-->
മലയാളത്തില്‍ അതുവരെ റിലീസ് ചെയ്ത ത്രില്ലർ സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായി പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ദൃശ്യം. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ൽ സിനിമയുടെ രണ്ടാം ഭാഗമെത്തി. ആമസോൺ പ്രൈം വിഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. ചൈനീസ് ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം.
അതുകൊണ്ടു തന്നെ അന്നുമുതല്‍ പ്രേക്ഷകര്‍ ദൃശ്യം സീക്വലിനായി കാത്തിരിക്കുകയാണ്. സിനിമ ഉണ്ടാകുമെന്ന് മോഹന്‍ലാലും ജീത്തൂ ജോസഫും അണിയറപ്രവര്‍ത്തകരും അറിയച്ചതോടെ അതിന്റെ അപ്ഡേഷനുകള്‍ക്കായി ആരാധകര്‍ കാത്തിരുന്നു. ഈയടുത്ത് സിനിമയുടെ പാക്കപ്പ് അടക്കം മോഹന്‍ലാലും ദൃശ്യം ടീമും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആദ്യത്തെ രണ്ടു ഭാഗങ്ങളും പ്രേക്ഷകര്‍ വിചാരിച്ചതിലും മികച്ചതായതോടെ മൂന്നാമത്തെ ഭാഗവും ആകാംക്ഷയും കൗതുകവും കൂട്ടുമെന്നതില്‍ പ്രേക്ഷകര്‍ക്ക് ഒരു സംശയവുമില്ല. പ്രധാന കഥാപാത്രങ്ങളായ ജോർജ്ജ് കുട്ടിയും കുടുംബവും ഇനിയെന്തു ചെയ്യുമെന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ.
ഇപ്പോഴിതാ ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തൂ ജോസഫ്. ഒന്നാം ഭാഗത്തിന്റെ പാറ്റേണില്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും കുറച്ചു കൂടി ഇമോഷണലാണെന്നും പറയുകയാണ് ജീത്തൂ.
‘‘ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണല്‍ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തില്‍ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങള്‍ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങള്‍ നിലനിർത്തുന്നുണ്ട്. ഇല്ലെങ്കില്‍ കാര്യമുണ്ടാകില്ല. അതിനുള്ള ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്റെ എഫർട്ട്. രണ്ടാം ഭാഗത്തില്‍ ഒരു നരേറ്റിവ് പാറ്റേണ്‍ ഉണ്ടായിരുന്നു എന്നാല്‍ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേണില്‍ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കില്‍ പറയാം...’’ ജീത്തു ജോസഫ് പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇത് പറഞ്ഞത്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.