Thursday, March 12, 2026 Last Updated 18 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.36 AM

ഹൃദയപൂര്‍വം കേരളം

uploads/news/2025/12/817456/1.jpg

എറണാകുളം ജനറല്‍ ആശുപത്രി കേരളത്തിനു സമ്മാനിച്ചത്‌ അഭിമാനത്തിന്റെ പുതിയ ചരിത്രം. ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറിയതിലൂടെ സംസ്‌ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിനൊന്നാകെയാണ്‌ തിളക്കമേറിയത്‌. പ്രത്യേകിച്ച്‌ , സംസ്‌ഥാന ആരോഗ്യമേഖല നിരവധി ആരോപണങ്ങളും വെല്ലുവിളികളും നേരിടുന്ന ഘട്ടത്തിലുണ്ടായ നേട്ടമെന്ന നിലയില്‍ പ്രാധാന്യമേറെ. മസ്‌തിഷ്‌ക്കമരണം സംഭവിച്ച കൊല്ലം ചാത്തന്നൂര്‍ ചിറക്കര ഇടവട്ടം ഷിജി നിവാസില്‍ ഷിബുവിന്റെ ( 47) ഹൃദയം സ്വീകരിച്ചത്‌ രാജ്യത്തിനു പുറത്തുനിന്നുള്ള വ്യക്‌തിയാണെന്നതും പ്രത്യേകതയായി. ഒരു വര്‍ഷമായി ഹൃദയം മാറ്റിവയ്‌ക്കലിനു കാക്കുകയായിരുന്ന നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമി (22)യ്‌ക്കാണ്‌ പുതുജീവന്‍ ലഭിച്ചത്‌. പാരമ്പര്യമായി ഹൃദ്രോഗം വേട്ടയാടുന്ന കുടുംബത്തില്‍ പിറന്ന ദുര്‍ഗയ്‌ക്ക്‌ ഒരു അനുജന്‍ മാത്രമാണുള്ളത്‌. അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞതിനെത്തുടര്‍ന്ന്‌ അനാഥാലയത്തിലാണ്‌ പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്‌. വന്‍ ചികിത്സാച്ചെലവു കാരണം അനാഥാലായം നടത്തിപ്പുകാരനായ മലയാളിയാണ്‌ ദുര്‍ഗയെ കേരളത്തിലെത്തിച്ചത്‌. കേരളത്തിന്റെ കരുതലില്‍ ദുര്‍ഗയ്‌ക്കു തിരിച്ചുകിട്ടിയ ജീവിതത്തിനു ദീര്‍ഘായുസു നേരുകയാണ്‌ മലയാളി മനസുകള്‍ ഇപ്പോള്‍.
കഴക്കൂട്ടത്ത്‌ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഷിബുവിന്‌ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ്‌ മസ്‌തിഷ്‌ക്കമരണം സംഭവിച്ചത്‌. കടുത്ത ദു:ഖത്തിന്റെ വേളയിലും ഷിബുവിന്റെ കുടുംബാംഗങ്ങളുടെ മനസിന്റെ വലുപ്പം ദുര്‍ഗയില്‍ ജീവന്റെ തുടിപ്പ്‌ നിലനിര്‍ത്താന്‍ സാഹചര്യമൊരുക്കി. അവയവദാനത്തിനു കുടുംബാംഗങ്ങള്‍ സന്നദ്ധത അറിയിച്ചതോടെ ആരോഗ്യസംവിധാനമൊന്നാകെ ഉണര്‍ന്നു . മെഡിക്കല്‍ കോളജ്‌ ആശുപത്രയില്‍ രണ്ടുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ ഷിബുവിന്റെ ഹൃദയം വേര്‍പെടുത്തി. തിരുവനന്തപുരത്തുനിന്ന്‌ പകല്‍ രണ്ട്‌ അഞ്ചിനു ഹൃദയവുമായി പുറപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്‌ടര്‍ 2.50 ന്‌ കൊച്ചിയിലെത്തി. വൈകുന്നേരമായിരുന്നു ശസ്‌ത്രക്രിയ.
സര്‍ക്കാര്‍ ആശുപത്രികളുടെ മികവും കാര്യക്ഷമതയും വര്‍ധിക്കുന്നത്‌ സാധാരണക്കാരായ ആളുകളെ സംബന്ധിച്ച്‌ എത്രയോ ഉപകാരപ്രദമായ കാര്യമാണ്‌. ഹൃദയം മാറ്റിവയ്‌ക്കല്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ശസ്‌ത്രക്രിയയ്‌ക്ക്‌ കഴിയുന്നവിധം കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കപ്പെട്ടാല്‍ അതൊരു വലിയ മാറ്റംതന്നെയാകും. എറണാകുളം ജനറല്‍ ആശുപത്രി കൈവരിച്ച നേട്ടം അതിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പാകട്ടെ. രാജ്യത്ത്‌ ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും നടത്തിയത്‌ ഈ ആശുപത്രിയിലാണ്‌.
എറണാകുളം ജനറല്‍ ആശുപത്രിയുടെ മാതൃകയില്‍ ജനറല്‍ ആശുപത്രികള്‍ വളരുകയും മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും നവീകരിക്കേണ്ടതും സംസ്‌ഥാനത്തെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ പ്രധാനമാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ വലിയ വിശ്വാസവും അത്തരം ആശുപത്രികളെ മാത്രം ആശ്രയിക്കാന്‍ കഴിയുന്നവരുമായ ജനലക്ഷങ്ങളാണുള്ളത്‌. മെച്ചപ്പെട്ട ചികിത്‌സയും സൗകര്യങ്ങളും ഉറപ്പാക്കാനായാല്‍ അതില്‍പ്പരമൊരു നേട്ടം ജനത്തിനു ലഭിക്കാനില്ല.
അടിസ്‌ഥാനകാര്യങ്ങളില്‍പ്പോലും ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പല പ്രമുഖരും അടുത്തകാലത്ത്‌ തുറന്നു പറയുകയുണ്ടായി. ആശുപത്രി ഭരണത്തിലെ പാകപ്പിഴകളെ രോഗികളുടെ ബാഹുല്യമാണ്‌ പ്രശ്‌ന കാരണമെന്ന്‌ പറഞ്ഞു മറയിടാനാണു സര്‍ക്കാര്‍ ശ്രമം. മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനായാല്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക്‌ കഴിഞ്ഞ നേട്ടം ഏതൊരു സര്‍ക്കാര്‍ ആശുപത്രിക്കും സാധ്യമാക്കാന്‍ കഴിയുന്ന മിടുക്കന്മാരുടെ സേവനം സംസ്‌ഥാനത്തെ ആരോഗ്യമേഖലയില്‍ എമ്പാടുമുണ്ട്‌. ദുര്‍ഗയ്‌ക്ക്‌ നല്‍കിയ പുതുജീവന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്കും നവോന്മേഷം പകരുന്നതാകട്ടെ.

Ads by Google
Wednesday 24 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW