Sunday, March 15, 2026 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.01 AM

ഓഹരിവിപണിയില്‍ നഷ്‌ടം തുടര്‍ക്കഥ

uploads/news/2025/12/817192/1.jpg

തുടര്‍ച്ചയായ രണ്ടാം വാരവും നഷ്‌ടത്തില്‍നിന്നു കരകയറാനാകാതെ ഇന്ത്യന്‍ ഓഹരി സൂചികകള്‍. ബോംബെ സൂചിക 338 പോയിന്റും നിഫ്‌റ്റി 80 പോയിന്റുംപ്രതിവാര നഷ്‌ടത്തിലാണ്‌. വിനിമയ വിപണിയില്‍ ഡോളറിനെതിരേ രൂപയ്‌ക്കും തിരിച്ചടിയാണ്‌.
അമേരിക്കന്‍ വിപണികള്‍ ക്രിസ്‌മസിന്‌ മുന്നോടിയായി 24 മുതല്‍ അവധിയാണ്‌. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും രണ്ട്‌ ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഏഷ്യയില്‍ ഹോങ്കോങ്ങും ക്രിസ്‌മസ്‌ മൂഡിലാണ്‌. 25 ന്‌ ഇന്ത്യന്‍ മാര്‍ക്കറ്റ്‌ അവധിയായതിനാല്‍ ഈവാരം ഇടപാടുകള്‍ നാലു ദിവസങ്ങളില്‍ ഒതുങ്ങും. മുന്‍നിര ഓഹരിയായ ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, എച്ച്‌.സി.എല്‍. ടെക്‌, എം ആന്‍ഡ്‌ എം, സണ്‍ ഫാര്‍മ,ടാറ്റാസ്‌റ്റീല്‍ തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടിനേരിട്ടു. നിക്ഷേപകര്‍ കാണിച്ച താല്‍പര്യം ഇന്‍ഫോസിസ്‌, ടി.സി.എസ്‌, ടെക്‌ മഹീന്ദ്ര, എയര്‍ടെല്‍, ഐ.ടി.സി, എസ്‌. ബി.ഐ, ആര്‍.ഐ.എല്‍. ഓഹരികള്‍ മികവിലാണ്‌. ആഭ്യന്തരഫണ്ടുകള്‍ നിക്ഷപകരായി നിലകൊണ്ട്‌ മൊത്തം 12,061 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിദേശഫണ്ടുകള്‍ 3850 കോടി രൂപയുടെ ഓഹരികള്‍ വില്‍പ്പന നടത്തിയെങ്കിലും വാരത്തിന്റെ രണ്ടാംപകുതിയില്‍ അവര്‍ 1985 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിദേശ ഓപ്പറേറ്റര്‍മാര്‍ നിക്ഷേപം തിരിച്ചുപിടിക്കാന്‍ നടത്തിയ നീക്കം രൂപയുടെ തളര്‍ച്ച രൂക്ഷമാക്കി. രൂപയുടെ മൂല്യം ഡോളറിനു മുന്നില്‍ 90.42-ല്‍നിന്നു 91.08 വരെ ഇടിഞ്ഞു. വാരാന്ത്യം വിദേശഫണ്ടുകള്‍ നിക്ഷേപകരായത്‌ രൂപയ്‌ക്ക്‌ കരുത്തായി. മാര്‍ക്കറ്റ്‌ കേ്ലാസിങ്ങില്‍ നിരക്ക്‌ 89.55-ലാണ്‌. ബോംബെസൂചിക 85,267 പോയിന്റില്‍ ഇടപാടുകള്‍ തുടങ്ങി. പക്ഷേ, ഉയര്‍ന്നത്‌ 85,286 വരെമാത്രം.
വിദേശ ഓപ്പറേറ്റര്‍മാര്‍ ഈ അവസരത്തില്‍ ബ്ലൂചിപ്‌ ഓഹരികള്‍ വിറ്റഴിക്കാന്‍ മത്സരിച്ചത്‌ വില്‍പ്പനസമ്മര്‍ദത്തിന്‌ ഇടയാക്കി. സൂചിക 84,277വരെ ഒരുവേള ഇടിഞ്ഞശേഷം കേ്ലാസിങ്ങില്‍ 84,929 പോയിന്റിലാണ്‌. ഈ വാരംവില്‍പ്പനസമ്മര്‍ദമുണ്ടായാല്‍ 84,375-83,821 പോയിന്റില്‍ താങ്ങ്‌ പ്രതീക്ഷിക്കാം. അതേസമയം മുന്നേറാന്‍ ശ്രമിച്ചാല്‍ 85,384-86,839 പോയിന്റില്‍ പ്രതിരോധമുണ്ട്‌. നിഫ്‌റ്റി മുന്‍വാരത്തിലെ 26,046-ല്‍നിന്നു കൂടുതല്‍ മികവിന്‌ അവസരം ലഭിച്ചില്ല. ബ്ലൂചിപ്‌ ഓഹരികള്‍ക്കു നേരിട്ട വില്‍പ്പനസമ്മര്‍ദത്തില്‍ നിഫ്‌റ്റി 25,739-ലേക്ക്‌ നീങ്ങിയശേഷം വാരാന്ത്യം 25,966 പോയിന്റിലാണ്‌. ആദ്യതാങ്ങ്‌ 25,788-ലാണ്‌. ഇത്‌ നഷ്‌ടപ്പെട്ടാല്‍ 25,611-ലേക്ക്‌ പരീക്ഷണം നടത്താം.
മുന്നേറിയാല്‍ 26,093-26,221 പോയിന്റില്‍ തടസംനേരിടും. നിഫ്‌റ്റി ഡിസംബര്‍ ഫ്യൂച്ചേഴ്‌സ്‌ 26,145-ല്‍ നിന്ന്‌ ഒരുഘട്ടത്തില്‍ 25,801 വരെ ഇടിഞ്ഞങ്കിലും വാരാന്ത്യത്തിലെ തിരിച്ചുവരവില്‍ 26,030-ലാണ്‌.ഡിസംബര്‍ ഫ്യൂച്ചേഴ്‌സ്‌ ഓപ്പണ്‍ ഇന്ററസ്‌റ്റ്‌ 163 ലക്ഷം കരാറുകളില്‍നിന്ന്‌ 154 ലക്ഷമായി കുറഞ്ഞു.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന്‌ 4,299 ഡോളറില്‍ നിന്ന്‌ 4,373 ഡോളര്‍ വരെ ഉയര്‍ന്നശേഷം വാരാന്ത്യം 4,344 ഡോളറിലാണ്‌.
എം.സി.എക്‌സില്‍ സ്വര്‍ണം ഫെബ്രുവരി അവധി പത്തുഗ്രാമിന്‌ 1,34,196 രൂപയിലാണ്‌. പിന്നിട്ടവാരം 1,33,300 - 1,35,600 രൂപ പരിധിക്കുള്ളില്‍ ചാഞ്ചാടിയെങ്കിലും ജനുവരിയില്‍ വീണ്ടും സ്വര്‍ണവില കുതിച്ചുകയറിയേക്കാം. 1,36,000 രൂപയിലെ പ്രതിരോധം മറികടന്നാല്‍ 1,40,000 ആയിരിക്കും ലക്ഷ്യം. ഇതിനിടയില്‍ തിരുത്തലിന്‌ അവസരം ലഭിച്ചാല്‍ 1,33,300 - 1,30,600 രൂപയിലെ താങ്ങ്‌ നിക്ഷേപത്തിന്‌ അവസരമാക്കാം.

Ads by Google
Monday 22 Dec 2025 09.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW