-->
രാജ്യാന്തര ചലച്ചിത്രമേളയുമായി (ഐ.എഫ്.എഫ്.കെ) ബന്ധപ്പെട്ടു വിവാദങ്ങള്‍ ഉയരുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ആവിഷ്‌കാര സ്വാതന്ത്ര്യവും മേളയുടെ നടത്തിപ്പിലെ പോരായ്‌മകളും തുടര്‍ചര്‍ച്ചയായി മാറുന്ന രീതിയിലാണ് ഇത്തവണയും മേളയുടെ കൊടിയിറക്കം. പതിവുപോലെ സെന്‍സര്‍ വിവാദങ്ങളും ചിത്രങ്ങള്‍ക്കു കേന്ദ്രാനുമതി നിഷേധിക്കലുമെല്ലാം ഉണ്ടായി. കഴിഞ്ഞ 12ന് ആരംഭിച്ച ചലച്ചിത്ര മേളയില്‍ സംസ്‌ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ റസൂല്‍ പൂക്കുട്ടിയുടെ അഭാവവും പ്രതിഷേധത്തിനു കാരണമായി.
കേവലം വിനോദോപാധി എന്നതിനപ്പുറം മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളിലെ രാഷ്‌ട്രീയവും സാമൂഹിക പശ്‌ചാത്തലവും കാണികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. സിനിമയുടെ ഉള്ളടക്കത്തെ ആസ്‌പദമാക്കിയാണു മിക്കവാറും വിവാദങ്ങളെന്നതുകൊണ്ടുതന്നെ, സിനിമയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും ഗൗരവമുള്ള ചിന്ത ഉണ്ടാകണം. 19 ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു മന്ത്രിമാരടക്കം രംഗത്തുവന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള വിദേശചിത്രങ്ങള്‍ക്കു സെന്‍സര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ മൂന്നിനാണ് ഐ.എഫ്.എഫ്.കെ. അധികൃതര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ആവശ്യമായ രേഖകളില്ലെന്ന കാരണത്താല്‍ 187 സിനിമകള്‍ക്കും വാര്‍ത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചു. മേളയ്‌ക്കു മണിക്കൂറകള്‍ മാത്രമുള്ളപ്പോഴായിരുന്നു കേന്ദ്രത്തിന്റെ മറുപടി ലഭിച്ചത്. ഈയൊരു നിര്‍ണായക ഘട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറിക്കു കത്തു നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് 158 സിനിമകള്‍ക്ക് അനുമതി ലഭിച്ചത്. തുടര്‍ന്നും അനുമതി ലഭിക്കാതിരുന്ന 19 സിനിമകളുടെ കാര്യത്തില്‍ സംസ്‌ഥാനം സ്വീകരിച്ച നടപടി ശ്രദ്ധേയമായിരുന്നു. മുന്‍നിശ്‌ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശമാണു സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സംസ്‌ഥാന ചലച്ചിത്ര അക്കാദമിക്കു നല്‍കിയത്. പലസ്‌തീന്‍ പ്രമേയമാക്കിയ നാലു സിനിമകള്‍ ഉള്‍പ്പെടെ 19 സിനിമകള്‍ക്കായിരുന്നു പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന്, ഇവയില്‍ ആറു ചിത്രങ്ങള്‍ ഒഴിച്ചു ബാക്കിയുള്ളവയ്‌ക്കു കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കുന്ന സാഹചര്യമുണ്ടായി. എന്നാല്‍, ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചീഫ് സെക്രട്ടറിക്കു നല്‍കിയ നിര്‍ദേശത്തിനു കേരളം വഴങ്ങുകയും ചെയ്‌തു. ഇന്തോനീഷ്യ, ഇസ്രയേല്‍, പലസ്‌തീന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോ ചിത്രങ്ങള്‍ക്കും ഈജിപ്‌തില്‍നിന്നുള്ള രണ്ടു ചിത്രങ്ങള്‍ക്കുമാണ് വിലക്കുണ്ടായത്. ജാതി രാഷ്‌ട്രീയം പറയുന്ന ഇന്ത്യന്‍ ചിത്രമായ 'ഫ്‌ളെയിംസി'നും വിലക്ക് നേരിടേണ്ടിവന്നു. ഈ സിനിമകള്‍ വരുന്ന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ മോശമാക്കുന്ന തരത്തിലുള്ള ഉള്ളടക്കം ചിത്രങ്ങളിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്ര നടപടിയുണ്ടായത്. സിനിമകള്‍ വിലക്കിയതിനു പിന്നില്‍ കേന്ദ്രത്തിന്റെ സംഘപരിവാര്‍ രാഷ്‌ട്രീയമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തുവന്നിരുന്നു.
മേളയുടെ തുടക്കത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്‌ഥലത്തില്ലാതിരുന്നതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും മേളയുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ റസൂല്‍ പൂക്കുട്ടി തിരുവനന്തപുരത്ത് ഇല്ലാതെ പോയതു പോരായ്‌മയായെന്നാണു വിലയിരുത്തല്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതും തിരിച്ചടിയായെന്ന ആരോപണമുണ്ട്. ഒരു മാസം മുമ്പേ ശ്രമിച്ചിരുന്നെങ്കില്‍ നേടിയെടുക്കാമായിരുന്ന അനുമതിക്കായാണ് അവസാന മണിക്കൂറില്‍ ആവശ്യമില്ലാതെ ആകാംക്ഷപ്പെടേണ്ടിവന്നത്. രാഷ്‌ട്രീയ വിവാദത്തിന്റെ പശ്‌ചാത്തലവും ഇതിനൊപ്പമുണ്ടായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പുറമേ വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തിലും രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇത്തവണത്തെ മേള ഓര്‍മിപ്പിക്കും.