-->
അഭ്രപാളിയില്‍ മലയാളിക്കുനേരേ പിടിച്ച കണ്ണാടിയായിരുന്നു ശ്രീനിവാസന്‍ സിനിമകള്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ നിറഞ്ഞുനിന്ന മേഖലകളിലെല്ലാം നര്‍മം പൊതിഞ്ഞ് കാഴ്‌ചക്കാരെ ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത 'ശ്രീ' ഓര്‍മയായതിലൂടെ മലയാള സിനിമയ്‌ക്കു മാത്രമല്ല, നാടിന്റെ സാംസ്‌കാരിക മണ്ഡലത്തിലും സൃഷ്‌ടിക്കപ്പെട്ടതു വലിയ ശൂന്യതയാണ്. 'പകരക്കാരന്‍ ഇല്ലാത്തൊരാള്‍' എന്നു നിസംശയം വിശേഷിപ്പിക്കാവുന്നൊരാളിന്റെ വേര്‍പാട്. കൊച്ചി, കണ്ടനാട്ടെ വീട്ടുവളപ്പില്‍ എരിഞ്ഞടങ്ങിയെങ്കിലും ഒരു കാലഘട്ടത്തിന്റെ ചിരിമുദ്രയായി ശ്രീനിവാസന്‍ മലയാളിക്കൊപ്പം എന്നുമുണ്ടാകും.
കഥാപാത്രങ്ങള്‍ മാത്രമല്ല, ഒരു മുഴങ്ങുന്ന ചിരിയായിരുന്നു ശ്രീനിവാസന്റെ സാന്നിധ്യവും. തനിക്കു ചുറ്റുമുള്ളവരെ തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയുന്നൊരു വ്യക്‌തിത്വം. വലിപ്പച്ചെറുപ്പമില്ലാതെ കാത്തുസൂക്ഷിച്ച സൗഹൃദങ്ങളുടെ അമരത്തുനിന്നാണ് ശ്രീനിവാസന്‍ വിടവാങ്ങിയത്. സഹപ്രവര്‍ത്തകര്‍ക്കു കണ്‌ഠമിടറാതിരിക്കാന്‍ കഴിഞ്ഞില്ല;പ്രേക്ഷകര്‍ക്കു കണ്ണീര്‍ പൊഴിക്കാതിരിക്കാനും. അവര്‍ ശ്രീനി സിനിമകളില്‍ കണ്ടതത്രയും അവരെത്തന്നെയായിരുന്നല്ലോ. ശ്രീനിവാസന്‍ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'നാടോടിക്കാറ്റി'ലെ 'വിജയനേയും ദാസനേയും' ചുറ്റുമുള്ള ജീവിതപരിസരത്തില്‍ ഒരിക്കലെങ്കിലും കാണാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്ന് ശ്രീനി അവതരിപ്പിച്ച കഥാപാത്രം മോഹന്‍ലാലിന്റെ ദാസനോടു പറഞ്ഞിട്ട് 38 വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലമിത്രയായിട്ടും ഒരു മടുപ്പും ഇല്ലാതെ ഈയൊരു ഡയലോഗ് മലയാളി പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇനിയും ഇനിയും പറയുകയും ചെയ്യും.
ഇത്തരത്തില്‍ മലയാളി സ്വന്തമാക്കിയ ഡയലോഗുകള്‍ എത്രയോ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ചതുമായ കഥാപാത്രങ്ങളുടേതാണ്. സന്തോഷത്തിന്റെ, സങ്കടത്തിന്റെ, നിരാശയുടെ, വിരഹത്തിന്റെ വേളയില്‍ പറയാന്‍ മനസിലൊരു ശ്രീനിവാസന്‍ ഡയലോഗ് ഉദിച്ചുവരും. അതായിരുന്നു ശ്രീനിവാസന്റെ എഴുത്തിന്റെ മാജിക്. അതുകൊണ്ടുതന്നെ, ശ്രീനി ചിത്രങ്ങള്‍ക്കു കിട്ടിയ മികച്ച വരവേല്‍പ്പ് മലയാള സിനിമയുടെ തലവര മാറ്റാന്‍ പര്യാപ്‌തമായി. സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും സിനിമകള്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍, മാമുക്കോയ, ശങ്കരാടി, തിലകന്‍ എന്നിങ്ങനെ മണ്‍മറഞ്ഞുപോയ കലാകാരന്മാരെ മലയാളിയുടെ മനസില്‍ അനശ്വരമാക്കിയതിനുപിന്നില്‍ ശ്രീനിയുടെ പ്രതിഭാസ്‌പര്‍ശമുള്ള എഴുത്തിന് വലിയ പങ്കാണുള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന സൂപ്പര്‍താര നിരയ്‌ക്കും ശ്രീനിയുടെ കഥാപാത്രങ്ങള്‍ നല്‍കിയ 'റീച്ച്' മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗം തന്നെ.
എണ്‍പതുകളില്‍ മലയാളി യുവാക്കള്‍ നേരിട്ട കടുത്ത തൊഴിലില്ലായ്‌മ പ്രമേയമാക്കി ചിത്രീകരിക്കപ്പെട്ട സിനിമകളിലും ചിരിയുടെ മധുരം ചേര്‍ക്കാന്‍ ശ്രീനിവാസനു കഴിഞ്ഞു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. മടുക്കാതെ ആസ്വദിക്കാനും പ്രതീക്ഷയോടെ കാത്തിരിക്കാനും ഇത്തരം സിനിമകള്‍ പ്രേരകമായി. കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ പകര്‍ത്തിയപ്പോഴും ചിരിയുടെ വഴി വെടിഞ്ഞില്ല. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും 'സ്‌റ്റില്ലില്‍' അവസാനിച്ച ക്ലൈമാക്‌സുകള്‍ പ്രേക്ഷക മനസുകളില്‍ പ്രതീക്ഷയും സന്തോഷവും ഒരുപോലെ നിറച്ചു.
വാണിജ്യവിജയം അനിവാര്യമായ സിനിമയില്‍ ശ്രീനിവാസന്റെ സാന്നിധ്യം അതിനൊരു ഘടകമായി മാറിയതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ഓരോ ശ്രീനിവാസന്‍ സിനിമയ്‌ക്കും വേണ്ടിയുള്ള കാത്തിരിപ്പിലേക്കും മലയാളിയെ നയിക്കാന്‍ കഴിഞ്ഞൊരു കൂര്‍മബുദ്ധി പ്രയോഗിക്കാന്‍ ശ്രീനിവാസനിലെ സിനിമാക്കാരനു കഴിഞ്ഞു. സിനിമയുടെ രസതന്ത്രം ഇത്രയും മനസിലാക്കിയ മറ്റൊരു മലയാള ചലച്ചിത്രകാരന്‍ ഉണ്ടാവില്ല. നടന്റെ റോളില്‍, സ്വന്തം പരിമിതികളിലേക്കുനോക്കി ചിരിച്ചും കാണികളെ ഒപ്പം ചിരിപ്പിച്ചും വിസ്‌മയം തീര്‍ക്കാന്‍ ശ്രീനി എന്ന താരത്തിനു നിഷ്‌പ്രയാസം കഴിഞ്ഞു. ബുദ്ധിജീവി ജാഡകള്‍ ഇല്ലാതെ തന്റെ സിനികളുടെ 'സന്ദേശം' നേരിട്ടും ആഴത്തിലും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ശ്രീനിവാസന്‍ എന്ന ചലച്ചിത്ര പ്രതിഭയുടെ യഥാര്‍ഥ മികവും വിജയവും. തീരാനഷ്‌ടത്തിന്റെ വേദനയോടെ മലയാള സിനിമയിലെ മഹാപ്രതിഭയ്‌ക്ക് പ്രണാമം.