-->
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്ക് പരോള്‍. വലിയ വിമര്‍ശനം ഉയരുന്നതിനിടയില്‍ രണ്ടാഴ്ചത്തെ പരോളിലാണ് ഇരുവരും പുറത്തിറങ്ങിയത്. പ്രതികളില്‍ പരോള്‍ കിട്ടുന്നവരുടെ എണ്ണം ഇപ്പോള്‍ മൂന്നായി.
പരോള്‍ സ്വഭാവിക നടപടിയാണെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസം നാലാം പ്രതി രജീഷിന് 20 ദിവസത്തേക്ക് പരോള്‍ അനുവദിച്ചിരുന്നു. ജനുവരി 10-ന് ഇയാള്‍ക്ക് തിരിച്ച് ജയിലിലെത്തണം.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഷ്ടംപോലെ പരോള്‍ അനുവദിക്കുന്നതിന് ജയില്‍ ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് പരോള്‍ കിട്ടുന്നത്.
പരോളിനും ജയിലില്‍ സൗകര്യമൊരുക്കാനും ഡിഐജി വിനോദ് കുമാര്‍ തടവുകാരുടെ ബന്ധുക്കളില്‍നിന്ന് പണം വാങ്ങുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. 2024 ഡിസംബര്‍ മുതല്‍ ജൂലായ് വരെ മൂന്ന് പരോളുകളാണ് സുനിക്ക് ജയില്‍ വകുപ്പ് അനുവദിച്ചത്.