-->
ഇന്ത്യയുടെ ഗ്രാമീണ തൊഴില്‍ നയത്തില്‍ സുപ്രധാനമായ മാറ്റത്തിന് തുടക്കം കുറിച്ച്, 2025-ലെ വിക്‌സിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വി.ബി-ജി റാം ജി) ബില്ലിന് രാഷ്ര്‌ടപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ഗ്രാമീണ കുടുംബങ്ങള്‍ക്കുള്ള നിയമപരമായ വേതനാധിഷ്‌ഠിത തൊഴിലുറപ്പ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 125 ദിവസമായി വര്‍ധിക്കുകയാണ്.
ഇന്ത്യയുടെ ഗ്രാമീണ തൊഴില്‍ വികസന ചട്ടക്കൂടില്‍ നിര്‍ണായകമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്ന വിക്‌സിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ 2025, പാര്‍ലമെന്റ് നേരത്തെ പാസാക്കിയിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005ന് പകരമായി, ഉപജീവന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതും, 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള കാഴ്‌ചപ്പാടുമായി പൊരുത്തപ്പെടുന്നതുമായ ആധുനിക, നിയമപരമായ ചട്ടക്കൂട് ഈ നിയമം കൊണ്ടുവരുന്നു.
വെറുമൊരു ക്ഷേമപദ്ധതിയെന്നതിലുപരി, ഗ്രാമീണ തൊഴിലിനെ വികസനത്തിനുള്ള സംയോജിത മാര്‍ഗ്ഗമായി മാറ്റാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ശാക്‌തീകരണം, ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, വികസന പദ്ധതികളുടെ ഏകോപനം, സമ്പൂര്‍ണ സേവന ലഭ്യത എന്നിവ ഇതിന്റെ അടിസ്‌ഥാന ശിലകളാണ്.
നിയമത്തിന്റെ പ്രധാന സവിശേഷതകള്‍
നിയമപരമായ തൊഴിലുറപ്പ് വര്‍ധിപ്പിക്കല്‍
അവിദഗ്‌ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള മുതിര്‍ന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴില്‍ ഈ നിയമം ഉറപ്പാക്കുന്നു
മുമ്പുണ്ടായിരുന്ന 100 ദിവസമെന്ന തൊഴില്‍പരിധി വര്‍ദ്ധിപ്പിച്ചത് കുടുംബങ്ങളുടെ ഉപജീവന സുരക്ഷയും വരുമാന സ്‌ഥിരതയും വര്‍ദ്ധിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ വികസനത്തില്‍ കൂടുതല്‍ ഫലപ്രദമായും അര്‍ഥവത്തായും പങ്കുചേരാന്‍ ഗ്രാമീണ ജനതയെ പ്രാപ്‌തരാക്കുന്നു.
കൃഷിക്കും ഗ്രാമീണ തൊഴിലിനും
തുല്യ പരിഗണന
വിത്തുവിതയ്‌ക്കല്‍, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി കാലയളവുകളില്‍ ആവശ്യമായ കര്‍ഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആകെ 60 ദിവസത്തില്‍ കവിയാത്ത ഇടവേള പ്രഖ്യാപിക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് ഈ നിയമം അധികാരം നല്‍കുന്നു. എങ്കിലും 125 ദിവസത്തെ സമ്പൂര്‍ണ തൊഴിലുറപ്പ് തുടര്‍ന്നും നിലനില്‍ക്കും;ബാക്കിയുള്ള കാലയളവില്‍ അത് നല്‍കും. ഇത് കാര്‍ഷിക ഉല്‍പ്പാദനക്ഷമതയെയും തൊഴിലാളികളുടെ സുരക്ഷയെയും ഒരുപോലെ സംരക്ഷിക്കുന്നു.
സമയബന്ധിതമായ വേതന വിതരണം
ജോലി പൂര്‍ത്തിയാക്കി ഒരാഴ്‌ചയ്‌ക്കുള്ളിലോ, പരമാവധി പതിനഞ്ച് ദിവസത്തിനുള്ളിലോ വേതനം നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. നിശ്‌ചിത കാലയളവിനപ്പുറം കാലതാമസം നേരിടുന്ന സാഹചര്യത്തില്‍, പറഞ്ഞിരിക്കുന്ന വ്യവസ്‌ഥകള്‍ക്കനുസൃതമായി കാലതാമസത്തിന് നഷ്‌ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇതിലൂടെ വേതന സുരക്ഷ ശക്‌തിപ്പെടുകയും തൊഴിലാളികളെ കാലതാമസത്താലുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഉല്‍പ്പാദനക്ഷമമായ ഗ്രാമീണ
അടിസ്‌ഥാനസൗകര്യങ്ങളുമായി
ബന്ധപ്പെട്ട തൊഴില്‍
നിയമപ്രകാരമുള്ള തൊഴിലുറപ്പ് പദ്ധതിയെ താഴെ പറയുന്ന നാല് പ്രധാന മേഖലകളിലെ സുസ്‌ഥിര ആസ്‌തി നിര്‍മ്മാണവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.
1. ജലസുരക്ഷയും ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികളും
2. പ്രധാന ഗ്രാമീണ അടിസ്‌ഥാനസൗകര്യങ്ങള്‍
3. ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്‌ഥാനസൗകര്യങ്ങള്‍
4. കാലാവസ്‌ഥാ വ്യതിയാനങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രവൃത്തികള്‍
എല്ലാ പ്രവൃത്തികളും അടിത്തട്ടില്‍നിന്നു മുകളിലേക്ക് എന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ സൃഷ്‌ടിക്കപ്പെടുന്ന എല്ലാ ആസ്‌തികളും വിക്‌സിത് ഭാരത് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ സ്‌റ്റോക്കിലേക്ക് സംയോജിപ്പിക്കും. ഇത് വ്യത്യസ്‌ത പ്രാദേശിക ആവശ്യങ്ങള്‍ അടിസ്‌ഥാനമാക്കി നിര്‍ണായകമായ ഗ്രാമീണ അടിസ്‌ഥാനസൗകര്യങ്ങളുടെ പരിപൂര്‍ണത ലക്ഷ്യമിട്ടുള്ളതാണ്.
ദേശീയ സംയോജനത്തോടുകൂടിയ
വികേന്ദ്രീകൃത ആസൂത്രണം
എല്ലാ പ്രവൃത്തികളും വികസിത് ഗ്രാമപഞ്ചായത്ത് പദ്ധതികളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്, ഗ്രാമപഞ്ചായത്ത് തലത്തില്‍ പങ്കാളിത്ത പ്രക്രിയകളിലൂടെ തയ്യാറാക്കുകയും ഗ്രാമസഭ അംഗീകരിക്കുകയും ചെയ്യുന്നു.
ഈ പദ്ധതികള്‍ പിഎം ഗതി ശക്‌തി ഉള്‍പ്പെടെയുള്ള ദേശീയ പ്ലാറ്റ്‌ഫോമുകളുമായി ഡിജിറ്റലായും സ്‌ഥലപരമായും സംയോജിപ്പിച്ചിരിക്കുന്നു. വികേന്ദ്രീകൃതമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം നിലനിര്‍ത്തി, ഗവണ്‍മെന്റിന്റെ സര്‍വതോമുഖ സംയോജനം സാധ്യമാക്കുന്നു.
ഈ സംയോജിത ആസൂത്രണ സംവിധാനം വഴി മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കും. ഒരേ പ്രവൃത്തികള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാനും പൊതുമുതല്‍ പാഴാകാതെ സൂക്ഷിക്കാനും ഇതുവഴി സാധിക്കും. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് അടിസ്‌ഥാനസൗകര്യങ്ങള്‍ എല്ലാവരിലും എത്തിക്കുന്ന 'സാച്ചുറേഷന്‍' അധിഷ്‌ഠിത വികസനം വേഗത്തിലാക്കാന്‍ ഈ ചട്ടക്കൂട് സഹായിക്കുന്നു.
പരിഷ്‌കരിച്ച സാമ്പത്തിക ഘടന
ഈ നിയമം കേന്ദ്രപിന്തുണയുള്ള പദ്ധതിയായി നടപ്പാക്കുന്നു. നിയമത്തിലെ വ്യവസ്‌ഥകള്‍ക്ക് അനുസൃതമായി സംസ്‌ഥാന ഗവണ്മെന്റുകള്‍ ഇത് വിജ്‌ഞാപനം ചെയ്‌ത് പ്രാവര്‍ത്തികമാക്കും. കേന്ദ്രവും സംസ്‌ഥാനങ്ങളും തമ്മില്‍ 60:40 എന്ന അനുപാതത്തിലും, വടക്കുകിഴക്കന്‍-ഹിമാലയന്‍ സംസ്‌ഥാനങ്ങള്‍ക്ക് 90:10 എന്ന അനുപാതത്തിലും, നിയമസഭകളില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് 100% കേന്ദ്രധനസഹായത്തിലുമാണ് ചെലവ് പങ്കിടുന്നത്. വസ്‌തുനിഷ്‌ഠമായ മാനദണ്ഡങ്ങളെ അടിസ്‌ഥാനമാക്കി സംസ്‌ഥാനം തിരിച്ചുള്ള മാനദണ്ഡ വിഹിതങ്ങള്‍ വഴിയാണ് ധനസഹായം നല്‍കുന്നത്. തൊഴില്‍, തൊഴിലില്ലായ്‌മ വേതനം എന്നിവയ്‌ക്കുള്ള നിയമപരമായ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുന്നതിനൊപ്പം പ്രവചനാത്മകത, സാമ്പത്തിക അച്ചടക്കം, മികച്ച ആസൂത്രണം എന്നിവ ഉറപ്പാക്കുന്നു.
കരുത്തുറ്റ ഭരണനിര്‍വഹണ ശേഷി
ഭരണപരമായ ആവശ്യങ്ങള്‍ക്കായി നീക്കിവയ്‌ക്കാവുന്ന തുകയുടെ പരിധി 6 ശതമാനത്തില്‍ നിന്നും 9 ശതമാനമായി ഉയര്‍ത്തി. ഇത് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും, അവര്‍ക്ക് മികച്ച പരിശീലനം നല്‍കാനും, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കാനും, ഫീല്‍ഡ് തലത്തിലുള്ള പിന്തുണ ഉറപ്പാക്കാനും സഹായിക്കും. ഇതുവഴി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈവരിക്കാന്‍ സ്‌ഥാപനങ്ങള്‍ക്ക് സാധിക്കും.
2047-ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിന് അനുസൃതമായി ഇന്ത്യയുടെ ഗ്രാമീണ തൊഴില്‍ ചട്ടക്കൂട് പുതുക്കുന്നതിനും ശക്‌തിപ്പെടുത്തുന്നതിനുമുള്ള നിര്‍ണായക ചുവടുവയ്‌പ്പിനെയാണ് വിക്‌സിത് ഭാരത് - ഗ്യാരന്റിണ്ടി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) നിയമം 2025 പ്രതിനിധാനം ചെയ്യുന്നത്. 125 ദിവസത്തെ നിയമപരമായ വേതനാധിഷ്‌ഠിത തൊഴിലുറപ്പ് വര്‍ധിപ്പിക്കുന്നതിലൂടെ, തൊഴില്‍ ആവശ്യപ്പെടാനുള്ള അവകാശം ഈ നിയമം കൂടുതല്‍ ശക്‌തിപ്പെടുത്തുന്നു.
തൊഴിലുറപ്പും അവകാശവും
തൊഴില്‍ ആവശ്യപ്പെടാനുള്ള അവകാശത്തെ നിയമം ദുര്‍ബലപ്പെടുത്തുന്നില്ല. നേരെമറിച്ച്, യോഗ്യരായ ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനം ഉറപ്പായ തൊഴില്‍ നല്‍കുന്നതിന് ഗവണ്മെന്റിനു വ്യക്‌തമായ നിയമപരമായ ബാധ്യത നല്‍കുന്നു. ഉത്തരവാദിത്വവും പരാതി പരിഹാര സംവിധാനങ്ങളും ശക്‌തിപ്പെടുത്തുന്നതിനൊപ്പം ഗ്യാരന്റി ദിവസങ്ങളുടെ വിപുലീകരണം ഈ അവകാശത്തിന്റെ നടപ്പാക്കല്‍ സാധ്യതയെ ശക്‌തിപ്പെടുത്തുന്നു.
ധനസഹായവും തൊഴില്‍ ലഭ്യമാക്കലും
മാനദണ്ഡാധിഷ്‌ഠിത വിഹിതത്തിലേക്കുള്ള മാറ്റം ബജറ്റ് തയ്യാറാക്കുന്നതിനും തുക കൈമാറുന്നതിനുമുള്ള നടപടിക്രമങ്ങളില്‍ മാത്രമാണ്. ഇത് തൊഴില്‍ ലഭിക്കാനുള്ള നിയമപരമായ അവകാശത്തെ ബാധിക്കുന്നില്ല. നിയമം തൊഴില്‍ അല്ലെങ്കില്‍ തൊഴിലില്ലായ്‌മ വേതനം നല്‍കാനുള്ള നിയമപരമായ ബാധ്യത നിലനിര്‍ത്തി, നിയമാധിഷ്‌ഠിതവും പ്രവചനാത്മകവുമായ വിഹിതങ്ങള്‍ ഉറപ്പാക്കുന്നു.
വികേന്ദ്രീകരണവും
പഞ്ചായത്തുകളുടെ പങ്കും
ഈ നിയമം ആസൂത്രണമോ നടപ്പിലാക്കലോ കേന്ദ്രീകൃതമാക്കുന്നില്ല. 16 മുതല്‍ 19 വരെയുള്ള വകുപ്പുകള്‍ പ്രകാരം പദ്ധതി ആസൂത്രണം ചെയ്യാനും, നടപ്പിലാക്കാനും, മേല്‍നോട്ടം വഹിക്കാനുമുള്ള അധികാരം അതത് തലങ്ങളിലെ പഞ്ചായത്തുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ജില്ലാ അധികാരികള്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. പ്രാദേശികമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം പഞ്ചായത്തുകളില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട്, പദ്ധതികളുടെ സുതാര്യതയും ഏകോപനവും ഉറപ്പാക്കാന്‍ മാത്രമാണ് ദേശീയതലത്തിലുള്ള സംയോജനം ലക്ഷ്യമിടുന്നത്.
തൊഴിലില്ലായ്‌മ വേതനം
മുന്‍പ് നല്‍കിയിരുന്ന അവകാശ നിഷേധ വ്യവസ്‌ഥകള്‍ ഈ നിയമം നീക്കം ചെയ്യുകയും അര്‍ത്ഥവത്തായ നിയമപരമായ സംരക്ഷണമായി തൊഴിലില്ലായ്‌മ വേതനം പുനഃസ്‌ഥാപിക്കുകയും ചെയ്യുന്നു. അപേക്ഷ നല്‍കി നിശ്‌ചിത സമയപരിധിക്കുള്ളില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, പതിനഞ്ച് ദിവസത്തിന് ശേഷം തൊഴിലില്ലായ്‌മ വേതനം നല്‍കേണ്ടതുണ്ട്.
നിയമം പാസാക്കുന്നത് ഇന്ത്യയുടെ ഗ്രാമീണ തൊഴിലുറപ്പിന്റെ സുപ്രധാനമായ പുനരുജ്‌ജീവനത്തെയാണ് സൂചിപ്പിക്കുന്നത്. നിയമപരമായ തൊഴിലുറപ്പ് 125 ദിവസമായി വര്‍ദ്ധിപ്പിച്ചും, വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടു കൂടിയതുമായ ആസൂത്രണം നടപ്പിലാക്കിയും, ഉത്തരവാദിത്വ സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്തിയും ഈ നിയമം ഗ്രാമീണ തൊഴില്‍ മേഖലയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. വികസന പദ്ധതികളുടെ ഏകോപനത്തിലൂടെയും എല്ലാവരിലും സേവനങ്ങള്‍ എത്തിക്കുന്നതിലൂടെയും ഗ്രാമീണ തൊഴിലിനെ വെറുമൊരു പദ്ധതിയെന്നതിലുപരി ശാക്‌തീകരണത്തിനും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്‌ക്കുമുള്ള തന്ത്രപരമായ മാര്‍ഗ്ഗമായി ഈ നിയമം മാറ്റുന്നു.
(തയാറാക്കിയത് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ )