-->
പൗരത്വം അടക്കമുള്ള ആശങ്കകള്‍ക്കു പരിഹാരം എന്ന നിലയില്‍ കേരളം സ്വന്തം നേറ്റിവിറ്റി കാര്‍ഡ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഒരാള്‍ ജനിച്ചതും സ്‌ഥിരമായി താമസിക്കുന്നതും കേരളത്തിലാണെന്നു വ്യക്‌തമാക്കാന്‍ നിലവില്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിയമപ്രാബല്യമുള്ള രേഖയല്ല. എന്നിരിക്കെ, പല ആവശ്യങ്ങള്‍ക്കായി പലതവണ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട സ്‌ഥിതിയാണ് ജനങ്ങള്‍ക്കുള്ളത്. ഇതിനുപകരം സ്‌ഥിരമായും സംസ്‌ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റു സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതുമായ ആധികാരിക രേഖയായിരിക്കും പുതിയ കാര്‍ഡ് എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്തു ജീവിക്കുന്ന വ്യക്‌തി എന്നു തെളിയിക്കാന്‍ ഒരു സ്‌ഥിരം രേഖ ഉണ്ടാകുന്നതു ജനങ്ങളെ സംബന്ധിച്ച് ഉപകാരപ്രദമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഘട്ടങ്ങളിലെല്ലാം സ്‌ഥിരം കാര്‍ഡ് ഉപയോഗിക്കാമെന്നതാണ് സഹായകരമാകുന്നത്. രാജ്യത്ത് പൗരത്വരേഖ വിവാദം കത്തിനില്‍ക്കുന്ന വേളയിലാണു സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കമെന്നത് ഏറെ ശ്രദ്ധേയമാക്കുന്നു. നേറ്റിവിറ്റി കാര്‍ഡ് പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇതിനൊപ്പം ചേര്‍ത്തു വായിക്കാം. 'സ്വന്തം അസ്‌ഥിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസം അനുഭവിക്കേണ്ടിവരുന്ന ദുരവസ്‌ഥ ആശങ്കാജനകമാണ്. ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്ന ആളാണെന്നും സ്‌ഥിരതാമസം ഇവിടെയാണെന്നും ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ ആകണം. അതിനായി ആധികാരികവും നിയമപിന്‍ബലവുമുള്ള രേഖയാവും നേറ്റിവിറ്റി കാര്‍ഡ്. ഇതിന് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി നേരത്തെ പ്രഖ്യാപിച്ചിരുന്ന റവന്യു കാര്‍ഡുമായും ബന്ധമില്ല. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുടെ ആവശ്യവുമില്ല'. സര്‍ക്കാരിന്റെ നയവും കാഴ്‌ചപ്പാടും മുഖ്യമന്ത്രിയുടെ ഈ വാക്കുകളില്‍നിന്നു വ്യക്‌തം.
മുഖ്യമന്ത്രിയടക്കം ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കേരളം കൊണ്ടുവരുന്ന നേറ്റിവിറ്റി കാര്‍ഡ് അംഗീകൃത രേഖയായി കേന്ദ്രം അംഗീകരിക്കുമോ എന്നതാണു പ്രധാന സംശയം. പൗരത്വ നിയമത്തില്‍ ദേശീയ പൗര രജിസ്‌റ്റര്‍ (എന്‍.ആര്‍.സി), അതിന്റെ അടിസ്‌ഥാനത്തില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്‌ക്കു വ്യവസ്‌ഥയുണ്ട്. പൗരത്വ നിയമപ്രകാരം ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിലനില്‍ക്കേ കേരളത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് കേന്ദ്ര അംഗീകാരവും നിയമസാധുതയും ലഭിക്കുന്നതിലാണ് വ്യക്‌തത വരേണ്ടത്. കേരളത്തിലെ ജനങ്ങള്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള നീക്കത്തെ വിഘടനവാദ രാഷ്‌ട്രീയത്തിന്റെ ഉദാഹരണമായി കേന്ദ്രസര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബി.ജെ.പി. ആരോപിച്ചു കഴിഞ്ഞു.
നേറ്റിവിറ്റി കാര്‍ഡിനു നിയമപ്രാബല്യം നല്‍കുന്നതിനു വേണ്ടിയുള്ള കരട്, നിയമ വകുപ്പുമായി കൂടിയാലോചിച്ച് തയാറാക്കി മന്ത്രിസഭയുടെ പരിഗണനയ്‌ക്കു സമര്‍പ്പിക്കാന്‍ റവന്യു വകുപ്പിനെയാണ് മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്. എത്രയും വേഗം കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളത്. കൃത്യമായ അന്വേഷണം കൂടാതെ നേറ്റിവിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോട് റവന്യു വകുപ്പ് വിയോജിപ്പ് അറിയിച്ചതായാണു വിവരം. നേറ്റിവിറ്റി കാര്‍ഡ് വിതരണത്തിനു പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. വില്ലേജ് തലത്തില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി ഉടന്‍ വിതരണം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ലളിതമാണോ നേറ്റിവിറ്റി കാര്‍ഡ് എന്നതില്‍ ഇപ്പോള്‍ത്തന്നെ സംശയങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടു കഴിഞ്ഞു. സംസ്‌ഥാനത്തു സ്‌ഥിരതാമസക്കാരനാണോയെന്ന് അന്വേഷിച്ചു ബോധ്യപ്പെടാതെ വിതരണം നടത്തുന്നത് അപകടകരമായിരിക്കുമെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്ക് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.