-->
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സമ്മാനിച്ച വിജയത്തിന്റെ തിളക്കം നിലനിര്‍ത്തുന്നതില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക് എത്രമാത്രം കഴിഞ്ഞു എന്നു സ്വയം വിലയിരുത്തുന്നതു നന്നായിരിക്കും. സംസ്‌ഥാനത്തെ ആറു കോര്‍പ്പറേഷനുകള്‍ ആരു ഭരിക്കും എന്നതായിരുന്നു തെരഞ്ഞെടുപ്പുകാലത്തെ ഏറ്റവും വാശിയേറിയ ചോദ്യം. ചരിത്രത്തിലാദ്യമായി തലസ്‌ഥാനജനത ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്‌ക്ക് അനുകൂലമായി വിധിയെഴുതിയപ്പോള്‍ കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫും കോഴിക്കോട് മാത്രം എല്‍.ഡി.എഫിന്റേയും വിജയപതാക ഉയര്‍ന്നു. എന്നാല്‍, വിജയാഹ്‌ളാദം അവസാനിക്കുന്നതിനുമുമ്പേ മേയര്‍ ആരാകണമെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളും അനിശ്‌ചിതത്വവും പല വിജയങ്ങളുടേയും മാറ്റുകുറച്ചു. എന്നുമാത്രമല്ല, അനുകൂലമായി വോട്ട് ചെയ്‌തവരെ നിരാശപ്പെടുത്തിയിട്ടുമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായുള്ള നിര്‍ണായക 'സെമിഫൈനല്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തിനു ശേഷമുണ്ടായ അസ്വാരസ്യങ്ങള്‍ മുന്നണികളുടെ ഭാവിസാധ്യതകളെയടക്കം സ്വാധീനിക്കാന്‍ ശക്‌തവുമാണ്.
തിരുവനന്തപുരത്ത് എന്‍.ഡി.എ. അധികാരം ഉറപ്പിച്ചതോടെ സംസ്‌ഥാനത്തെ ആദ്യ വനിതാ ഡി.ജി.പി. ആയിരുന്ന ആര്‍. ശ്രീലേഖ മേയറാകുമെന്ന് പലരും കണക്കുകൂട്ടിയിരുന്നു. ശ്രീലേഖയെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്‌തമായി എതിര്‍ത്തതോടെയാണ് അവസാന നിമിഷം ട്വിസറ്റ് സംഭവിച്ച് സംഘടനാ പ്രവര്‍ത്തനത്തില്‍ പരിചയ സമ്പന്നനായ വി.വി. രാജേഷ് മേയര്‍ സ്‌ഥാനത്തേക്ക് ഉയര്‍ന്നത്. വി. മുരളീധരപക്ഷത്തിന്റെ നിലപാടാണ് രാജേഷിനു തുണയായതെന്നു റിപ്പോര്‍ട്ടുകളുണ്ടായി. പാര്‍ട്ടിക്കുള്ളിലെ നേരിയ അസ്വസ്‌ഥതകള്‍ പോലും തലസ്‌ഥാന ജില്ലയില നിയമസഭാ മണ്ഡലങ്ങളില്‍ പ്രതീക്ഷ പുലര്‍ത്തുന്ന ബി.ജെ.പിക്കു വലിയ തിരിച്ചടിയാകാം.
കൊച്ചിയിലും തൃശൂരിലും മാത്രമല്ല എല്‍.ഡി.എഫിനെ ഞെട്ടിച്ചു നേടിയ കൊല്ലത്തും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പില്‍ കല്ലുകടി ഒഴിവാക്കാന്‍ യു.ഡി.എഫിന് ആയില്ല. ആരു മേയറാകണം എന്നതായിരുന്നു കൊച്ചിയിലും തൃശൂരും പ്രശ്‌നമെങ്കില്‍ ഡെപ്യൂട്ടി മേയര്‍ പദവിയെ ചൊല്ലിയാണ് കൊല്ലത്ത് യു.ഡി.എഫില്‍ തര്‍ക്കം ഉണ്ടായത്. കൊച്ചിയില്‍ മേയറാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസിനു സ്‌ഥാനം നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും ശക്‌തമായെന്നാണു പുറത്തുവരുന്ന വിവരം. മേയര്‍സ്‌ഥാനം ദീപ്‌തി ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തെറ്റുപറയാനാകില്ലെന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണത്തില്‍ വിമര്‍ശനവും പ്രതിഷേധവുമാണുള്ളത്. ദീപ്‌തിയുടെ അധ്വാനം പാര്‍ട്ടി അവഗണിച്ചുവെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. തുറന്നടിക്കുകയുണ്ടായി. കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണയില്ലെന്നാണു ദീപ്‌തിയെ തഴഞ്ഞതിനു പാര്‍ട്ടി പറഞ്ഞ ന്യായം. എന്നാല്‍, സാമുദായിക സമവാക്യങ്ങളാണ് കൊച്ചിയില്‍ ദീപ്‌തിക്ക് തിരിച്ചടിയാതെന്നത് എല്ലാവര്‍ക്കും അറിയാം. പ്രവര്‍ത്തന പാരമ്പര്യം, പാര്‍ട്ടി മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം ഒരേസമയം ദീപ്‌തിയുടെ കാര്യത്തില്‍ അവഗണിക്കപ്പെട്ടു എന്നതാകും അണികളെ ചിന്തിപ്പിക്കുന്ന കാര്യം. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്‌ട്രീയത്തിനെതിരേ രാജ്യവ്യാപകമായി പറയുന്ന കോണ്‍ഗ്രസിനു സമുദായങ്ങളെ പ്രീണിപ്പെടുത്താതെ കേവലമൊരു മേയറെപ്പോലും തെരഞ്ഞെടുക്കാന്‍ ആര്‍ജവമോ കരുത്തോ ഇല്ലെന്ന ആക്ഷേപത്തിലേക്കും പ്രചാരണത്തിലേക്കുമാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
തൃശൂരിലെ മേയര്‍തര്‍ക്കം കൂടുതല്‍ രൂക്ഷമായ വാക്‌പോരിലേക്കും മാനക്കേടിലേക്കും കോണ്‍ഗ്രസിനെ തള്ളിവിട്ടു. കോര്‍പ്പറേഷനിലേക്കു നാലാം തവണയും വിജയിച്ച ലാലി ജെയിംസിനുവേണ്ടി കൗണ്‍സിലര്‍മാരും ഡോ.നിജി ജസ്‌റ്റിനുവേണ്ടി കോണ്‍ഗ്രസ് നേതൃത്വവും കളത്തിലിറങ്ങി. ഇവിടേയും നേതൃത്വത്തിന്റെ ഇംഗിതത്തിനൊപ്പം തന്നെയാണ് കാര്യങ്ങള്‍ നീങ്ങിയത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് പാര്‍ട്ടിക്കെതിരേ ലാലി നടത്തിയത്. ഗ്രൂപ്പ്, സമുദായം എന്നിങ്ങനെയുള്ള സമവാക്യത്തെച്ചൊല്ലി നടക്കുന്ന തര്‍ക്കങ്ങളും വെട്ടിനിരത്തലും ഒത്തുതീര്‍പ്പുകളും യു.ഡി.എഫിന്റെ ശീലമാണ്. നിയമസഭയിലേക്കും യു.ഡി.എഫിനെ ജയിപ്പിച്ചാല്‍ ഇതൊക്കെ വീണ്ടും കാണേണ്ടിവരുമെന്നു നിഷ്‌പക്ഷവോട്ടര്‍മാരെക്കൊണ്ടു പറയിക്കാന്‍ ഏതായാലും കോണ്‍ഗ്രസിനായി. തങ്ങളുടേത് ജനാധിപത്യ പാര്‍ട്ടിയാണെന്നും അതുകൊണ്ടുതന്നെ എതിര്‍സ്വരങ്ങളെ മാനിക്കുന്നുവെന്നുമുള്ള സ്‌ഥിരം മറുപടിയാകും ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ കോണ്‍ഗ്രസ് നേതൃത്വത്തിന്റേത്. എന്നാല്‍, ഇതിനെയൊരു മേന്മയായല്ല കോണ്‍ഗ്രസിന്റെ പോരായ്‌മയും വീഴ്‌ചയുമായാണു ജനം കാണുന്നത് എന്നതാണ് സത്യം. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം സ്‌ഥാനമാനങ്ങള്‍ വീതംവയ്‌ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കു മുമ്പാകെ വീണ്ടും തുറന്നുകാട്ടിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടയില്‍ ഇത്തരം വീഴ്‌ചകള്‍ പാടില്ലായിരുന്നു.