-->
മൂന്ന് വര്‍ഷത്തെ യുദ്ധത്തിനുശേഷം ഗാസ മുനമ്പില്‍ ക്രിസ്‌മസ് ആഘോഷം. യുദ്ധത്തിന്റെ ഭീഷണിയില്ലാതെ, വെടിനിര്‍ത്തലിന്റെ ശാന്തയാണ് അവര്‍ക്ക് ക്രിസ്‌മസ് ആഘോഷിക്കാന്‍ അവസനം ഒരുക്കിയത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്‌റ്റ പിസബല്ല, ഗാസ സിറ്റിയിലെ ഹോളി ഫാമിലി പള്ളിയില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി. ആ ചടങ്ങില്‍ മാര്‍ക്കോ നാദര്‍ ഹബ്‌ഷി എന്ന കുഞ്ഞിന് അദ്ദേഹം മാമോദീസ നല്‍കുകയും ചെയ്‌തു.
'ഈ ആഘോഷം പൂര്‍ണമായ സന്തോഷത്തോടെയുള്ളതായിരിക്കില്ല, പക്ഷേ, അതു ജീവിതം പുനരുജ്‌ജീവിപ്പിക്കാനുള്ള ഒരു ശ്രമമാണ്'- ഗാസയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയായ എലിയാസ് അല്‍ജില്‍ദ (59) പറഞ്ഞു. മുമ്പ് ഗാസ നഗരം മുഴുവന്‍ ആഘോഷങ്ങളാല്‍ നിറഞ്ഞിരുന്നു. മുസ്ലീംകളും ക്രിസ്‌ത്യാനികളും ഒരുമിച്ച് ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. അതൊരു പ്രത്യേക അവസരമായിരുന്നു, ഞങ്ങള്‍ക്ക് സന്തോഷിക്കാനുള്ള ഒരവസരം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരിതങ്ങള്‍ക്കിടയില്‍ ആശ്വാസം എത്തിയെങ്കിലും, ലോകത്തിലെ ഏറ്റവും പുരാതന ക്രിസ്‌ത്യന്‍ സമൂഹങ്ങളില്‍ ഒന്നായ ഗാസയിലെ ക്രിസ്‌ത്യാനികള്‍ ഇതിനോടകം തന്നെ കൊഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍, ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ഈ ജനതയെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കുന്നു, യുദ്ധാനന്തര ദാരിദ്ര്യം കൂടുതല്‍ ആളുകളെ നാടുവിടാന്‍ പ്രേരിപ്പിക്കുമെന്ന് സഭാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗാസയിലെ മിക്ക പലസ്‌തീന്‍കാരെയും പോലെ, ക്രിസ്‌ത്യാനികളുടെയും 'വീടുകള്‍ തകര്‍ന്നു, അവരുടെ ബിസിനസുകള്‍ നശിച്ചു, അവരുടെ ജീവിത സാഹചര്യങ്ങള്‍ ദുഷ്‌കരമാണ്'- ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ സെബാസ്‌റ്റിയ അതിരൂപതയുടെ തലവന്‍ ആര്‍ച്ച്‌ബിഷപ് അതല്ല ഹന്ന പറഞ്ഞു. ഹന്നയുടെയും ഗാസയിലെ അറബ് ഓര്‍ത്തഡോക്‌സ് സഭയുടെ കൗണ്‍സിലില്‍ അംഗമായ ജില്‍ദയുടെയും അഭിപ്രായത്തില്‍, യുദ്ധത്തിനു മുമ്പ് ഏകദേശം 1000 ക്രിസ്‌ത്യാനികള്‍ ഗാസയില്‍ ഉണ്ടായിരുന്നു. ഗാസയിലെ ക്രിസ്‌ത്യന്‍ ജനസംഖ്യ ഇപ്പോള്‍ പകുതിയായി കുറഞ്ഞിരിക്കുന്നു.
ഗാസയിലെ ഇസ്രയേലി സൈനിക നടപടികള്‍ ക്രിസ്‌ത്യാനികളുടെ പലായനം വര്‍ധിപ്പിച്ചു. വിദേശത്തുള്ള ബന്ധുക്കളുടെ സഹായത്തോടെ അവര്‍ നാടുവിട്ടു. ഈ പലായനങ്ങളെ 'ജീവിക്കാനുള്ള ഒരു ശ്രമം' എന്നാണു ജില്‍ദ വിശേഷിപ്പിച്ചത്. ഗാസയില്‍ തുടര്‍ന്നവര്‍ 'അത്‌ഭുതകരമായി അതിജീവിച്ചവരാണ്' എന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ ക്രിസ്‌ത്യന്‍ സംഘടകളുടെ കണക്ക് അനുസരിച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കുറഞ്ഞത് 44 പലസ്‌തീന്‍ ക്രിസ്‌ത്യാനികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ പള്ളികള്‍ക്ക് നേരെ ഇസ്രായേല്‍ പലതവണ ആക്രമണം നടത്തി. വൈദ്യസഹായം ലഭിക്കാതെയും പോഷകാഹാരക്കുറവ് മൂലവും മരിച്ചവരുണ്ട്.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രയേലിന്റെ സൈനിക നടപടിയില്‍ 70,000 ലധികം പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. മരിച്ചരില്‍ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളുമാണ്. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏകദേശം 1200 പേര്‍ കൊല്ലപ്പെട്ടു, ഏകദേശം 250 പേരെ ബന്ദികളായി ഗാസയിലേക്ക് കൊണ്ടുപോയി.
ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച്, ഗാസയിലെ 21 ലക്ഷം താമസക്കാരില്‍ ഏകദേശം എല്ലാവരും കുടിയിറക്കപ്പെട്ടു. കൂടാതെ വീടുകള്‍, കൃഷിസ്‌ഥലങ്ങള്‍, അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവ തകര്‍ക്കപ്പെട്ടു.
സംഘര്‍ഷം കാരണം ഗാസയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്/കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ക്രിസ്‌ത്യാനികള്‍ അവരുടെ രണ്ട് പ്രധാന പള്ളികളില്‍ അഭയം തേടി. ഗാസ സിറ്റിയിലെ റിമാല്‍ പ്രദേശത്തുള്ള ഹോളി ഫാമിലി പള്ളിയിലാണു ഭൂരിഭാഗവും അഭയം തേടിയത്. കത്തോലിക്കാ പള്ളിയായ റിമാല്‍ കുടിയിറക്കപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ സൗകര്യമുള്ളതാണ്. മറ്റുള്ളവര്‍ ഏകദേശം 1.5 മൈല്‍ അകലെയുള്ള, 425ല്‍ സ്‌ഥാപിതമായ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫറിയസ് പള്ളിയില്‍ തങ്ങുന്നു.
ഗാസയില്‍ ക്രിസ്‌ത്യാനികള്‍ കുറവാണെങ്കിലും നിരവധി ദൈവശാസ്‌ത്രജ്‌ഞരെയും രാഷ്‌ട്രീയക്കാരെയും പണ്ഡിതന്മാരെയും സംഭാവന ചെയ്‌തിട്ടുണ്ട്. യേശുവും മറിയയും ജോസഫും ഈജിപ്‌തിലേക്കുള്ള യാത്രയില്‍ ഈ പ്രദേശത്തുകൂടി കടന്നുപോയതായി വിശ്വസിക്കപ്പെടുന്നു. പ്രദേശവാസിയായ അല്‍ഖൂരി പറയുന്നതനുസരിച്ച്, ഹോളി ഫാമിലി പള്ളിക്ക് ആ പേര്‍ ലഭിച്ചത് ഈ വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലാണ്.
യുദ്ധം തുടങ്ങി ഒരു മാസത്തിനുശേഷം ഗാസ സിറ്റിയിലെ ടെല്‍ അല്‍ഹവാ പ്രദേശത്തുള്ള അവരുടെ വീട് തകര്‍ന്നതിനെത്തുടര്‍ന്ന്, ജില്‍ദയും കുടുംബവും ഹോളി ഫാമിലി പള്ളിയില്‍ അഭയം തേടി. വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം, അവര്‍ നഗരത്തിലെ ഒരു വാടക വീട്ടിലേക്ക് മാറി, എന്നാല്‍ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ അവര്‍ ഇപ്പോഴും ശ്രമിക്കുന്നു. പുനര്‍നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാലും, ദുരിതമനുഭവിക്കുന്നവര്‍ താമസിക്കുന്ന ടെന്റുകളില്‍ തണുപ്പുകാലത്ത് വെള്ളം കയറുന്നതിനാലും, ഈ പ്രദേശത്തെ മിക്ക പലസ്‌തീന്‍ ക്രിസ്‌ത്യാനികളും ഇപ്പോഴും പള്ളികളില്‍ അഭയം തേടുന്നു.
1990കളില്‍ ഗാസയില്‍ വളര്‍ന്ന അല്‍ഖൂരിയെപ്പോലെ, ജില്‍ദയും ഗാസയിലെ ക്രിസ്‌ത്യന്‍ ജീവിതം അതിജീവനത്തെക്കുറിച്ച് മാത്രമായിരുന്നില്ലെന്ന് ഓര്‍ക്കുന്നു. 'ക്രിസ്‌ത്യന്‍, മുസ്ലീം ഉത്സവങ്ങളുടെ ആഘോഷങ്ങള്‍ പങ്കുവയ്‌ക്കപ്പെട്ടിരുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ പലസ്‌തീന്‍ ക്രിസ്‌ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കുമിടയില്‍ എപ്പോഴും ഒരു ഐക്യബോധം നിലനിന്നിരുന്നു: ഒരുമിച്ച് സ്‌കൂളില്‍ പോകുക, ഒരുമിച്ച് കളിക്കുക എന്നിങ്ങനെ ആ ബന്ധം വളര്‍ന്നു.
എന്നാല്‍ ഇസ്രയേലുമായുള്ള സമാധാന പ്രക്രിയ തകര്‍ന്നതിനാലും പലസ്‌തീന്‍ രാഷ്‌ട്രം എന്ന പ്രതീക്ഷ മങ്ങിയതിനാലും അവര്‍ക്കിടയില്‍ ഭിന്നത ഉയരുന്നുണ്ട്. ഗാസയില്‍ ഫത്തായെ തകര്‍ത്ത് ഹമാസ് അധികാരം പിടിച്ചതോടെയാണു ഭിന്നത കൂടിയത്. അതോടെ ക്രിസ്‌മസ് ആഘോഷങ്ങള്‍ ഏറെയും സ്വകാര്യവും ലളിതവുമായി മാറി.
എങ്കിലും നാട് വിടരുതെന്നാണു മതനേതാക്കള്‍ വിശ്വാസികളോട് പറയുന്നത്. കര്‍ദിനാള്‍ പിസബല്ല ദിവ്യബലി അര്‍പ്പിച്ചപ്പോള്‍, ഗാസയിലെ ക്രിസ്‌ത്യാനികളോട് പിടിച്ചുനില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു.
'നമ്മള്‍ അതിജീവിക്കാന്‍ മാത്രമല്ല, ജീവിതം പുനര്‍നിര്‍മിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്‌മസിന്റെ ആത്‌മാവ് പ്രകാശത്തിന്റെയും, മൃദുലതയുടെയും, സ്‌നേഹത്തിന്റെയുമാണ്. പലതും അസാധ്യമായി തോന്നാം, പക്ഷേ രണ്ട് വര്‍ഷത്തെ ഭീകരമായ യുദ്ധത്തിനു ശേഷം, നമ്മള്‍ ഇന്നും ഇവിടെയുണ്ട്'- അദ്ദേഹം പറഞ്ഞു.
പ്രത്യേക ലേഖകന്‍