-->
ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ്. കുടുംബത്തിനൊപ്പം യാത്രകള്‍ ചെയ്തും ഭക്ഷണം കഴിച്ചും സമയം ചെലവഴിച്ചും ഈ ക്രിസ്മസ് ദിനങ്ങള്‍ ആഘോഷിക്കുകയാണ് എല്ലാവരും. വെള്ളിത്തിരയിലെ സെലിബ്രിറ്റികളും തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റി വച്ച് ക്രിസ്മസ് കുടുംബത്തിനൊപ്പം സെലിബ്രേറ്റ് ചെയ്യുകയാണ്. സെലിബ്രിറ്റികളുടെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഇപ്പോഴിതാ തന്റെ ക്രിസ്മസ് ആഘോഷചിത്രങ്ങള്‍ പങ്കിടുകയാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഭര്‍ത്താവും സംവിധായകന്‍ വിഘ്നേഷിനും ഇരക്കുട്ടികളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് നയന്‍സ് പങ്കിട്ടിരിക്കുന്നത്. ക്രിസ്മസ് ട്രീയ്ക്ക് മുന്നില്‍ നാലുപേരും നില്‍ക്കുന്നതും മക്കള്‍ക്കൊപ്പം നിമിഷങ്ങള്‍ ആസ്വദിക്കുന്നതുമായ ചിത്രങ്ങളായ നയന്‍സ് പങ്കിട്ട ആല്‍ബത്തിലുള്ളത്. ‘‘ക്രിസ്മസ് ആശംസകൾ...
നിങ്ങളുടെ ദിവസം സ്നേഹത്താലും, ഊഷ്മളതയാലും, നിങ്ങളുടെ ഹൃദയത്തെ പുഞ്ചിരിപ്പിക്കുന്ന ചെറിയ നിമിഷങ്ങളാലും നിറഞ്ഞതാകട്ടെ...നിങ്ങൾ ചുറ്റുമുള്ളവർക്ക് നൽകുന്ന സ്നേഹം പോലെ, സമാധാനപരവും, വ്യക്തിപരവും, ശരിക്കും സവിശേഷവുമായ ഒരു ക്രിസ്മസ് ആശംസിക്കുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നയന്‍താരയുടെ ക്രിസ്മസ് ആശംസകള്‍. നയന്‍സിന്റെ സ്നേഹത്തില്‍ ചാലിച്ച ആശംസകളും സ്നേഹവും ആരാധകര്‍ ഏറ്റെടുക്കുന്നുമുണ്ട്.
നയന്‍താരയ്ക്കും ക്രിസ്മസിനും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. ഡയാന മറിയം കുര്യനില്‍ നിന്ന് നയന്‍താരയിലേക്കുള്ള ദൂരം താരം കടന്നെത്തിയത് ഒരു ക്രിസ്മസിനാണ്. നയന്‍താര എന്ന അഭിനേത്രിയെ ഒരു ക്രിസ്തുമസ് ദിനത്തിലാണ് ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെ സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ചത്. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടെത്തി കരിയര്‍ തുടങ്ങിയ നയന്‍താര ഇന്ന് ലേഡീ സൂപ്പര്‍സ്റ്റാറായി തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ അടക്കി വാഴുകയാണ്.