Thursday, March 12, 2026 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 03.01 AM

വെളിച്ചം കേറാത്ത മനോദുരന്തങ്ങള്‍

uploads/news/2025/12/817564/25ed3.jpg

ഷോസ്സെ സരമാഹ്‌ഗു 1995-ല്‍ പോര്‍ച്ചുഗീസ്‌ ഭാഷയില്‍ എഴുതിയ നോവലാണ്‌ അന്ധത (ബൈ്ലന്‍ഡ്‌നെസ്‌). 1998-ല്‍ അദ്ദേഹത്തിനു സാഹിത്യത്തിനു നോബല്‍ സമ്മാനം ലഭിച്ചു.
ഒരു പട്ടണം മുഴുവന്‍ അന്ധതയുടെ വസന്ത ബാധിക്കുന്ന നോവല്‍. എല്ലാം വെളുത്തു കാണുന്നു, ഒന്നും കാണുന്നില്ല. സോദോമില്‍ ധര്‍മത്തിന്റെ അന്ധത ബാധിച്ച കഥ പറയുന്ന ബൈബിള്‍ പോലെ. പക്ഷേ, രണ്ടും നമ്മുടെ ലോകത്തിന്റെ കഥയാണ്‌. നോവലിസ്‌റ്റ്‌ തന്നെ നോവലിനെക്കുറിച്ച്‌ എഴുതി, സംസ്‌കാരത്തിന്റെ മുഖംമൂടി പോലും ഞാന്‍ കാണുന്നില്ല, അതാണ്‌ സമൂഹം. പട്ടിണിയും യുദ്ധവും ചൂഷണവും, നാം നരകത്തിലാണ്‌... നാം എന്താണ്‌ എന്നതിന്റെ ചിത്രമാണ്‌ നോവല്‍. വസന്ത ബാധിക്കുമ്പോള്‍ നാം മൃഗങ്ങളായി മാറുന്നു. നോവലിന്റെ അവസാനം കണ്ണുഡോക്‌ടറും അദ്ദേഹത്തിന്റെ കണ്ണു കാണുന്ന ഭാര്യയും തമ്മില്‍ സംഭാഷിക്കുന്നു. ഭാര്യ പറഞ്ഞു, 'ആളുകള്‍ അന്ധരായതല്ല, അവര്‍ അന്ധരാണ്‌'. അപ്പോള്‍ ഭര്‍ത്താവ്‌ പറഞ്ഞു, 'പക്ഷേ, അവര്‍ കാണുന്നു. കാണാന്‍ കഴിയുന്ന അന്ധര്‍, പക്ഷേ, അവര്‍ കാണുന്നില്ല. സാര്‍വത്രികമായ ഏതോ നുണ അവരെ ബാധിച്ചിരിക്കുന്നു.' തന്നെത്തന്നെ ആദരിക്കുന്നത്‌ അവസാനിപ്പിച്ചവര്‍ക്കു മറ്റു മനുഷ്യരെ ആദരിക്കാന്‍ കഴിയാതെയായി. അവര്‍ പരസ്‌പരം കടിച്ചു കീറുന്ന പട്ടികളായി. നോവലിന്റെ അവസാനം ഡോക്‌ടറുടെ ഭാര്യ അലഞ്ഞ്‌ ഒരു പള്ളിയില്‍ ചെന്നെത്തുന്നു. പള്ളിക്കകത്ത്‌ വസന്ത ബാധിച്ചവര്‍ പ്രാര്‍ഥിക്കുന്നു. പക്ഷേ, പള്ളിയിലെ എല്ലാ രൂപങ്ങളും മൂടപ്പെട്ടിരിക്കുന്നു. ആ രൂപങ്ങളുടെ കണ്ണുകള്‍ മൂടപ്പെട്ടു. അവര്‍ അന്ധരായി. മതത്തിന്റെ പോലും കാഴ്‌ചപോയ ദുരന്തം.
ആമുഖമായി ഈ കഥയെക്കുറിച്ച്‌ എഴുതിയത്‌, നമ്മുടെ നാടിന്‌ എന്തു പറ്റുന്നു എന്ന വ്യസനത്തിലാണ്‌. ധാര്‍മികമായി അന്ധത ബാധിച്ച ഒരു ജനമായി നാം മാറിയോ? നമ്മുടെ രാജ്യത്ത്‌ ഒരു സംസ്‌ഥാനത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു മുമ്പ്‌ 1.25 കോടി സ്‌ത്രീകള്‍ക്ക്‌ 10,000 രൂപ വച്ച്‌ ഭരിക്കുന്ന പാര്‍ട്ടി നല്‍കി. തെരഞ്ഞെടുപ്പിനു മുമ്പ്‌ നടന്ന വോട്ടു കച്ചവടം! പക്ഷേ, നടന്നതു നിയമാനുസൃതമായിരുന്നു. ഭരിക്കുന്നവരും പണം കിട്ടിയവരും ഇതു കണ്ടില്ല. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ സംഭാവന നല്‍കാന്‍ നിര്‍ദിഷ്‌ട ബാങ്കിന്റെ ഇലക്‌ടറല്‍ ബോണ്ടുകള്‍ വാങ്ങി നല്‍കിയാല്‍ മതി. അഴിമതി നിയമാനുസൃതമാക്കിയതു ഭരിക്കുന്നവര്‍! ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്നു ക്ഷേത്രഭരണാധികാരി എഴുതി. സ്വര്‍ണം അങ്ങനെ ചെമ്പായി! അല്ലെങ്കിലും അയ്യപ്പന്‌ എന്തിനാ സ്വര്‍ണം! ഇവിടെ ധര്‍മത്തിനു വല്ലതും പറ്റിയോ? ഒരു സിനിമാനടിയെ ഒരു വാടകസംഘം തട്ടിയെടുത്തു പീഡിപ്പിച്ചു. കോടതി തട്ടിയെടുത്തവരെ ശിക്ഷിച്ചു. അവരെ ആര്‍ വാടകയ്‌ക്ക്‌ എടുത്തു? അതു കോടതി കണ്ടോ? അവിടെയും ധര്‍മത്തിന്‌ എന്തുപറ്റി?
ലൈംഗികാതിക്രമ കേസുകള്‍ ഊതിവീര്‍പ്പിച്ചു നാട്ടില്‍ പാട്ടാക്കി ചിലര്‍ ചില ലക്ഷ്യങ്ങള്‍ നേടുന്നു. ധര്‍മത്തിന്റെ ലംഘനം പറഞ്ഞു സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നേടുന്നവര്‍. സാധാരണ പ്രേമങ്ങള്‍ പോലും സംശയത്തിന്റെ പേരില്‍ ക്രൂരമായ കൊലപാതകങ്ങള്‍ വ്യാപകമാകുന്നു. നമ്മുടെ നാടിന്റെ ധര്‍മം പോലും സ്വന്തം സ്വാര്‍ത്ഥതയുടെ ലക്ഷ്യത്തിനായുള്ള മുഖംമൂടിയാക്കുന്നു. പരസ്‌പരം നാം വെറുക്കുന്നു. പരസ്‌പരം ആദരിക്കാന്‍ നാം മറന്നിരിക്കുന്നു. അയല്‍ക്കാരുമായി സ്‌പര്‍ദയുടെ കിടമത്സരത്തിലാണ്‌ നാം. എല്ലാവരും സമന്മാരായി. സമന്മാര്‍ വൈരികളായി മാറി. സരമാഗുവിന്റെ നോവലിന്‌ ആമുഖമെഴുതിയ ഒരു സാഹിത്യചിന്തകന്‍ എഴുതി, ഇതു ഫാസിസത്തിന്റെ തിരിച്ചുവരവിന്റെ ഉപമയാണ്‌. നമ്മുടെ സമൂഹം വെറുപ്പ്‌ ദിനംപ്രതി ഭക്ഷിക്കുന്നവരും അതു സമൂഹമാധ്യമങ്ങളിലേക്കു സ്‌ഥിരം ഛര്‍ദിക്കുന്നവരുമായി.
നാം പ്രബുദ്ധരാണ്‌ എന്ന്‌ വേദികളില്‍ നിരന്തരം വിളിച്ചു പറയാറുണ്ട്‌. ശരിയാണ്‌, നാം വൈദ്യുതിയുടെ കെടാത്ത പ്രകാശത്തിലാണ്‌. പട്ടണങ്ങള്‍ രാത്രിയില്ലാത്ത പ്രകാശധോരണിയിലാണ്‌. വെളിച്ചത്തിന്‌ ഒരു കുറവുമില്ല. ക്രിസ്‌മസ്‌ തോരണങ്ങളും നക്ഷത്രവിളക്കുകളും കുറവില്ലാതെ പ്രകാശിക്കുന്നു. പക്ഷേ, നമ്മുടെ മനസുകള്‍ നന്മയുടെ പ്രകാശമുള്ളതാണോ? വെളിച്ചം നമ്മുടെ അകത്തു കടക്കുന്നുണ്ടോ? ബൈബിളിലെ ഒന്നാമത്തെ ഉല്‍പത്തി കഥയില്‍ ദൈവം ആദ്യം സൃഷ്‌ടിക്കുന്നതു വെളിച്ചമാണ്‌. അതിനു ശേഷമാണ്‌ സൂര്യനും ചന്ദ്രനും സൃഷ്‌ടിക്കപ്പെടുന്നത്‌. സൂര്യനും ചന്ദ്രനും മുമ്പ്‌ സൃഷ്‌ടിക്കപ്പെട്ട വെളിച്ചം എന്താണ്‌? ഗ്രീക്ക്‌ സഭാപിതാവായ ബസേലിയൂസ്‌ (സെന്റ്‌ ബേസില്‍ +379) അതിന്‌ ഉത്തരം നല്‍കി . അത്‌ വിളക്കിന്റെ പ്രകാശമല്ല, നമ്മുടെ ബോധത്തിന്റെ പ്രകാശമാണ്‌. എല്ലാ വിളക്കുകളും കെടുത്തിയാലും മനുഷ്യന്റെ ഉള്ളില്‍, ബോധത്തില്‍ വെളിവുണ്ട്‌. ഈ വെളിച്ചമാണ്‌ നമ്മെ പ്രബുദ്ധരാക്കുന്നത്‌. ഈ ബോധത്തിന്റെ തീരുമാനങ്ങളുടെ വെളിച്ചത്തിലാണ്‌ നാം നടക്കുന്നത്‌. അതാണ്‌ ധാര്‍മ്മിക വെളിച്ചം.
യേശു പിറന്നത്‌ ഈ ആന്തരിക വെളിച്ചത്തിനു വേണ്ടിയാണ്‌. അതു ധാര്‍മികമായ നിലപാടുകളുടെ പ്രബുദ്ധതയാണ്‌. നമ്മുടെ ബോധത്തില്‍ വെളിവ്‌ ഉണ്ട്‌. അതാണ്‌ മനുഷ്യനെ മനുഷ്യനാക്കുന്നത്‌. നന്മയുടെ വെളിച്ചം നമ്മിലുണ്ട്‌, മനഃസാക്ഷിയുടെ വെളിവ്‌. ആ വെളിവില്‍ ജീവിക്കുന്നതാണ്‌ സത്യസന്ധമായ ജീവിതം. ഞാന്‍ എന്റെ ഉള്ളിലെ വെളിവില്‍ വ്യാപരിക്കുന്നു. ഞാന്‍ എന്നോട്‌ നുണ പറയാതെ, കാപട്യം കാണിക്കാതെ ജീവിക്കുന്നു. അതാണ്‌ എന്നിലെ എന്റെ ധര്‍മസത്യം, സത്യസന്ധത, ആത്മാര്‍ത്ഥത. ഇവിടെയാണ്‌ സമൂഹത്തില്‍ നാം കപടരാകുന്നതും അഭിനയിക്കുന്നതും. നാം എല്ലാവരും സത്യം ചമഞ്ഞാണ്‌ നടക്കുന്നത്‌; നല്ലവരാണ്‌ എന്ന്‌ കാണിക്കുകയാണ്‌.
നമ്മുടെ കോടതികള്‍ ധര്‍മമാണോ പഠിപ്പിക്കുന്നത്‌. തെറ്റ്‌ ചെയ്‌തവരെ ശിക്ഷിച്ചതുകൊണ്ട്‌ ആളുകള്‍ നന്നാവുന്നുണ്ടോ? പോലീസ്‌ ധര്‍മം പഠിപ്പിക്കുന്നുണ്ടോ? ശിക്ഷാ നടപടികള്‍ ആരെയാണ്‌ നന്നാക്കുന്നത്‌? നമ്മുടെ ജയിലുകള്‍ കുറ്റവാളികളെ നന്നാക്കുന്നുണ്ടോ? കുറ്റവാളികളായി ചിലരെ ശിക്ഷിപ്പിക്കുന്നതു പ്രാകൃതമായ പകരം വീട്ടലല്ലേ? യേശു പഠിപ്പിച്ചതും മറ്റാരും പഠിപ്പിക്കാത്തതും ഒരേ ഒരു കാര്യമാണ്‌. ശത്രുവിനോട്‌ ക്ഷമിക്കുക. മനുഷ്യരുടെ നല്ല മനസിന്റെ പ്രകടനമാണ്‌ ക്ഷമ. ഈ നന്മയ്‌ക്കു മാത്രമേ സമൂഹത്തില്‍ നന്മയുണ്ടാക്കാന്‍ കഴിയുകയുള്ളൂ. ക്രിസ്‌തു ലോകത്തിനു നല്‍കി യ തനതു വെളിച്ചം നന്മയുടെ പേരില്‍ ശത്രുവിനെയും മിത്രമാക്കുന്ന നടപടിയാണ്‌. ചരിത്രത്തില്‍ നന്മയുടെ പുതിയ തുടക്കങ്ങള്‍ ഉണ്ടാക്കാന്‍ ക്ഷമയോളം കഴിവുള്ള ഒന്നുമില്ല. ഒരുവനോട്‌ ക്ഷമിക്കുമ്പോള്‍ അവന്‍ ചെയ്‌ത തെറ്റ്‌ ശരിയാണ്‌ എന്നല്ല പറയുന്നത്‌. തെറ്റ്‌ ചെയ്‌തവനു നല്ലവനാകാന്‍ കഴിയും എന്ന പ്രതീക്ഷയാണ്‌. തെറ്റു ചെയ്‌തവര്‍ക്കും പ്രതീക്ഷ കൊടുക്കാന്‍ കഴിയുന്ന നല്ല മനുഷ്യരാകുക.

റവ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Thursday 25 Dec 2025 03.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW