-->
കാലിഫോര്‍ണിയയിലെ വൈറ്റ് മൗണ്ടന്‍സിലെ ഇന്‍യോ നാഷണല്‍ ഫോറസ്‌റ്റ്... അവിടെയാണു ലോകത്തിലെ ഏറ്റവും പ്രായമുള്ള മരം സ്‌ഥിതിചെയ്യുന്നത്. ആ ബ്രിസ്‌റ്റില്‍കോണ്‍ പൈന്‍ മരത്തിന് അയ്യായിരം വര്‍ഷത്തോളം പഴക്കമുണ്ട്. ആ തോട്ടം ആര്‍ക്കും സന്ദര്‍ശിക്കാം. പക്ഷേ, മുത്തച്‌ഛന്‍ മരത്തെ തിരിച്ചറിയാനുള്ള അടയാളമൊന്നും അവിടുണ്ടാകില്ല. ആ മരത്തിന്റെ തന്നെ രക്ഷയ്‌ക്കാണ് ആ മുന്‍കരുതല്‍. അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണം പ്രോമിത്യൂസാണ്. കിഴക്കന്‍ നെവാഡയിലെ ഗ്രേറ്റ് ബേസിന്‍ നാഷണല്‍ പാര്‍ക്കിലായിരുന്നു അതുനിലനിന്നത്. 5000 വയസുള്ള ആ മരം വെട്ടിനശിപ്പിച്ചത് ഒരു ഗവേഷകനായിരുന്നു...
******************************
ഗ്രീക്ക് പുരാണകഥാപാത്രമാണു പ്രോമിത്യൂസ്. അദ്ദേഹം ദൈവങ്ങളെ ധിക്കരിച്ച് അഗ്നി മോഷ്‌ടിക്കുകയും അതു സാങ്കേതികവിദ്യ, അറിവ്, നാഗരികത എന്നീ രൂപത്തില്‍ മനുഷ്യരാശിക്കു നല്‍കുകയും ചെയ്‌തു എന്നാണു പുരാണം. അദ്ദേഹം മനുഷ്യരാശിയുടെ സംരക്ഷകന്‍ എന്ന നിലയിലും അറിയപ്പെടുന്നു.
1950 കളില്‍ വിനോദസഞ്ചാരികള്‍ അധികം ശ്രദ്ധിക്കാത്ത മേഖലയായിരുന്നു കിഴക്കന്‍ നെവാഡയിലെ വൈറ്റ് പൈന്‍ കൗണ്ടി. അവിടെ സമുദ്രനിരപ്പില്‍നിന്ന് 13,063 അടി ഉയരത്തില്‍ കുറേ ബ്രിസ്‌റ്റില്‍കോണ്‍ പൈന്‍ മരങ്ങളുണ്ടായിരുന്നു. അവയ്‌ക്കു നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നു ഗവേഷകര്‍ക്ക് അറിയാമായിരുന്നു. പക്ഷേ, ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന ജീവനുള്ള മരങ്ങളില്‍ ചിലത് ആ കൂട്ടത്തിലുണ്ടായിരുന്നു. അവയിലൊന്നായിരുന്നു 'പ്രോമിത്യൂസ്'.
പ്രോമിത്യൂസിന്റെ പതനം
അപ്രതീക്ഷിതമായാണു നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി ഡോണള്‍ഡ് റസ്‌ക് കറിയുടെ ശ്രദ്ധ പ്രോമിത്യൂസില്‍ പതിഞ്ഞത്. ആ മരത്തിന്റെ കാമ്പ് പരിശോധിക്കാന്‍ റസ്‌ക് തീരുമാനിച്ചു. മരത്തില്‍നിന്നു സാമ്പിളെടുക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു. പക്ഷേ, അതു വെട്ടിമുറിച്ചു പരിശോധിക്കണമെന്ന് അദ്ദേഹത്തിനു തോന്നി.
ഹ്രസ്വ ഹിമയുഗ കാലഘട്ട (1650, 1770, 1850 വര്‍ഷങ്ങളില്‍ ഹ്രസ്വ ഹിമയുഗമുണ്ടായി) ത്തിലെ കാലാവസ്‌ഥാ സംഭവങ്ങള്‍ നിര്‍ണയിക്കാന്‍ ബ്രിസ്‌റ്റില്‍കോണ്‍ മരങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു റസ്‌ക്. എന്തായാലും ഫോറസ്‌റ്റ് സര്‍വീസില്‍നിന്നു മരം വെട്ടാന്‍ റസ്‌കിന് അനുമതി ലഭിച്ചു. 1964 ഓഗസ്‌റ്റില്‍ പ്രോമിത്യൂസ് നിലംപതിച്ചു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മരങ്ങളിലൊന്നാണു നിലംപതിച്ചതെന്നു വൈകാതെ ഗവേഷകര്‍ മനസിലാക്കി. ശാസ്‌ത്രലോകത്ത് അതു ചര്‍ച്ചയായി. റസ്‌കിന്റെ ജീവിതത്തെ ആ സംഭവം വേട്ടയാടുകയും ചെയ്‌തു.
എങ്കിലും ഗ്രേറ്റ് ബേസിന്‍ നാഷണല്‍ പാര്‍ക്ക് രൂപീകരിക്കുന്നതിന് ആ സംഭവം സഹായകമായി. 1965നു മുമ്പ്, ബ്രിസ്‌റ്റില്‍കോണ്‍ മരങ്ങളുടെ ആരാധകര്‍ വളരെ കുറവായിരുന്നു. മരത്തിന്റെ പ്രായംകൊണ്ടുള്ള സൗന്ദര്യം ഇഷ്‌ടപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാര്‍, കുറച്ച് ശാസ്‌ത്രജ്‌ഞര്‍ എന്നിവരായിരുന്നു അവയെ ശ്രദ്ധിച്ചിരുന്നത്.
വളയങ്ങള്‍ എണ്ണിത്തളര്‍ന്നു
നിലംപതിച്ച പ്രോമിത്യൂസിനെ പല ഭാഗങ്ങളായി മുറിച്ചു. ചില ശകലങ്ങള്‍ വേര്‍തിരിച്ചെടുത്ത് ആദ്യം റസ്‌കും പിന്നീട് മറ്റുള്ളവരും വിശകലനം ചെയ്യാനായി കൊണ്ടുപോയി. മരത്തിന്റെ ഭാഗങ്ങള്‍ വിവിധ സ്‌ഥലങ്ങളില്‍ എത്തിച്ചേര്‍ന്നു. അവയില്‍ ചിലത് പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. ഗ്രേറ്റ് ബേസിന്‍ നാഷണല്‍ പാര്‍ക്ക് വിസിറ്റര്‍ സെന്റര്‍ (ബേക്കര്‍, നെവാഡ), യേലി കണ്‍വന്‍ഷന്‍ സെന്റര്‍ (നെവാഡ), യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ ലബോറട്ടറി ഓഫ് ട്രീറിജ് റിസര്‍ച്ച് (ടക്‌സണ്‍, അരിസോണ), യു.എസ്. ഫോറസ്‌റ്റ് സര്‍വീസിന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്‌റ്റ് ജെനറ്റിക്‌സ് (പ്ലാസെര്‍വില്ലെ, കാലിഫോര്‍ണിയ) എന്നിവിടങ്ങളില്‍ പ്രോമിത്യൂസിന്റെ അവശിഷ്‌ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു.
ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ റസ്‌ക് സൂക്ഷ്‌മദര്‍ശിനിയിലൂടെ വളയങ്ങള്‍ ശ്രദ്ധാപൂര്‍വം എണ്ണി. അത് ആയിരക്കണക്കിനു വര്‍ഷങ്ങളിലെത്തിയപ്പോള്‍ അദ്ദേഹം ഞെട്ടി. എണ്ണം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രോമിത്യൂസിന് ഏകദേശം 5,000 വയസായിരുന്നു. റസ്‌കിനു സന്തോഷം തോന്നി, ഒപ്പം വേദനയും.
ബ്രിസ്‌റ്റില്‍കോണ്‍ പൈനുകള്‍, പ്രത്യേകിച്ച് ഗ്രേറ്റ് ബേസിന്‍ മേഖലയിലുള്ളവ, സാവധാനമുള്ള വളര്‍ച്ചയ്‌ക്ക് പേരുകേട്ടവയാണ്. അത് അവയെ കഠിനമായ കാലാവസ്‌ഥയെ അതിജീവിക്കാന്‍ സഹായിക്കും. അതാണ് ആയുസിന്റെ രഹസ്യം. എങ്കിലും അവ ഏറെ ഉയരത്തിലെത്താറില്ല. കാലിഫോര്‍ണിയയിലെ റെഡ്‌വുഡ് വനങ്ങളിലെ ഭീമാകാരമായ വൃക്ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആളുകള്‍ ബ്രിസ്‌റ്റില്‍കോണ്‍ പൈനുകളെ ശ്രദ്ധിക്കാതിരിക്കാന്‍ ആ വലിപ്പക്കുറവും കാരണമായി.
അഞ്ച് ഇഞ്ച് ജീവന്‍!
ഈ സംഭവം പുരാതന ബ്രിസ്‌റ്റില്‍കോണ്‍ മരങ്ങളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. 1986-ല്‍ ഗ്രേറ്റ് ബേസിന്‍ നാഷണല്‍ പാര്‍ക്ക് സ്‌ഥാപിതമായി, പര്‍വതവും അവിടുത്തെ പൈന്‍ മരങ്ങളും ലെഹ്‌മാന്‍ ഗുഹകളും അതിന്റെ പ്രധാന ഭാഗങ്ങളായി.
പ്രോമിത്യൂസ് മരത്തിന്റെ ഭാഗങ്ങള്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശക കേന്ദ്രത്തില്‍ കാണാം. വിചിത്രമായ ആകൃതിയിലുള്ള ഭാഗത്തിന് 12 അടി ചുറ്റളവുണ്ട്, എന്നാല്‍ മരം വെട്ടിമാറ്റിയപ്പോള്‍ ജീവനുള്ള തൊലിയുടെ വീതി അഞ്ച് ഇഞ്ച് മാത്രമായിരുന്നു. മരത്തിന്റെ ഭൂരിഭാഗവും നിര്‍ജീവമായ മരത്തടിയായിരുന്നു. നശിപ്പിച്ചില്ലായിരുന്നെങ്കില്‍ പ്രോമിത്യൂസ് ആയിരം വര്‍ഷം കൂടി ജീവിക്കുമായിരുന്നു.
ഇനിയും ഉണ്ടാകും
മരമുത്തച്‌ഛന്മാര്‍
മരങ്ങളുടെ സഹായത്തോടെ ചരിത്രംതേടുന്ന ഗവേഷകര്‍ക്കു ബ്രിസ്‌റ്റില്‍കോണ്‍ പൈനുകള്‍ പ്രിയങ്കരമായി മാറി. അവയില്‍ അടങ്ങിയ ജൈവ അവശിഷ്‌ടങ്ങളുടെ പ്രായം കണ്ടെത്താന്‍ അവര്‍ റേഡിയോകാര്‍ബണ്‍ ഡേറ്റിങ് ഉപയോഗിച്ചു. കാലാവസ്‌ഥാ നിരീക്ഷകര്‍ പഴയകാലത്തെ കാലാവസ്‌ഥാ സംഭവങ്ങളെക്കുറിച്ച് പഠിക്കാന്‍ മരത്തിന്റെ വളര്‍ച്ചാ വളയങ്ങള്‍ പഠിച്ചു.
1965ന് മുമ്പ് ചിലര്‍ വൈറ്റ് മൗണ്ടന്‍ ബ്രിസ്‌റ്റില്‍കോണ്‍ മരങ്ങള്‍ പഠനത്തിനായി വെട്ടിമാറ്റിയിരുന്നു. അവ നിലത്തു വീണപ്പോള്‍ ഒരു പ്രതിഷേധവും ഉണ്ടായില്ല. പക്ഷേ, പ്രോമിത്യൂസിന്റെ പതനം എല്ലാം മാറ്റിമറിച്ചു. റസ്‌ക് പ്രശസ്‌തനായെങ്കിലും വര്‍ഷങ്ങളോളം അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. പ്രോമിത്യൂസിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. 2004-ല്‍ അദ്ദേഹം അന്തരിച്ചു. സംഭവിച്ചത് ഒരു അബദ്ധമാണെന്ന വാദം ഇപ്പോള്‍ അംഗീകരിക്കപ്പെടുന്നുണ്ട്. അപ്പോഴും ആമസോണിലും എന്തിന് നമ്മുടെ കേരളത്തില്‍പ്പോലും പഴക്കമേറിയ എത്രയോ മരങ്ങള്‍ വെട്ടിമാറ്റുന്നുണ്ട്. ആരും അറിയുന്നില്ലെന്നു മാത്രം.
പ്രോമിത്യൂസിന് അല്‍പം പ്രായക്കുറവായിരുന്നെങ്കില്‍ സംഭവം ആരും അറിയുകപോലുമില്ലായിരുന്നു. ചിലര്‍ സൗന്ദര്യപരമായ കാരണങ്ങളാലും മറ്റുചിലര്‍ രാഷ്‌ട്രീയം അല്ലെങ്കില്‍ ശാസ്‌ത്രീയ കാരണങ്ങളാലും പ്രോമിത്യൂസിന്റെ പതനത്തില്‍ ദുഃഖിച്ചു. അത് അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കംചെന്ന ജീവനുള്ള മരത്തിന്റെ മരണമായിരുന്നു. ആ പഴക്കത്തെ അടുത്തറിയണമെങ്കില്‍ ചരിത്രത്തിലേക്കു മടങ്ങണം. പ്രോമിത്യൂസ് മുളച്ചുതുടങ്ങിയത് ബി.സി. 2900 ലാണ്. ഈജിപില്‍ ഫറവോമാര്‍ ഭരിച്ചിരുന്ന കാലമായിരുന്നു അത്. പിന്നെയും നൂറ്റാണ്ടുകള്‍ക്കു ശേഷമാണു ജൂലിയസ് സീസര്‍ (ബി.സി. 100) ജനിച്ചത്. പ്രോമിത്യൂസിനേക്കാള്‍ പ്രായമുള്ള മരങ്ങള്‍ കാടുകളില്‍ മറഞ്ഞിരിപ്പുണ്ടാകും. 80,000 വര്‍ഷം പഴക്കമുള്ള മരക്കൂട്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, മരക്കൂട്ടത്തിലെ മരങ്ങള്‍ ഓരോന്നായി പരിശോധിച്ചാല്‍ 4000 വര്‍ഷം വരെ പഴക്കമുള്ള കണ്ടെത്താനായുള്ളൂ.