമിച്ചു എന്നതിനെക്കുറിച്ച്‌ പ്രത്യേകം പഠിക്കാന്‍ ഒരു മാര്‍ഗമുണ്ട്‌. എല്ലാ അവയവും രൂപപ്പെട്ടതിനു പിന്നില്‍ ഒരു ദൗത്യമുണ്ടാകണം. ആ ദൗത്യം കണ്ടെത്താന്‍ ശാസ്‌ത്രജ്‌ഞര്‍ക്കു കഴിഞ്ഞില്ല എന്നതാണു സത്യം.
പിന്നീട്‌ പക്ഷികളും മൃഗങ്ങളുമായി താരതമ്യം ചെയ്‌താണ്‌ അതിന്റെ സാധ്യതകള്‍ ഗവേഷകര്‍ പറയുന്നത്‌. പുരുഷന്റെ താടിയിലെ ഭംഗി വര്‍ധിപ്പിക്കാനായി താടിയെല്ല്‌ പരിണമിച്ചതാകാം എന്ന രസകരമായ വാദം അതില്‍ ഉള്‍പ്പെടുന്നു. പാചകം ചെയ്യുന്നതിന്റെയും അതുണ്ടാക്കുന്ന മൃദുലമായ ഭക്ഷണത്തിന്റെയും ഒരു ഉപോത്‌പന്നമായി മുഖത്തിനു മാറ്റം സംഭവിച്ചതാകാം. ദുര്‍ബലമായ താടിയെല്ലിന്റെ പിന്‍വാങ്ങലില്‍ അവശേഷിച്ച പ്രവര്‍ത്തനരഹിതമായ മുഖഭാഗമായും അതിനെ ചിലര്‍ വിലയിരുത്തി.
നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളായ നിയാന്‍ഡര്‍ത്തല്‍സിന്‌ പോലും വലിപ്പമുള്ള താടിയെല്ലില്ല. അവരുടെ താടിക്ക്‌ ചിമ്പാന്‍സികളോടാണു സാമ്യം. ഹോമോ സാപ്പിയന്‍സുമായി അടുപ്പമുള്ള ഹോമോ ഇറക്‌ടസിനും നമ്മുടെ പോലെ താടിയില്ല.

മാത്യൂസ്‌ എം. ജോര്‍ജ്‌

Ads by Google
Monday 29 Dec 2025 12.25 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW