-->
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറെന്ന പദവി അഭിനയ മികവിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും നയൻതാര നേടിയെടുത്തതാണ്. താരത്തിന്റെ പ്രണയവും സംവിധായകനായ വിഘ്‌നേഷ് ശിവാനുമായിട്ടുള്ള വിവാഹവും പിന്നീട് സറോഗസിയിലൂടെ ഇവർ രണ്ടാളും ഇരട്ട കുട്ടികളുടെ മാതാ പിതാക്കളായതും ആരാധകർ ആഘോഷിച്ചതാണ്.
ഇപ്പോഴിതാ ജൂണ്‍ 9 ന് തന്റെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന സന്തോഷം പങ്കിടുകയാണ് നയൻതാര. ഭർത്താവ് വിഘ്നേഷ് ശിവന് ഹൃദയസ്പർശിയായ സന്ദേശവും പ്രണയ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
"ആരാണ് മറ്റൊരാളെ കൂടുതല്‍ സ്നേഹിക്കുന്നതെന്ന് നിങ്ങള്‍ പലപ്പോഴും ചിന്തിച്ചേക്കാം, നിങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കണ്ടെത്താതിരിക്കട്ടെ. ഞങ്ങളെ എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്.
ഞങ്ങൾ രണ്ടുപേരിൽ നിന്ന് നാലുപേരിലേക്കെത്തി, ഇതില്‍പരം എനിക്കെന്ത് വേണം... പ്രണയം, സ്നേഹം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതന്നു...പാര്‍ട്ണര്‍. എപ്പോഴും, എന്നേക്കും നിന്നെ സ്നേഹിക്കുന്നു..." എന്നാണ് നയൻതാര കുറിച്ചത്.
കാഷ്വൽ ഡ്രെസ്സിൽ നയൻതാരയും വിഘ്‌നേഷും ഒരുമിച്ച് ഒരു മഴക്കാല ഔട്ടിംഗ് ചിത്രങ്ങളാണ് പോസ്റ്റിൽ. പരസ്പരം പുഞ്ചിരിക്കുന്നതും ആലിംഗനം ചെയ്യുന്നതും റസ്റ്ററന്റിലിരുന്ന് ഇരുവരും മക്കള്‍ക്കൊപ്പം കളിക്കുന്നതും ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്.
വിഘ്‌നേഷിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് നയൻതാര പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പും പ്രണയാര്‍ദ്രമായ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
2015-ല്‍ വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീടവർ പ്രണയത്തിലായി, 2022 ജൂണില്‍ വിവാഹിതരായി, 2022 സെപ്റ്റംബറില്‍ വാടക ഗർഭധാരണത്തിലൂടെ ഉയിർ ഉലക് എന്നീ ഇരട്ട ആണ്‍മക്കള്‍ ഇവര്‍ക്കുണ്ടായി.
നിലവില്‍ നയൻതാര മൂക്കുത്തി അമ്മൻ 2 ന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. എസ്. ശശികാന്ത് സംവിധാനം ചെയ്ത ടെസ്റ്റ് എന്ന ചിത്രത്തിലാണ് നയൻസ് അവസാനം അഭിനയിച്ചത്. ആർ. മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരും ഉണ്ടായിരുന്നു. ഷാരൂഖ്ഖാന്റെ ജവാൻ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. ചിത്രം വൻ ബോക്സ് ഓഫീസ് വിജയമായിരുന്നു.