Wednesday, March 11, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.23 AM

ആള്‍ക്കൂട്ടത്തിന്‌ മനുഷ്യത്വം വേണ്ടേ?

uploads/news/2025/12/817344/1.jpg

വീണ്ടുമൊരു ആള്‍ക്കൂട്ടക്കൊലയുടെ നാണക്കേട്‌ കേരളത്തിനുമേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു. പരിഷ്‌കൃതരും സംസ്‌കാരസമ്പന്നരെന്നുമുള്ള മലയാളിയുടെ നാട്യത്തിനേറ്റ കനത്ത പ്രഹരമാണ്‌ പാലക്കാട്‌ വാളയാറില്‍ സംഭവിച്ച ആള്‍ക്കൂട്ടക്കൊല. മോഷ്‌ടാവ്‌ എന്ന സംശയത്തിന്റെ പേരിലാണ്‌ ആള്‍ക്കൂട്ടം ഛത്തീസ്‌ഗഡ്‌ ബിലാസ്‌പൂര്‍ സ്വദേശിയും അതിഥിതൊഴിലാളിയുമായ രാം നാരായണ ഭയ്യാറെ (31) ആക്രമിച്ചത്‌. രാം നാരായണന്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായി. ശരീരത്തില്‍ ഒരിടത്തുപോലും മര്‍ദനമേല്‍ക്കാത്തതായി ഇല്ലെന്നും 40 ല്‍ അധികം മുറിവുകള്‍ ഉണ്ടെന്നുമാണ്‌ ഫോറന്‍സിക്‌ പരിശോധനയില്‍ വ്യക്‌തമായിട്ടുള്ളത്‌. വാരിയെല്ലുകള്‍ തകരുന്ന വിധം ക്രൂരമര്‍ദനം ഉണ്ടായി . തലച്ചോറില്‍ രക്‌തസ്രാവം ഉണ്ടാവുകയും ചെയ്‌തു. ' നീ ബംഗ്ലാദേശിയാണോ' എന്നു ചോദിച്ചായിരുന്നത്രേ മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ടമര്‍ദനം. ജോലി തേടി കേരളത്തില്‍ എത്തിയ ഒരു നിര്‍ധന കുടുംബത്തിന്റെ ജീവിത പ്രതീക്ഷകള്‍ ഇത്തരത്തില്‍ തച്ചുതകര്‍ത്ത ആള്‍ക്കൂട്ടത്തിന്റെ മാനസികാവസ്‌ഥ യഥാര്‍ത്ഥത്തില്‍ ഈ നാടിനെ പേടിപ്പിക്കുന്നു. ആള്‍ക്കൂട്ടത്തിന്‌ മനുഷ്യത്വം വേണ്ടേ എന്നുള്ള ചോദ്യത്തിന്‌ ആര്‌ ഉത്തരം പറയും?.
ഒരാളെ കൊല്ലുന്ന തരത്തില്‍ എങ്ങനെയാണ്‌ ഇത്തരത്തില്‍ ആക്രമിക്കാന്‍ കഴിയുന്നതെന്ന ചോദ്യത്തിന്‌ അക്രമികളില്‍നിന്ന്‌ ഇനി ഉത്തരം പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. പ്രതികളില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്‌ചാത്തലം ഉള്ളവരാണെന്ന വിവരം ഇതിനകം പുറത്തുവരികയുണ്ടായി. ആളെ വകവരുത്താന്‍ മടിയില്ലാത്ത ക്രിമിനലുകള്‍ക്കിടയിലാണ്‌ ഇപ്പോഴും സാധാരണക്കാരുടെ ജീവിതം എന്ന തിരിച്ചറിവ്‌ നിയമ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു. 2018 ഫെബ്രുവരി 22 ഉം അട്ടപ്പാടി ചിണ്ടേക്കരി ഊരിലെ മധു എന്ന ആദിവാസി യുവാവിനെയും ആളുകള്‍ ഇപ്പോഴും മറന്നിട്ടുണ്ടാകില്ല. അന്നായിരുന്നു മാനസിക വെല്ലുവിളി നേരിട്ടിരുന്ന മധുവിനെ ആള്‍ക്കൂട്ടം ഇതുപോലെതന്നെ മോഷ്‌ടാവെന്ന്‌ സംശയിച്ച്‌ വകവരുത്തിയത്‌. പിന്നീടും ആള്‍ക്കൂട്ട വിചാരണകള്‍ സംസ്‌ഥാനത്ത്‌ പലയിടങ്ങളിലും ആവര്‍ത്തിച്ചു. പോലീസും കോടതിയുമുള്ള സംസ്‌ഥാനത്ത്‌ നിയമത്തെ തടവിലാക്കി അക്രമ 'ഭീകരത'യ്‌ക്ക്‌ യാതൊരുമടിയും ഇല്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ ഇപ്പോഴുമുണ്ടെന്നാണ്‌ വാളയാര്‍ വ്യക്‌തമാക്കിയത്‌.കുറ്റവാളികളെ കൈകാര്യം ചെയ്യേണ്ടത്‌ ജനങ്ങളോ നാട്ടുകൂട്ടമോ അല്ലെന്ന ബോധ്യം സമൂഹത്തിന്‌ ഉണ്ടാകുന്ന വിധത്തില്‍ നടപടികള്‍ ശക്‌തമാക്കപ്പെടണം. എന്തുകൊണ്ടാണ്‌ ഇപ്പോഴും ആളുകള്‍ക്ക്‌ ചിലരെ കാണുമ്പോള്‍ മോഷ്‌ടാക്കളും മോശക്കാരാണെന്നും മുന്‍വിധിയോടെ തോന്നുന്നത്‌ ?. ആളുകളെ നിറത്തിന്റെയും ഭാഷയുടെയും തൊഴിലിന്റെയും അടിസ്‌ഥാനത്തില്‍ മാറ്റി നിര്‍ത്തരുതെന്ന്‌ നിരന്തരം ശബ്‌ദമുയര്‍ത്തുന്നവരുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ ഏറെ ഖേദകരമാണ്‌.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ നടപടികളുടെ പോരായ്‌മകള്‍ കൂടിയാണ്‌ വെളിവാക്കപ്പെട്ടത്‌.രണ്ട്‌ ചെറിയ മക്കളും ഭാര്യയും പ്രായമായ അമ്മയും അടങ്ങുന്നതായിരുന്നു രാം നാരായണന്റെ കുടുംബം. നഷ്‌ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന പ്രഖ്യാപനത്തോടെ ഈയൊരു കുടുംബത്തെ സമരത്തിനു പ്രേരിപ്പിച്ചതും സംസ്‌ഥാനത്തിനുണ്ടായ വീഴ്‌ചയായി കാണേണ്ടിവരും. നീതി ലഭിക്കും വരെ നാട്ടിലേക്ക്‌ മടങ്ങില്ലെന്നു കുടുംബം വ്യക്‌തമാക്കിയതോടെയാണ്‌ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായത്‌. ഒടുവില്‍ സര്‍ക്കാരും കുടുംബവുമായി നടന്ന ചര്‍ച്ചയില്‍ 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്‌ടപരിഹാരം നല്‍കാനെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉറപ്പും സര്‍ക്കാര്‍ നല്‍കുകയുണ്ടായി. ജോലി തേടി കേരളത്തില്‍ എത്തുന്ന അതിഥിതൊഴിലാളികളോട്‌ കേരളത്തിന്റേത്‌ ചിറ്റമ്മ നയമാണെന്ന ആക്ഷേപം സമീപനത്തിലൂടെ മാത്രമേ മാറ്റാന്‍ കഴിയൂ. ഏതൊരു ജനവിഭാഗത്തിനുമിടയില്‍ ഉള്ളതുപോലെ വ്യത്യസ്‌തരായ ആളുകള്‍ ഇവരുടെ ഇടയിലുമുണ്ട്‌.
എല്ലാവരേയും സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന രീതി തുടര്‍ന്നാല്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ക്ക്‌ ഇനിയും സംസ്‌ഥാനം സാക്ഷിയാകേണ്ടിവരും. പകരം, അന്യസംസ്‌ഥാനത്തുനിന്ന്‌ എത്തുന്ന ആളുകളുടെ കാര്യത്തില്‍ കൃത്യമായ നിരീക്ഷണവും കണക്കുകളും ഇനിയെങ്കിലും സംസ്‌ഥാനത്തിന്റെ പക്കലുണ്ടാകണം. ഇത്തരക്കാരുടെ കാര്യത്തില്‍ പോലീസിന്റെ ജാഗ്രതയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും പ്രധാനമാണ്‌. ആര്‍ക്കും എന്തുമാകാവുന്ന നില നാടിന്റെ ക്രമസമാധാന തകര്‍ച്ചയ്‌ക്ക്‌ കാരണമാവുകയും നിയമസംവിധാനങ്ങളിലെ പോരായ്‌മയായ്‌ ആക്ഷേപിക്കപ്പെടുകയും ചെയ്യും.

Ads by Google
Tuesday 23 Dec 2025 08.23 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW