-->
മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിലുള്ള താത്‌പര്യം കൂടിവരുന്ന കാലഘട്ടമാണിത്. സ്‌ഥിരനിക്ഷേപത്തിനു പലിശനിരക്ക് കുറഞ്ഞതോടെ മികച്ച വളര്‍ച്ചാനിരക്കുള്ള നിക്ഷേപം എന്ന നിലയില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തെ പ്രായഭേദമന്യേ ആളുകള്‍ സ്വീകരിക്കുന്നുണ്ട്.
കോവിഡ് കാലത്തിനുശേഷം വിപണിയിലുണ്ടായ മുന്നേറ്റം മികച്ച വളര്‍ച്ചാനിരക്ക് കാണിക്കുന്നതും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തെക്കുറിച്ചുള്ള വര്‍ധിച്ച അവബോധവും ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
മറ്റു നിക്ഷേപ പദ്ധതികളെപ്പോലെ ഈ നിക്ഷേപത്തിനും ആദായ നികുതിയുടെ പരിധിയില്‍ വരുന്ന നികുതി ബാധകമാണ്. ഏതൊരു നിക്ഷേപവും തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ നികുതിഘടന കൂടി മനസിലാക്കി നിക്ഷേപിക്കുന്നത് നികുതി വഴിയുള്ള നഷ്‌ടം ഒഴിവാക്കാനോ കുറയ്‌ക്കാനോ സഹായകമാകും.
നിക്ഷേപം, കാലാവധി എന്നിവ അനുസരിച്ചാണ് മിക്കവാറും നികുതി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായി ആസൂത്രണംചെയ്‌തു നിക്ഷേപിക്കുക വഴി നിക്ഷേപത്തിലെ നികുതിനഷ്‌ടം ഒരു പരിധിവരെ കുറയ്‌ക്കാം.
2018 നു മുമ്പ് ഓഹരി അധിഷ്‌ഠിത മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നികുതി ബാധകമല്ലായിരുന്നു. എന്നാല്‍ 2018-ലെ ബജറ്റില്‍ ഇത്തരം നിക്ഷേപങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചതുമൂലം നിക്ഷേപത്തിലെ നേട്ടത്തിന് നികുതിയടയ്‌ക്കേണ്ടതായി വരുന്നു. നിക്ഷേപം നടത്തുമ്പോഴോ അല്ലെങ്കില്‍ നിക്ഷേപമായി തുടര്‍ന്നു കൊണ്ടുപോകുമ്പോഴോ നികുതി ബാധ്യത വരില്ല.
എപ്പോഴെങ്കിലും നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടാവുകയും അതില്‍നിന്ന് നേട്ടം ഉണ്ടാകുമ്പോള്‍ മാത്രം നേട്ടത്തിന് നികുതി അടയ്‌ക്കുകയാണ് ചെയ്യേണ്ടത്.
മ്യൂച്ചല്‍ ഫണ്ടുകളില്‍ വിവിധ വിഭാഗങ്ങള്‍ ഉള്ളതിനാല്‍ ഓരോ വിഭാഗത്തിന്റെയും നികുതി ഘടനയിലും വ്യത്യാസമുണ്ട്.ഓഹരി അധിഷ്‌ഠിത മ്യൂച്ചല്‍ ഫണ്ടുകള്‍ 65% ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്ന സ്‌കീമുകളെയാണ് ഓഹരി അധിഷ്‌ഠിത മ്യൂച്ചല്‍ ഫണ്ടുകള്‍ എന്ന് പറയുന്നത്. ഇത്തരത്തില്‍ 65 ശതമാനം ഓഹരിയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപം തുടര്‍ന്നാല്‍ അത്തരം നിക്ഷേപത്തെ ദീര്‍ഘകാലമായി പരിഗണിച്ച് ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് ആണ് ഈടാക്കുന്നത്. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയ്‌ക്ക് മുകളില്‍ വരുന്ന ലാഭത്തിന് 12.5 ശതമാനം നികുതിയാണ് കൊടുക്കേണ്ടി വരിക. അതായത് 1.25 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതിയില്ല. ഈ ഓഹരികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഇതിനെ ഹ്രസ്വകാല നിക്ഷേപമായി കണക്കാക്കുകയും ഇതില്‍നിന്നു ലഭിക്കുന്ന ലാഭത്തിന് 20% നികുതിയാണ് അടയ്‌ക്കേണ്ടതായി വരുന്നത്. 35 ശതമാനത്തിനു താഴെ ഓഹരി അധിഷ്‌ഠിത നിക്ഷേപമുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളെ ഡെബ്‌റ്റ് ഫണ്ടുകള്‍ എന്നാണ് പറയുന്നത്. ഇത്തരം മ്യൂച്ചല്‍ ഫണ്ടുകളുടെ നികുതി ഓഹരി അധിഷ്‌ഠിത മ്യൂച്ചല്‍ ഫണ്ടില്‍നിന്ന് വ്യത്യസ്‌തമാണ്. ഫണ്ടുകളുടെ നികുതി കണക്കാക്കുന്നതിന് നിക്ഷേപ കാലാവധി പരിഗണിക്കാറില്ല. നിക്ഷേപകരുടെ മറ്റു വരുമാനത്തിന്റെ കൂടെ മ്യൂച്ചല്‍ ഫണ്ടുകളില്‍നിന്ന് ലഭിച്ച ലാഭം കൂടി ചേര്‍ത്ത് വരുന്ന നികുതി ഘടനയ്‌ക്ക് അനുസരിച്ചാണ് നികുതി കണക്കാക്കുന്നത്. അതായത് ആകെ വരുമാനത്തില്‍നിന്ന് എത്ര നികുതി അടയ്‌ക്കേണ്ടി വരും എന്നതിന്റെ അടിസ്‌ഥാനത്തില്‍ ആകും നികുതി നല്‍കേണ്ടി വരിക.
മറ്റു വിഭാഗം മ്യൂച്ചല്‍ ഫണ്ടുകളുടെ നികുതി ഓഹരി അധിഷ്‌ഠിത മ്യൂച്ചല്‍ ഫണ്ടുകളുടെയും ഡെബ്‌റ്റ് മ്യൂച്ചല്‍ ഫണ്ടുകളുടെയും നികുതി ഘടനയെ ആധാരമാക്കിയാണ് നികുതി കണക്കാക്കുന്നത്. അതായത് 65 ശതമാനത്തിന് മുകളില്‍ ഓഹരി അധിഷ്‌ഠിത നിക്ഷേപം ഉണ്ടെങ്കില്‍ ഓഹരി അധിഷ്‌ഠിത മ്യൂച്ചല്‍ ഫണ്ടുകളായും 35 ശതമാനത്തില്‍ താഴെ നിക്ഷേപമുള്ളവയെ ഡെബ്‌റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ ആയും കണക്കാക്കി അവയുടെ നികുതി മേല്‍പ്പറഞ്ഞ പ്രകാരം കണ്ടുപിടിക്കും. എന്നാല്‍ ഇന്റര്‍നാഷണല്‍ ഫണ്ട് വിഭാഗത്തിലുള്ള ഓഹരി അധിഷ്‌ഠിത ഫണ്ടുകള്‍ 24 മാസം നിക്ഷേപം തുടര്‍ന്നാല്‍ മാത്രമേ ദീര്‍ഘകാല നിക്ഷേപമായി പരിഗണിക്കൂ. അതേസമയം ഗോള്‍ഡ് ഇടിഎഫില്‍ 12 മാസം നിക്ഷേപിച്ചാല്‍ ദീര്‍ഘകാല നിക്ഷേപമായി പരിഗണിക്കും. എന്നാല്‍ ഗോള്‍ഡ് ഫണ്ട് ഓഫ് ഫണ്ട് വിഭാഗത്തിലെ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ 24 മാസം നിക്ഷേപം തുടര്‍ന്നാല്‍ മാത്രമേ ലോങ് ടേം ക്യാപിറ്റല്‍ നിക്ഷേപമായി പരിഗണിക്കാനാവൂ. അതുപോലെതന്നെ 35 ശതമാനത്തിനും 65 ശതമാനത്തിനും ഇടയിലാണ് ഓഹരി അധിഷ്‌ഠിത നിക്ഷേപം എങ്കില്‍ 24 മാസം നിക്ഷേപം തുടര്‍ന്നാല്‍ മാത്രമേ ദീര്‍ഘകാല നിക്ഷേപം ആയിരിക്കുകയുള്ളൂ. എല്ലാ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കും 12.5 ശതമാനം ആണ് നികുതി കണക്കാക്കുന്നത്. ഫണ്ടുകളില്‍നിന്ന് ലഭിക്കുന്ന ഡിവിഡന്റ് ആകെ വരുമാനത്തിനോടു ചേര്‍ത്ത് ഇന്‍കം ടാക്‌സ് സ്ലാബ് അനുസരിച്ചായിരിക്കും കണക്കാക്കുക.