Wednesday, March 11, 2026 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.36 AM

ദാസനും വിജയനും

uploads/news/2025/12/817455/2.jpg

ദാസനും വിജയനും നമ്മുടെ സ്വന്തം ആളുകളാണ്‌. മലയാളത്തിന്റെ രണ്ടു മുഖങ്ങള്‍.
ഒരാള്‍ സുന്ദരനും ഭാഗ്യവാനും ബുദ്ധിമാനുമാണെങ്കില്‍ അപരന്‍ ഗ്ലാമര്‍രഹിതനും നിര്‍ഭാഗ്യവാനും കുബുദ്ധിമാനുമാണ്‌. ഈ രണ്ടു പേരെയും സൃഷ്‌ടിച്ച്‌ മലയാളിയുടെ ഈഗോകളെ തൃപ്‌തിപ്പെടുത്തിയ ശ്രീനിവാസന്‍ എന്ന ജീനിയസിനെ നമുക്ക്‌ പെട്ടന്നു മറക്കാനാവില്ല.
എല്ലാ മധ്യവര്‍ഗ മനസുകളിലും ഒരല്‍പം ദാസനും വിജയനുമുണ്ടെന്നും ഈ രണ്ട്‌ അഹംബോധങ്ങള്‍ തമ്മിലുള്ള മത്സരമാണ്‌ നമ്മുടെ ജീവിതമെന്നുമാണ്‌ ശ്രീനിവാസന്‍ കണ്ടെത്തിയത്‌.
'ദാസാ! എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട്‌, മോനേ!' എന്ന വിജയന്റെ നിലപാട്‌ ഇടത്തട്ടുകാരായ യുവാക്കളുടെ ആശ്വാസവാചകങ്ങളായി മാറിയത്‌ അതുകൊണ്ടാണ്‌. പശുവിന്റെ അമറല്‍ ഐശ്വര്യത്തിന്റെ സൈറണ്‍വിളിയായി തോന്നിയെന്നു പറയുന്ന അയാള്‍ ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ തത്രപ്പെടുന്ന യുവതലമുറയുടെ പ്രതീകമാണ്‌.
അപ്പോഴൊരു ചോദ്യമുയരുന്നു - ദാസനും വിജയനും നിശ്‌ചിതമായ രാഷ്‌ട്രീയമുണ്ടായിരുന്നുവോ?
സംശയമാണ്‌.
രാഷ്‌ട്രീയ- സാംസ്‌കാരിക - സാമൂഹിക വിഷയങ്ങളില്‍ ഉഗ്രവും സരസവുമായ കമന്റുകളോടെ സ്വതന്ത്രരായി അറമാദിക്കണമെങ്കില്‍ അവര്‍ക്ക്‌ ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയോട്‌ ആഭിമുഖ്യം പാടില്ലെന്ന്‌ ഉചിതജ്‌ഞനായ ശ്രീനിവാസന്‌ അറിയാമായിരുന്നു. അത്‌ അരാഷ്‌ട്രീയത അല്ലായിരുന്നു താനും.
ജന്മനാടായ പാട്യം എന്ന കമ്യൂണിസ്‌റ്റുഗ്രാമത്തിലെ പ്രിയ നേതാവായിരുന്ന പാട്യം ഗോപാലനെ അതിരറ്റു സ്‌നേഹിച്ചിരുന്ന ശ്രീനിവാസന്‌ ഒരിക്കലും രാഷ്‌ട്രീയത്തെ വെറുക്കാനാവുമായിരുന്നില്ലല്ലോ. യഥാര്‍ത്ഥ രാഷ്‌ട്രീയം എന്നാലെന്താണെന്ന്‌ 'സന്ദേശം' എന്ന സിനിമയിലെ തിലകന്റെ കഥപാത്രത്തെക്കൊണ്ട്‌ അദ്ദേഹം പറയിക്കുന്നുമുണ്ട്‌.

നസീറും ഭാസിയും അഥവാ
ദാസനും വിജയനും
പണ്ടുതൊട്ടേ ഉണ്ടായിരുന്ന ജനപ്രിയ കഥാപാത്രങ്ങളില്‍ നിന്നു പുതിയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലത്തോടെ നര്‍മത്തില്‍ ചാലിച്ച്‌ പ്രത്യേക മൂശയിലിട്ടു വാര്‍ത്തുണ്ടാക്കിയവയാണ്‌ ദാസനും വിജയനും പോലുള്ള കഥാപാത്രങ്ങള്‍.കൂടിയാട്ടത്തിലെ അര്‍ജുനനും വിദൂഷകനും അരവിന്ദന്റെ 'ചെറിയ മനുഷ്യനും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ നോവലിലെ രാമുവും ഗുരുജിയും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമകളിലെ നസീറും ഭാസിയുമെല്ലാം ഈ മൂശയില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്‌. ദാസന്റെയും വിജയന്റെയും വഴികള്‍ നോക്കിയാല്‍ ഇക്കാര്യം പിടി കിട്ടും.
1987-ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റിലും പിന്നീട്‌ അതിന്റെ തുടര്‍ചിത്രങ്ങളായ പട്ടണപ്രവേശത്തിലും അക്കരെ അക്കരെ അക്കരെയിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. നാടോടിക്കാറ്റില്‍ ദാസനും വിജയനും തൊഴില്‍രഹിതരായ യുവാക്കളാണ്‌. നാടോടിക്കാറ്റിന്റെ സംഭവങ്ങള്‍ക്കു ശേഷം പട്ടണപ്രവേശം എന്ന സിനിമയില്‍ പോലീസ്‌ ഉദ്യോഗസ്‌ഥരായ ദാസനേയും വിജയനേയുമാണ്‌ കാണുന്നത്‌. അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിലാകട്ടെ, സ്വര്‍ണ കിരീടം കാണാതെ പോകുന്ന കാര്യവും തുടര്‍ന്നുള്ള കള്ളക്കടത്തും അന്വേഷിക്കുകയാണിവര്‍.

ബുദ്ധിമാനായ

ശ്രീനിവാസന്‍
പി.എ. ബക്കര്‍, കെ.ജി. ജോര്‍ജ്‌, ജി. അരവിന്ദന്‍ തുടങ്ങിയ പ്രഗത്ഭരുടെ ശിക്ഷണത്തില്‍ നവ സിനിമയുടെ പുഷ്‌കല കാലത്തായിരുന്നു ശ്രീനിവാസന്‍ എന്ന യുവാവ്‌ ചലച്ചിത്ര രംഗത്തേക്കു വന്നത്‌. 1979-ല്‍ ബക്കറുടെ 'സംഘഗാന'ത്തില്‍ ആദ്യമായി നായകനായി.
എന്നാല്‍, അവാര്‍ഡു സിനിമകള്‍ സമ്മാനിച്ച നിശ്‌ചലതകളില്‍ നിന്ന്‌ രക്ഷപ്പെടാനും പുതിയ കാലത്തിനൊപ്പിച്ചു മാറാനും അദ്ദേഹം എഴുപതുകള്‍ക്കു ശേഷം വലിയ പദ്ധതിയൊരുക്കി. അങ്ങനെ അക്കാലത്തെ യുവത്വത്തിന്റെ തിരിച്ചടികളുടെയും മോഹഭംഗങ്ങളുടെയും കെണിയില്‍ നിന്നു രക്ഷപ്പെട്ടു എന്നതാണ്‌ ശ്രീനിവാസന്റെ ഏറ്റവും വലിയ നേട്ടം. ജാതിയോ, മതമോ, രാഷ്‌ട്രീയമോ നോക്കാതെ സാധാരണ മനുഷ്യരിലേക്കും നാട്ടുമ്പുറങ്ങളിലേക്കും അദ്ദേഹം ഉള്‍ക്കണ്ണു പതിപ്പിച്ചു.
മറ്റൊരു രീതിയില്‍ നോക്കിയാല്‍, സാധാരണ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കു നിരക്കാത്ത തന്റെ രൂപത്തേയും മാനറിസങ്ങളേയും തന്ത്രപരമായി വില്‍ക്കുകയല്ലേ ശ്രീനിവാസന്‍ അന്നു മുതല്‍ ചെയ്‌തത്‌? ഈ കൗശലം മൂലം തന്നെപ്പോലെയുള്ള ഭൂരിപക്ഷം സാധാരണക്കാരുടേയും പ്രതിനിധിയായി ഭാവിക്കാനും തന്റെ പരിമിതികളെ മറികടക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
അങ്ങനെയാണ്‌ ധീരരും പ്രതാപവാന്മാരും ഗുണവാന്മാരുമായ ചോക്ലേറ്റ്‌ നായകന്മാര്‍ വാണിരുന്ന സിനിമയില്‍ ദാസനും വിജയനും തളത്തില്‍ ദിനേശനും, തട്ടാന്‍ ഭാസ്‌കരനുമൊക്കെ ജന്മം പൂണ്ടത്‌.
ദാസനും വിജയനും ശേഷം ശ്രീനിവാസന്‍ കറച്ചുകൂടി ഉത്തരവാദിത്വത്തോടെ മുമ്പോട്ടു പോകുന്നതു കാണാം. എഴുപതുകള്‍ക്കു ശേഷം അദ്ദേഹത്തിനു സംഭവിച്ച രണ്ടാമത്തെ മെറ്റമോര്‍ഫോസിസാണിത്‌. അതോടെ കുറച്ചൂകൂടി ഗുണമേന്മയും രൂപഭദ്രതയുമുള്ള കഥകളും ചിത്രങ്ങളും അദ്ദേഹത്തില്‍ നിന്ന്‌ നമുക്കു കിട്ടി.
സഖാവ്‌ കെ.ആര്‍.പി എന്ന കോട്ടപ്പള്ളി പ്രഭാകരന്‍, ക്യൂബാ മുകുന്ദന്‍, ബാര്‍ബര്‍ ബാലന്‍ തുടങ്ങിയ വേഷങ്ങളെ അങ്ങനെ കിട്ടി. 'വടക്കുനോക്കിയന്ത്ര'ത്തിലും 'ചിന്താവിഷ്‌ടയായ ശ്യാമള'യിലും മറ്റും രൂപമാറ്റം വന്ന ശ്രീനിവാസനെ നമുക്കു കാണാം.
നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, കര്‍ഷകന്‍ തുടങ്ങിയ മേല്‍വിലാസങ്ങള്‍ പേറിയിട്ടും ഒരു ബുദ്ധിജീവിയായി ചമഞ്ഞ്‌ നാട്ടുകാരെ ബുദ്ധിമുട്ടിച്ചില്ലെന്നതും അദ്ദേഹത്തിന്റെ മറ്റൊരു ബുദ്ധിയാണ്‌. ഇതു മൂലം മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരിവാറുകാര്‍ക്കും സ്വീകാര്യനായി മാറുകയും ചെയ്‌തു. എല്ലാവര്‍ക്കും സമ്മതനാവുക എന്നത്‌ ഇവിടെ ഏറെ ശ്രമകരമായ കാര്യമാണ്‌. അല്ലെങ്കിലും നമ്മുടെ ബുദ്ധിജീവികള്‍ക്ക്‌ ഈ മനുഷ്യനെ പേടിയായിരുന്നുവല്ലോ.
തന്നെ ജീനിയസ്‌ എന്നു വിളിക്കരുതെന്നും അങ്ങനെ വിളിച്ചാല്‍ ഒരു ജീനിയസായി ജീവിതത്തില്‍ അഭിനയിക്കേണ്ടിവരുമെന്നും ശ്രീനിവാസന്‍ പണ്ടേ വെടിപൊട്ടിച്ചിട്ടുണ്ട്‌.

കുമാരപിള്ളസാറിന്‌
മരണമില്ല
ശ്രീനിവാസനില്‍ സദാ ഉണര്‍ന്നിരിക്കുന്ന, ബുദ്ധികൂര്‍മതയുള്ളവനും സരസനുമായ ഒരു ഗ്രാമീണനെ കാണാം. 'സന്ദേശം' എന്ന സിനിമയില്‍ ഇടതുപക്ഷ രാഷ്‌ട്രീയ പ്രവര്‍ത്തകനായ സഖാവ്‌ കോട്ടപ്പള്ളി എന്നറിയപ്പെടുന്ന പ്രഭാകരന്‍ തന്റെ വീട്ടുകാരോട്‌ 'പോളണ്ടിനെക്കുറിച്ച്‌ ഒന്നും മിണ്ടിപ്പോകരുത്‌!' എന്ന്‌ പറയുന്നുണ്ട്‌. ഈ കഥാപാത്രത്തെ ഒരുക്കിയെടുക്കാന്‍ ശ്രീനിവാസന്‌ ശക്‌തി നല്‍കിയത്‌ ഈ ഗ്രാമീണന്റെ ശ്രദ്ധയും കണിശതയുമാണ്‌.
അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ സമൂഹത്തില്‍ യാഥാര്‍ത്ഥ്യമായതിന്‌ ഏറ്റവും വലിയ ഉദാഹരണം ഇതേ സിനിമയിലെ കുമാരപിള്ള സാറായിരിക്കും.
കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും ഇതേ കുമാരപിള്ള സാര്‍ പലവട്ടം നമ്മുടെ മുമ്പില്‍ പ്രത്യക്ഷനായി.
ശ്രീനിവാസന്‍ മരിക്കുന്നതിനു തലേന്നു പോലും താന്‍ കുമാരപിള്ളസ്സാറിനെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ പറഞ്ഞിട്ടുണ്ട്‌.
'ഉദയനാണ്‌ താരം' എന്ന സിനിമയ്‌ക്കുള്ളിലെ സിനിമയിലൂടെ 'സൂപ്പര്‍സ്‌റ്റാര്‍' എന്ന പൊങ്ങച്ചവും നിര്‍ത്ഥകതയും ഒരു സൂപ്പര്‍സ്‌റ്റാറിന്റെ സഹായത്തോടെ വെളിപ്പെടുത്തുകയും സിനിമയ്‌ക്കുള്ളിലെ സിനിമയുടെ ഊടുവഴികളിലേക്ക്‌ ഇതിലൂടെ നമ്മളെ നയിക്കുകയും ചെയ്‌തത്‌ ശ്രീനിവാസന്റെ മറ്റൊരു ധൈര്യവും തമാശയുമാണ്‌.
'യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌' എന്ന സിനിമയിലെ 'ഈശ്വരാ, ഭഗവാനെ! എന്റെ അച്‌ഛന്‌ നല്ലതു മാത്രം വരുത്തണേ! എന്നാലും... ആ കാലമാടന്‍!' എന്ന ഒരു മകന്റെ ഡയലോഗിലെ ക്രൂരഫലിതം പുതിയ കാലത്തിന്‌ ചേര്‍ന്നതാണ്‌.

ശ്യാമളയും

തത്ത്വമസിയും
തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന്‌ ശ്രീനിവാസന്‍ സ്വാംശീകരിച്ച ഉന്നതമായ ദര്‍ശനവും ഫലിതബോധവും തത്ത്വചിന്തയും 'ചിന്താവിഷ്‌ടയായ ശ്യാമള'യിലുമുണ്ട്‌. മലയാളിക്ക്‌ പരിചിതമായ ഒരു പവര്‍കട്ടില്‍ നിന്നാണ്‌ സിനിമ തുടങ്ങുന്നത്‌.
'തത്ത്വമസി' എന്ന തത്വവും ശബരിമലയിലെ രംഗങ്ങളിലൂടെ ഈ സിനിമ പരോക്ഷമായി വിളംബരം ചെയ്യുന്നു. ശബരിമലയെയും വര്‍ത്തമാനകാല യുവത്വത്തിന്റെ പ്രത്യശാസ്‌ത്ര പ്രതിസന്ധിയേയും സൂചിപ്പിച്ചുകൊണ്ടാണ്‌ ഈ ചിത്രം അവസാനിക്കുന്നത്‌. തന്റെ ദൈവസങ്കല്‍പം ഇതിലുണ്ടെന്ന്‌ ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്‌. ശബരിമലയെ ഒരു താത്വിക അവലോകനത്തിന്റെ ഇടതുപക്ഷ വിഷയമായി ഈ ചലച്ചിത്രം മാറ്റിയെടുത്തു എന്നു പറയാം. അടൂര്‍ ഗോപാലകൃഷ്‌ണന്റെ 'മുഖാമുഖം' മാത്രമാണ്‌ ഇത്തരത്തില്‍ പണ്ട്‌ ബുദ്ധിജീവികള്‍ ചര്‍ച്ചകള്‍ക്ക്‌ വിഷയമാക്കിയത്‌. ഈ സിനിമ പുറത്തിറങ്ങിയ കാലത്ത്‌ തിരശ്ശീലയില്‍ കണ്ട യാഥാര്‍ത്ഥ്യവും ചരിത്രത്തിന്റെ വസ്‌തുനിഷ്‌ഠതയും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ മുന്‍നിര്‍ത്തി കേരളത്തില്‍ ധാരാളം സംവാദങ്ങള്‍ അരങ്ങേറുകയുണ്ടായി.

ചിതയിലെ വെളിച്ചം
സഞ്‌ജയനും വി.കെ.എന്നിനും ശേഷം ചിരിയുടെ ചൂടു പകര്‍ന്നുതന്ന ഒരു മഹാമനുഷ്യന്റെ ചിതയിലേക്ക്‌ സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌ ഒരു കടലാസും പേനയും സമര്‍പ്പിച്ചത്‌ ചിന്താബന്ധുരവും വേദനാനിര്‍ഭരവുമായ കാര്യമായി പരിണമിച്ചു.
അഗ്‌നിയാണല്ലോ ഏറ്റവും വലിയ പുരോഹിതന്‍!
അഗ്‌നിമീളേ പുരോഹിതം!

Ads by Google
Wednesday 24 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW