-->
കൊച്ചി : റാബി സീസണിലെ കൃഷികള്‍ക്കായി കര്‍ഷകര്‍ ഒരുങ്ങുമ്പോള്‍ പ്രതിസന്ധിയായി രാസവളക്ഷാമം. യൂറിയ, ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി), പൊട്ടാഷ് എന്നിവയ്‌ക്കാണ് കടുത്ത ക്ഷാമം.
നിലവില്‍ രാജ്യത്ത് യൂറിയയ്‌ക്കും ഡി.എ.പിക്കും കരുതല്‍ ശേഖരം കുറഞ്ഞിട്ടുണ്ട്. യൂറിയ കരിഞ്ചന്തയിലേക്ക് കടത്തുന്നതും കൂടുന്നു. മിശ്രിത വളങ്ങളില്‍ അവിഭാജ്യ ഘടകമാണ് ഡി.എ.പി. ഇതിന്റെ കുറവു മൂലം പല മിശ്രിതവളങ്ങളും വിപണിയില്‍ ലഭ്യമല്ലാതായിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തിന്റെ യൂറിയശേഖരം 86.3 ലക്ഷം ടണ്‍ ഉണ്ടായിരുന്നത് നിലവില്‍ 37.2 ലക്ഷം ടണ്ണായി കുറഞ്ഞുപോയി. ഡി.എ.പി. ശേഖരം 15.8 ലക്ഷം ടണ്ണില്‍ നിന്ന് 13.9 ലക്ഷം ടണ്ണായും ഇടിഞ്ഞു. മിശ്രിത രാസവള ശേഖരം 47 ലക്ഷം ടണ്ണില്‍ നിന്ന് 38 ലക്ഷം ടണ്ണായും കുറഞ്ഞു. പൊട്ടാഷിന്റെ കരുതല്‍ ശേഖരം എട്ട് ലക്ഷത്തില്‍ നിന്ന് 6.3 ലക്ഷം ടണ്ണിലേക്ക് കുറഞ്ഞിട്ടുണ്ട്.
കേരളത്തിനു നടപ്പുസീസണില്‍ 43,180 ടണ്‍ യൂറിയയും 44,900 ടണ്‍ പൊട്ടാഷും 13,480 ടണ്‍ ഫോസ്‌ഫേറ്റ് വളവുമായി കേന്ദ്രം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ 18164 ടണ്‍ യൂറിയ, 23,803 ടണ്‍ പൊട്ടാഷ്, 888 ടണ്‍ ഫോസ്‌ഫേറ്റ് എന്നിങ്ങനെയാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് റാബി സീസണ്‍ വിളകള്‍ക്ക് വേണ്ടതിന്റെ 43% ആകുന്നുള്ളൂ.
ഏതാനും മാസം മുമ്പ് നെടുമ്പാശേരിയില്‍ കള്ളക്കടത്തിലൂടെ കൊണ്ടുവന്ന 450 ചാക്ക് യൂറിയ പിടികൂടിയ സംഭവമുണ്ടായി. പ്ലൈവുഡ് കമ്പനിയിലേക്ക് കടത്തിയ ലോഡായിരുന്നു ഇത്.
കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കിലാണ് യൂറിയ ലഭിക്കുന്നത്. 45 കിലോ ചാക്ക് യൂറിയ കര്‍ഷകര്‍ക്ക് നല്‍കുന്നത് 266 രൂപയ്‌ക്കാണ്. ഈ വിലക്കുറവാണ് കരിഞ്ചന്തക്കാരെ ആകര്‍ഷിക്കുന്നത്. സംസ്‌ഥാനത്തെ 3000 ഓളം വരുന്ന വളംവിതരണ കടകകളില്‍ 60 ശതമാനത്തിലും നിലവില്‍ വേണ്ടത്ര വളം സ്‌റ്റോക്കില്ല. കുട്ടനാട്ടില്‍ അടക്കം നെല്‍കൃഷി ആരംഭിക്കാനിരിക്കേയാണ് വളം ഇല്ലാതെ വരുന്നത്. പ്രധാന വളങ്ങള്‍ കിട്ടാതായപ്പോള്‍ കര്‍ഷകര്‍ വിപണിയിലുണ്ടായിരുന്ന മിശ്രിത വളങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചത്.