-->
ലോകമെമ്പാടും ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം പ്രധാനമായും അവരുടെ സ്വയം നിര്‍ണയാവകാശത്തെയും ഭൂമിയുടെ മേലുള്ള അവകാശത്തെയും അംഗീകരിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപനങ്ങള്‍ പോലുള്ള രാജ്യാന്തര നിയമങ്ങള്‍ വഴി അവരുടെ തനത് സംസ്‌കാരം, ഭാഷ, പരമ്പരാഗത അറിവുകള്‍ എന്നിവ സംരക്ഷിക്കാന്‍ പൊതുസമൂഹം ശ്രമിക്കുന്നു. ആധുനിക രീതികള്‍ അടിച്ചേല്‍പ്പിക്കാതെ, അവരുടെ വാസസ്‌ഥലങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ അനാവശ്യമായ ഇടപെടലുകള്‍ നിയന്ത്രിച്ചും, അവര്‍ക്ക് ആവശ്യമായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ അവരുടെ സംസ്‌കാരത്തിന് ഇണങ്ങുന്ന രീതിയില്‍ മാത്രം ലഭ്യമാക്കിയുമാണ് ഈ സംരക്ഷണം ഉറപ്പാക്കുന്നത്; അവരെ നിര്‍ബന്ധിതമായി 'പരിഷ്‌കരിക്കാന്‍' ശ്രമിക്കാതെ, അവരുടെ തനതായ രീതിയില്‍ തന്നെ അന്തസ്സോടെ ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് ആധുനിക ലോകം സ്വീകരിക്കുന്ന ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം.
ഇന്ത്യയില്‍ ആദിവാസികളോടുള്ള സമീപനം ശക്‌തമായ നിയമപരിരക്ഷയും എന്നാല്‍ പ്രായോഗികമായ അവഗണനയും ഇടകലര്‍ന്ന സങ്കീര്‍ണമായ ഒരവസ്‌ഥയാണ്. ഭരണഘടനാപരമായി പ്രത്യേക പരിഗണനയും, വനാവകാശ നിയമം പോലുള്ള ശക്‌തമായ നിയമങ്ങളും, ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍ സംവരണവും നല്‍കി സര്‍ക്കാര്‍ അവരെ ശാക്‌തീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, യാഥാര്‍ത്ഥ്യം പലപ്പോഴും വേദനാജനകമാണ്. 'മുഖ്യധാരയിലേക്ക്' കൊണ്ടുവരിക എന്ന പേരില്‍ അവരുടെ തനത് സംസ്‌കാരത്തെയും ജീവിതരീതിയെയും തള്ളിപ്പറയുന്ന സമീപനമാണ് പലപ്പോഴും പൊതുസമൂഹം സ്വീകരിക്കുന്നത്.
കേരളത്തിലെ ആദിവാസി വിഭാഗമായ ചോലനായ്‌ക്കര്‍ക്ക് ഒരു പ്രത്യേകതയുണ്ട്; ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അവശേഷിക്കുന്ന ഏക ഗുഹാവാസികളാണ് അവര്‍. ജനസംഖ്യ നിലവില്‍ 470ല്‍ താഴെ മാത്രം. പുറംലോകവുമായി സമ്പര്‍ക്കം വളരെ കുറവായിരുന്നു. പക്ഷേ, കാലം മാറിയതോടെ അവര്‍ക്ക് പൂര്‍ണമായും പുറംലോകവുമായി വിട്ടു നില്‍ക്കാനായില്ല. അത് ഇപ്പോള്‍ ചോലനായ്‌ക്കരുടെ സാമൂഹിക ജീവിതത്തില്‍ ഗുരുതരമായ മാറ്റങ്ങള്‍ വരുത്തുകയാണ്. ഇതുവരെ നടക്കാത്തതു പലതും ഇപ്പോള്‍ ചോലനായ്‌ക്ക കുടികളില്‍ അരങ്ങേറുന്നു.
70 വയസുകാരന്‍ വിവാഹം ചെയ്‌തത്
14 വയസുകാരിയായ കൊച്ചുമകളെ
നിലമ്പൂരിലെ ജില്ലാശുപത്രിയില്‍ അമിത രക്‌തസ്രാവവുമായി എത്തിയ പെണ്‍കുട്ടിയുടെ കഥ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഈ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഭര്‍ത്താവ് 70 വയസുള്ള മുത്തച്‌ഛന്‍!. ഗര്‍ഭം അലസിപ്പിക്കാനായി 'ഭര്‍ത്താവ്' വയറ്റില്‍ അതിശക്‌തമായി അടിച്ചതായിരുന്നു രക്‌തസ്രാവത്തിനു കാരണം. ഗര്‍ഭം അലസിയതിനെത്തുടര്‍ന്ന് രക്‌തംവാര്‍ന്ന് അവശയായ പെണ്‍കുട്ടിയെ കരുളായി കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരും വനം വകുപ്പധികൃതരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്‌ഥ മൂലം അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കേണ്ടി വന്നു.
മനസ്സ് മരവിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു പെണ്‍കുട്ടിക്കു പറയാനുണ്ടായിരുന്നത്. 14-ാം വയസിലായിരുന്നു വിവാഹം. 15 വയസായപ്പോള്‍ ആദ്യം ഗര്‍ഭിണിയായി. ആ കുഞ്ഞിനെ ഭര്‍ത്താവായ നരാധമന്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ അതിശക്‌തമായി അടിച്ച് കൊലപ്പെടുത്തി. കുഞ്ഞിന്റെ മൃതദേഹം കാട്ടില്‍തന്നെ കുഴിച്ചുമൂടി. സംഭവം പുറംലോകം അറിഞ്ഞില്ല. രണ്ടാം തവണയും ഇതുതന്നെ വൃദ്ധന്‍ ആവര്‍ത്തിക്കുകയായിരുന്നു. ഡോക്‌ടര്‍മാര്‍ പരാതി നല്‍കിയതോടെ വൃദ്ധഭര്‍ത്താവിനെ പോക്‌സോ കേസ് ചുമത്തി അറസ്‌റ്റ് ചെയ്‌തു.
കരുളായിയില്‍നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് ഇവരുടെ നാഗമല. വാഹനം എത്തുന്നിടത്തുനിന്നും അഞ്ചു കിലോമീറ്ററോളം കാല്‍നടയായി കുത്തനെയുള്ള കയറ്റം കയറിയാണ് അധികൃതര്‍ ഇവരുടെ താമസസ്‌ഥലത്തെത്തിയത്. കരുളായി കുടുംബാരോഗ്യകേന്ദ്രം അസിസ്‌റ്റന്റ് സര്‍ജന്‍ ഡോ. ബ്രിജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ സുജിത്ത് കുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് അശ്വതി, എം.എല്‍.എച്ച്.പി. ഗീതു ലക്ഷ്‌മി, സന്തോഷ് എന്നീ ആരോഗ്യപ്രവര്‍ത്തകരും ബീറ്റ് ഫോറസ്‌റ്റ് ഓഫീസര്‍മാരായ രമേഷ്, സുധാകരന്‍, സജിത, വാച്ചര്‍ ചാത്തന്‍ പാണപ്പുഴ, വി.പി. സിനാന്‍ എന്നീ വനംവകുപ്പ് അധികൃതരും ഐ.ടി.ഡി.പി. പ്രമോട്ടര്‍മാരായ സുനു, സജിത്ത് എന്നിവരുമാണ് പോലീസിന്റെ സുരക്ഷയോടെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവ് അറസ്‌റ്റിലായതോടെ പെണ്‍കുട്ടിയെ മഹിളസമഖ്യ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ തവനൂര്‍ അഗതി മന്ദിരത്തിലേക്കു മാറ്റി. നിലവില്‍ പെണ്‍കുട്ടി ഇവിടെയാണു കഴിയുന്നത്.
12-ാം വയസ്സില്‍ വിവാഹവും
പിറ്റേ വര്‍ഷം പ്രസവവും
പന്ത്രണ്ടാം വയസില്‍ വിവാഹിതയായ പൂച്ചപ്പാറ കോളനിയിലെ ബാലിക പിറ്റേവര്‍ഷം അമ്മയുമായി. പ്രസവത്തിനായാണ് ആദ്യമായി ഇവര്‍ കാടുവിട്ടിറങ്ങിയത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോള്‍ ഗര്‍ഭത്തില്‍ ചില സങ്കീര്‍ണതകള്‍ കണ്ടെത്തി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പ്രസവ ശസ്‌ത്രക്രിയ നടത്തി.
തുടര്‍പരിചരണത്തിനായി പിറ്റേന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കുതന്നെ മാറ്റി. എന്നാല്‍, അന്നേക്കന്ന് ആരുമറിയാതെ കുഞ്ഞുമായി അവള്‍ കാടുകയറി. കുഞ്ഞിനെയെടുത്ത് ഓടിപ്പോകുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. മാഞ്ചീരി കോളനിയില്‍നിന്ന് ഇവരുടെ ഊരായ പൂച്ചപ്പാറയിലെത്താന്‍ കാട്ടിലൂടെ അഞ്ചുമണിക്കൂര്‍ നടക്കണം. പ്രസവവിവരം അറിഞ്ഞപ്പോള്‍ മാത്രമാണ് ഈ ശൈശവവിവാഹവും അധികൃതര്‍ അറിഞ്ഞത്.
നാലില്‍ പഠനംനിര്‍ത്തി;
പിന്നെ വിവാഹം
നാലാം ക്ലാസില്‍നിന്നും അഞ്ചാംക്ലാസില്‍നിന്നും പഠനം നിര്‍ത്തി ഊരില്‍ തിരിച്ചെത്തിയ മാഞ്ചീരിയിലെ രണ്ട് ചോലനായ്‌ക്ക പെണ്‍കുട്ടികള്‍ മാസങ്ങള്‍ക്കുള്ളില്‍ വിവാഹിതരായി. മാഞ്ചീരി മേഖലയിലുള്ള ഈ ചോലനായ്‌ക്ക പെണ്‍കുട്ടികള്‍ ഹോസ്‌റ്റലിലും നല്ല സുഹൃത്തുക്കളായിരുന്നു. വീട്ടുകാര്‍ക്ക് ഇരുവരേയും സ്‌കൂളില്‍ വിടുന്നതിന് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് പുറംലോക ജീവിതവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അധ്യാപകരുടേയും വീട്ടുകാരുടേയും നിര്‍ബന്ധത്തിന് വഴങ്ങിക്കൊടുക്കുക എന്നതല്ലാതെ കുട്ടികള്‍ പഠനത്തോട് താല്‍പര്യം കാണിച്ചതേയില്ല. ഇരുവരും അവധിക്ക് ഊരിലെത്തിയപ്പോള്‍ തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. മാതാപിതാക്കളുമായും ഊരുമായും കുട്ടികള്‍ക്ക് കൂടുതല്‍ കാലം പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അവസ്‌ഥയായിരുന്നു. തുടര്‍ന്നു പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഊരിലെ ആചാരപ്രകാരം ഇരുവരുടേയും വിവാഹം നടത്തി. ഇപ്പോള്‍ ഭര്‍ത്താക്കാന്‍മാര്‍ക്കൊപ്പം കഴിഞ്ഞുവരുന്നു.
മാറിവരുന്ന ശീലങ്ങള്‍
മുന്‍കാലങ്ങളില്‍ ചോലനായ്‌ക്ക സ്‌ത്രീകള്‍ പ്രസവിച്ചാല്‍ അമ്മയേയും കുഞ്ഞിനേയും താമസ സ്‌ഥലത്തിന്റെ 15മീറ്റര്‍ ചുറ്റളവില്‍ പ്രത്യേക കുടിമനയുണ്ടാക്കി അവിടെയാണ് പാര്‍പ്പിച്ചിരുന്നത്. ഭക്ഷണവും വസ്‌ത്രവും ഉള്‍പ്പെടെ എല്ലാവസ്‌തുക്കളും അവിടെ എത്തിച്ചുകൊടുക്കാറാണ് പതിവ്. 40 ദിവസം കഴിയാതെ അവര്‍ അവിടെ നിന്നും പുറത്തിറങ്ങില്ല. ഊരിലെ ഒരു മുതിര്‍ന്ന സ്‌ത്രീയും ഇവരുടെ സഹായത്തിനായി എത്തും. ഇലകള്‍ക്കൊണ്ടു മറച്ചു പ്രത്യേക രീതിയിലാണ് കുടിമനയുണ്ടാക്കിയിരുന്നത്. എന്നാല്‍ ഈ ആചാരം ഇന്നു തുടര്‍ന്നു വരുന്നില്ല.
കുപ്പിപ്പാലിനേക്കുറിച്ച് കേട്ടിട്ടില്ലാതിരുന്ന ഇവര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത് അമ്മയുടെ മുലപ്പാലിനേക്കാള്‍ കുട്ടിയുടെ ആരോഗ്യത്തിന് നല്ലത് കുപ്പിപാലാണെന്നാണ്. ഇതുകൊണ്ടുതന്നെ പ്രസവിച്ച ഉടന്‍തന്നെ കുഞ്ഞിന് കുപ്പിപ്പാല്‍ കൊടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മുലപ്പാലിനേക്കാള്‍ അമൃത് മറ്റൊന്നുമില്ലെന്ന് പല തവണ ഡോക്‌ടര്‍മാര്‍ പറഞ്ഞിട്ടും ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.
(തുടരും)ന്റ