Wednesday, March 11, 2026 Last Updated 23 Min 28 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 25 Dec 2025 02.36 AM

'ഉലകനായകന്‍ ബാഹുബലി'; ഇന്ത്യയുടെ 'ബാഹുബലി' റോക്കറ്റ് ഏറ്റവും ഭാരമേറിയ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ചരിത്രമെഴുതി

uploads/news/2025/12/817557/Bahubali.jpg

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ 'ബാഹുബലി'. യു.എസിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് 6 നെയാണ് ബാഹുബലി' എന്നറിയപ്പെടുന്ന എല്‍.എം.വി 3 എം-6 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3) റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.
ഒരു ഇന്ത്യന്‍ ലോഞ്ചര്‍ വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡാണിത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നായിരുന്നു ബ്ലൂബേര്‍ഡ് 6 മായുള്ള ബാഹുബലിയുടെ കുതിപ്പ്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ടവര്‍ രഹിതമായി ബ്രോഡ്ബാന്‍ഡ് നേരിട്ടെത്തിക്കുകയാണ് യു.എസ്. ഉപഗ്രഹത്തിന്റെ ലക്ഷ്യം.
രണ്ട് 200 സോളിഡ് ബൂസ്റ്ററുകളുടെ പിന്തുണയുള്ള ബാഹുബലി റോക്കറ്റിന് 43.5 മീറ്റര്‍ ഉയരമുണ്ട്. സ്‌പേസ്‌പോര്‍ട്ടിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് ഇന്നലെ രാവിലെ 8:55 നാണ് റോക്കറ്റ് വിജയകരമായി കുതിച്ചത്. 15 മിനിറ്റ് പറന്നതിനുശേഷം ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 എന്ന ബഹിരാകാശ പേടകം റോക്കറ്റില്‍നിന്നു വേര്‍പിരിഞ്ഞ് ഭ്രമണപഥത്തിലെത്തി. 520 കിലോമീറ്ററോളം ഉയരത്തിലാണു ഭ്രമണപഥം.
ആശയവിനിമയ ഉപഗ്രഹത്തെ എല്‍.വി.എം 3 എം-6 കൃത്യമായും വിജയകരമായും ഭ്രമണപഥത്തിലെത്തിച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ പറഞ്ഞു.
ഇന്ത്യന്‍ ലോഞ്ചര്‍ ഉപയോഗിച്ച് ഇന്ത്യയില്‍നിന്ന് ഉയര്‍ത്തിയവയില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. എല്‍.വി.എം 3 ന്റെ മൂന്നാമത്തെ പൂര്‍ണ വാണിജ്യ ദൗത്യം കൂടിയാണിത്. ആഗോളതലത്തില്‍ വിക്ഷേപണ വാഹനത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണിതെന്നും ബാഹുബലി അതിന്റെ മികച്ച ട്രാക്ക് റെക്കോഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ ഒരു സുപ്രധാന കാല്‍വയ്‌പ്പെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ഷേപണത്തെ വിശേഷിപ്പിച്ചത്. ഭാരമേറിയ ഉപഗ്രഹമായ യു.എസിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത് ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ലാണ്. ഇത് ഇന്ത്യയുടെ ഹെവി ലിഫ്റ്റ് വിക്ഷേപണശേഷിയെ ശക്തിപ്പെടുത്തും. ആഗോള വാണിജ്യ വിക്ഷേപണ വിപണിയില്‍ നമ്മുടെ വളര്‍ച്ചയെ ഇത് അടയാളപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്ലൂബേര്‍ഡ് 6 ഉപഗ്രഹം സ്റ്റാന്‍ഡേര്‍ഡ് മൊബൈല്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് നേരിട്ട് ബഹിരാകാശ അധിഷ്ഠിത സെല്ലുലാര്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 ആശയവിനിമയ ഉപഗ്രഹങ്ങളുടെ അടുത്ത തലമുറയിലേക്കുള്ള കാല്‍വയ്പ്പാണിത്.
ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (എന്‍.എസ്.ഐ.എല്‍) യു.എസ് ആസ്ഥാനമായ എ.എസ്.ടി സ്‌പേസ് മൊബൈലും തമ്മില്‍ ഒപ്പുവച്ച വാണിജ്യക്കരാറിന്റെ ഭാഗമായാണു ദൗത്യം ഏറ്റെടുക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW