Thursday, March 12, 2026 Last Updated 19 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.23 AM

ലക്ഷ്യത്തിലേക്കു കുതിച്ച്‌ ഇന്‍വെസ്‌റ്റ്‌ കേരള ഗേ്ലാബല്‍ സമ്മിറ്റ്‌

കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട ഇന്‍വെസ്‌റ്റ്‌ കേരള ഗേ്ലാബല്‍ സമ്മിറ്റ്‌. നിക്ഷേപക സംഗമത്തിനുശേഷം 10 മാസം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്‌. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിക്ഷേപ വാഗ്‌ദാനങ്ങള്‍ യഥാര്‍ഥ നിക്ഷേപങ്ങളാവുന്നതിലെ വേഗം ഇപ്പോഴിതാ പുതിയൊരു റെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുന്നു. താല്‍പര്യപത്രങ്ങള്‍ നിക്ഷേപങ്ങളാവുന്നതില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പരിവര്‍ത്തന നിരക്കാണ്‌ കേരളത്തില്‍ ഇതിനകം രേഖപ്പെടുത്തിയത്‌. നിക്ഷേപ വാഗ്‌ദാനങ്ങളില്‍ 23.16% യഥാര്‍ത്ഥ നിക്ഷേപമായി പരിണമിച്ചു.
സ്‌ഥലം അനുവദിച്ച പദ്ധതികളുടെ കാര്യമെടുത്താല്‍ 37% ആണ്‌ പരിവര്‍ത്തന നിരക്ക്‌. സംസ്‌ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ വന്‍ വിജയമായിരുന്നു ഐ.കെ.ജി.എസ്‌. എന്ന്‌ പിന്നിട്ട പത്തു മാസങ്ങള്‍ തെളിയിക്കുന്നു. 449 താല്‍പര്യപത്രങ്ങളാണ്‌ ഐ.കെ.ജി.എസില്‍ ഒപ്പു വച്ചത്‌. 1.81 ലക്ഷം കോടി മൂല്യം വരുന്ന നിക്ഷേപ താല്‍പര്യ പത്രങ്ങള്‍ സംസ്‌ഥാനത്തിനു ലഭിച്ചു. ഇതിലൂടെ അഞ്ചു ലക്ഷത്തോളം തൊഴില്‍ അവസരങ്ങളും വാഗ്‌ദാനം ചെയ്യപ്പെട്ടു. ടൂറിസം, ഭക്ഷ്യ സംസ്‌കരണം, ഇലക്‌ട്രോണിക്‌ ഘടകങ്ങളുടെ നിര്‍മണം, ഐടി / ഐടി അധിഷ്‌ഠിത വ്യവസായങ്ങള്‍, മരാധിഷ്‌ഠിത വ്യവസായങ്ങള്‍, റബര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ഹെല്‍ത്ത്‌കെയര്‍, ആയൂര്‍വേദ അന്‍ഡ്‌ വെല്‍നെസ്സ്‌ തുടങ്ങിയ മേഖലകളിലാണ്‌, മേല്‍പറഞ്ഞ നിക്ഷേപ താല്‍പര്യ പത്രങ്ങളില്‍ അധികവും ഒപ്പു വച്ചത്‌. ലോകോത്തര ബ്രാന്‍ഡുകള്‍ മുതല്‍ കേരളത്തിന്റെ സ്വന്തം കമ്പനികള്‍ വരെ നിക്ഷേപ താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. ഇതില്‍ 104 നിക്ഷേപ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിന്‌ ഇതു പുതിയ അനുഭവമാണ്‌. നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ഒന്നാം നിരയിലാണ്‌ കേരളം. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന കാഴ്‌ചപ്പാടോടെയാണ്‌ വിദേശ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെടെ ഇങ്ങോട്ടെത്തിയത്‌. ഇതിനകം നിര്‍മാണമാരംഭിച്ച പദ്ധതികളിലൂടെ 35,463.070 കോടി രൂപയുടെ നിക്ഷേപവും, 50,483 തൊഴിലവസരങ്ങളും സംസ്‌ഥാനത്ത്‌ സൃഷ്‌ടിക്കപ്പെടുകയാണ്‌.
അനിമേഷന്‍ രംഗത്തെ പ്രമുഖരായ ഇറ്റാലിയന്‍ കമ്പനി ഡൈനിമേറ്റഡ്‌, പ്രമുഖ ലോജിസ്‌റ്റിക്‌ കമ്പനി അവിഗ്‌ന തുടങ്ങിയവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങി. അദാനി ലോജിസ്‌റ്റിക്‌ പാര്‍ക്ക്‌, കോവിഡ്‌ വാക്‌്സിന്‍ വികസിപ്പിച്ച കൃഷ്‌ണ എല്ലയുടെ ഭാരത്‌ ബയോടെകിന്റെ കീഴിലുള്ള ലൈഫ്‌ സയന്‍സ്‌ കമ്പനി, സിസ്‌ട്രോം, എസ്‌.എഫ്‌.ഒ. ടെക്‌നോളജീസ്‌, ഗാഷ സ്‌റ്റീല്‍സ്‌ ടി.എം.ടി. പ്‌ളാന്റ്‌, കെ.ജി.എ. ഇന്റര്‍നാഷണല്‍, കൃഷ്‌ണ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, അക്കോസ ടെക്‌നോളജീസ്‌, വിന്‍വിഷ്‌ ടെക്‌നോളജീസ്‌, ഡബ്‌ള്യു. ജി.എച്ച്‌ ഹോട്ടല്‍സ്‌, ജേക്കബ്‌ ആന്‍ഡ്‌ റിച്ചാര്‍ഡ്‌ തുടങ്ങിയ സംരഭങ്ങളുടെ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുന്നു.
എന്‍.ഡി.ആര്‍. സ്‌പെയ്‌സിന്റെ വെയര്‍ഹൗസിങ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കാണ്‌ നിര്‍മാണ ഘട്ടത്തിലേക്ക്‌ പ്രവേശിച്ച നൂറാം പദ്ധതി. 278 പദ്ധതികള്‍ക്ക്‌ ഭൂമി അനുവദിച്ചു കഴിഞ്ഞു. സെമികണ്ടക്‌ടര്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക്‌സ്‌ നിര്‍മാണ രംഗത്തെ പ്രധാന കമ്പനിയായ കെയ്‌ന്‍സിനും പെരുമ്പാവൂരില്‍ ഭൂമി അനുവദിച്ചു. ഭൂമി അനുവദിക്കപ്പെട്ട മറ്റ്‌ നിക്ഷേപ പദ്ധതികളും ഉടനെ നിര്‍മാണം തുടങ്ങും.
താല്‍പര്യപത്രങ്ങളും നിക്ഷേപ വാഗ്‌ദാനങ്ങളും യഥാര്‍ത്ഥ നിക്ഷേപങ്ങളാക്കി മാറ്റുന്നതിലാണ്‌ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ഇതിനായി നിക്ഷേപ മൂല്യത്തിന്റെ അടിസ്‌ഥാനത്തില്‍ താല്‍പര്യ പത്രങ്ങളെ തരംതിരിച്ചു. കെ.എസ്‌.ഐ.ഡി.സി, വ്യവസായ വാണിജ്യ ഡയറക്‌ടറേറ്റ്‌, കിന്‍ഫ്ര എന്നീ എജന്‍സികള്‍ക്കായിരുന്നു ഇവ നടപ്പിലാക്കാനുള്ള ചുമതല. വിവിധ അനുമതികളുള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ അതിവേഗം ലഭ്യമാക്കുന്നതിന്‌ പ്രത്യേക സംവിധാനങ്ങള്‍ക്ക്‌ വ്യവസായ വകുപ്പ്‌ രൂപം നല്‍കി. വിവിധ തലങ്ങളിലും കൃത്യമായ ഇടവേളകളിലും പദ്ധതി അവലോകനം നടത്തുന്നതിന്‌ മേല്‍നോട്ട സംവിധാനവും ഒരുക്കി.100 കോടി വരെ മൂല്യമുള്ള നിക്ഷേപ താല്‍പര്യ പത്രങ്ങള്‍ വ്യവസായ വാണിജ്യ ഡയറക്‌ടററേറ്റിലൂടെ മോണിറ്റര്‍ ചെയ്‌തു. 100 കോടിയും അതിനു മുകളിലും വരുന്ന നിക്ഷേപ താല്‍പര്യ പത്രങ്ങളുടെ നോഡല്‍ ഏജന്‍സിയായി കെ.എസ്‌.ഐ.ഡി.സിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. വ്യവസായ പാര്‍ക്കുകളിലും മറ്റുമുള്ള നിക്ഷേപങ്ങള്‍ കിന്‍ഫ്രയുടെ നേതൃത്വത്തിലും മോണിറ്റര്‍ ചെയ്‌തുവരുന്നു. വിവിധ ഏജന്‍സികളിലൂടെ നടത്തുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും, സുതാര്യവും ആക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനവും നിലവിലുണ്ട്‌. ഓരോ നിക്ഷേപ താല്‍പര്യ പത്രങ്ങള്‍ക്കും ആവശ്യമായ പരിഗണന ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്‌. നിക്ഷേപ താല്‍പര്യ പത്രവുമായി ബന്ധപ്പെട്ട്‌ നോഡല്‍ ഓഫീസര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യഥാസമയം രേഖപ്പെടുത്തുന്നതിനും നിക്ഷേപകര്‍ നല്‍കുന്ന അനുമതി അപേക്ഷകള്‍ രേഖപ്പെടുത്തി അവലോകനം ചെയ്യുന്നതിനുള്ള മൊഡ്യൂളുകളും ഓണ്‍ലൈന്‍ സംവിധാനത്തിലുണ്ട്‌.താല്‍പര്യപത്രങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനും സുഗമമായ പദ്ധതി നിര്‍വഹണത്തിനും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനുമായി ഉപദേശക സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്‌. വ്യവസായ വകുപ്പ്‌ മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഈ സമിതിയില്‍ വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ.എസ്‌.ഐ.ഡി.സി. മാനേജിങ്‌ ഡയറക്‌ടര്‍, വ്യവസായ വാണിജ്യ ഡയറക്‌ടര്‍, കിന്‍ഫ്ര മാനേജിങ്‌ ഡയറക്‌ടര്‍, വിവിധ വ്യവസായ സംഘടനകളുടെ പ്രതിനിധികള്‍, കെ.എസ്‌.ഐ.ഡി.സിയുടെ ബോര്‍ഡ്‌ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്‌. മുഖ്യമന്ത്രിയുടെ മുന്‍ഗണനാ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ആ തലത്തിലുള്ള അവലോകനവും നിരന്തരം നടക്കുന്നു. പദ്ധതി നിര്‍വഹണം വേഗത്തിലാക്കുന്നതിന്‌ വിവിധ വകുപ്പുകളിലായി 31 നയ പരിഷ്‌കാരങ്ങളുടെ ഡോസിയര്‍ തയ്യാറാക്കി. ഇന്‍വെസ്‌റ്റ്‌ കേരള ഗേ്ലാബല്‍ സമ്മിറ്റിലൂടെ വന്ന പദ്ധതികള്‍ക്ക്‌ പ്രഥമ പരിഗണ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പില്‍ ടാസ്‌ക്‌ഫോഴ്‌സ്‌ രൂപീകരിക്കുകയും ജില്ലാ കളക്‌ടറേറ്റുകളില്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ഫെസിലിറ്റേഷന്‍ സെല്ലുകള്‍ ആരംഭിക്കുകയും ചെയ്‌തു. ഇത്രയും കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായാണ്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ 104 നിക്ഷേപ താല്‍പര്യപത്രങ്ങളെ നിക്ഷേപമാക്കി പരിവര്‍ത്തനം ചെയ്യാന്‍ സര്‍ക്കാരിന്‌ സാധിച്ചത്‌.
അന്‍പതോളം മുന്നൊരുക്ക പരിപാടികള്‍ നിക്ഷേപ സംഗമത്തിന്‌ മുന്‍പായി സംഘടിപ്പിച്ചിരുന്നു. ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ ഇന്ത്യന്‍ നഗരങ്ങളിലും ദുബായിയിലും ഇന്‍ഡസ്‌ട്രിയല്‍ റോഡ്‌ഷോ സംഘടിപ്പിച്ചു. ഇന്‍വെസ്‌റ്റ്‌ കേരള ഗേ്ലാബല്‍ സമ്മിറ്റിന്‌ മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എ.ഐ. കോണ്‍ക്ലേവ്‌, കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്‌സ്‌ റൗണ്ട്‌ ടേബിള്‍ കോണ്‍ക്ലേവ്‌ എന്നിവയ്‌ക്ക്‌ പുറമെ പത്തിലധികം സെക്‌ടറല്‍ കോണ്‍ക്ലേവുകളും പൂര്‍ത്തിയാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായും മലബാര്‍ മേഖലയ്‌ക്കായും പ്രത്യേക കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചു. ഇങ്ങനെ വിപുലമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെട്ടതായതുകൊണ്ടാണ്‌ ഐ.കെ.ജി.എസ്‌. ഏറ്റവുമധികം ഫലപ്രാപ്‌തി നല്‍കിയത്‌. രാജ്യത്തെ ഏറ്റവും പ്രധാന നിക്ഷേപ ലക്ഷ്യ കേന്ദ്രം എന്ന നിലയില്‍ കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വേഗം കൂടിയിരിക്കുന്നു.

പി. രാജീവ്‌
(നിയമ, വ്യവസായ, കയര്‍ വകുപ്പ്‌ മന്ത്രി)

Ads by Google
Tuesday 23 Dec 2025 08.23 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW