-->
ബോളിവുഡിന് എന്നും ഏറെ പ്രിയപ്പെട്ട താരമാണ് ഹൃത്വിക് റോഷന്‍. വര്‍ഷങ്ങള്‍ക്ക് മികച്ച അഭിനയവും ചടുലനൃത്തവും സൗന്ദര്യവുമൊക്കെ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം നേടിയ താരം ഇന്നും അതേ പകിട്ടോടെ ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. താരത്തിന്റെ സിനിമകള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്. ഹൃത്വിക്കിനോടുള്ള അതേ സ്നേഹം താരത്തിന്റെ മക്കളായ ഹ്രെഹാൻ റോഷനോടും ഹ്രിദാൻ റോഷനോടും ആരാധകര്‍ക്കുണ്ട്.
ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന കസിൻ ഇഷാൻ റോഷന്റെ വിവാഹ ആഘോഷങ്ങളിൽ ഹൃതിക് റോഷൻ മക്കളായ ഹ്രെഹാനും ഹ്രിദാനുമൊപ്പം ചെയ്ത നൃത്തം സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്. തന്റെ കാമുകി സബയ്ക്കും മക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന ഹൃത്വിക്കിനൊപ്പം, അനന്തരവളായ സുരാനിക സോണി, കസിൻ പശ്മിന റോഷൻ എന്നിവരും നൃത്തവേദിയിൽ ഉണ്ടായിരുന്നു.
ഇപ്പോഴിതാ അതേ ചടങ്ങില്‍ വച്ചെടുത്ത മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് സൂസൈന്‍ ഖാന്‍. അവർ തിളങ്ങുന്നത് കാണുമ്പോൾ തന്റെ ഹൃദയം അഭിമാനത്താൽ തുളുമ്പുന്നുവെന്നാണ് സൂസൈന്‍ കുറിച്ചത്. ‘‘ദ മാമാ ലയണസ്...എന്റെ മക്കള്‍ അഭിമാനത്തോടെ തിളങ്ങുന്നത് കണ്ട് എന്റെ ഹൃദയം തുടിക്കുന്നു... എന്റെ റേയും റിഡ്‌സയും.. ഇവിടെ നിന്ന് യുഗാന്ത്യം വരെ നിങ്ങൾ രണ്ടുപേരും എന്റെ ഏറ്റവും ധീരരായ നൈറ്റ്സാണ് ... നിങ്ങളെ എന്റേതെന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സൂസൈന്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ഹ്രെഹാനും ഹ്രിദാനും ഇരുവശത്തും സുസൈന്‍ നടുക്ക് നില്‍ക്കുന്നതുമാണ് ചിത്രങ്ങള്‍. ലൈറ്റ് ഗോള്‍ഡന്‍ ലെഹങ്കയിൽ സുസൈന്‍ അതിമനോഹരിയായി കാണപ്പെട്ടു. വൈറ്റ് എതിനിക് വെയറില്‍ ഹ്രെഹാനും ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഹ്രിദാനും തിളങ്ങി.
മുന്‍ ഭര്‍ത്താവിന്റെ കസിന്റെ വിവാഹത്തില്‍ സൂസൈനും മക്കളും എല്ലാത്തിനും മുന്നിലുണ്ടായിരുന്നു. സുഖ്ബീറിന്റെ ‘ഇഷ്ക് തേരാ തട്പാവേ...’ എന്ന ഗാനത്തിനാണ് ഹൃത്വികും മക്കളും നൃത്തം ചെയ്തത്. അച്ഛന്‍-മക്കള്‍ കോമ്പോ കണ്ട് കാണികള്‍ ഉച്ചത്തില്‍ ആര്‍പ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്തു. അച്ഛനെപ്പോലെ മക്കളും ചടുലമായി നൃത്തം ചെയ്യുന്നത് ആരാധകര്‍ ഏറ്റെടുത്തു.
2000ല്‍ ഒരു സ്വകാര്യ ചടങ്ങിൽ വച്ചാണ് ദീര്‍ഘനാളത്തെ ഡേറ്റിംഗിനു ശേഷം ഹൃത്വികും സൂസൈനും വിവാഹിതരായത്. എന്നാല്‍ 13 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ രണ്ടുപേരും വേര്‍പിരിഞ്ഞു, 2014 ല്‍ ഇവര്‍ വിവാഹമോചിതരായി. പക്ഷേ മക്കളുടെ എന്ത് ആവശ്യത്തിനും ഇവര്‍ രണ്ടാളും മുന്നില്‍ത്തന്നെയുണ്ട്. ഒരുമിച്ചുള്ള ഔട്ടിംഗും പരസ്പരം വിശേഷദിവസങ്ങളില്‍ ആശംസകളറിയിച്ചും മാതൃകാ അച്ഛനമ്മമാരായി ഇവര്‍ രണ്ടാളും തുടരുന്നു.
2022 മുതൽ ഹൃത്വിക് സബ ആസാദുമായി ഡേറ്റിംഗിലാണ്, അതേസമയം സൂസൈന്‍ അർസ്ലാൻ ഗോണിയുമായി ഡേറ്റിംഗിലാണ്. നാലുപേരും ഒരുമിച്ച് പാർട്ടി നടത്തുന്നതും സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കിടുന്നതും പലപ്പോഴും കാണാറുണ്ട്. പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ അവർ ഒരുമിച്ച് ദുബായിലേക്കും പോയിരുന്നു.