-->
മുംബൈ: തുടര്‍ച്ചയായ നാലുദിവസത്തെ വീഴ്‌ചയ്‌ക്കു കണക്കുതീര്‍ത്ത് ഇന്ത്യന്‍ ഓഹരിവിപണി. രാജ്യാന്തരതലത്തിലെ അനുകൂലാവസ്‌ഥയും രൂപയുടെ സ്‌ഥിരതയും ഒപ്പം ജപ്പാനിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്‍ പലിശനിരക്കുയര്‍ത്തിയതും ഇന്ത്യന്‍ വിപണിക്ക് നേട്ടമായി.
സെന്‍സെക്‌സ് 447.55 പോയിന്റ് ഉയര്‍ന്ന് 84,929.36-ല്‍ കേ്ലാസ് ചെയ്‌തു. നിഫ്‌റ്റി 150.85 കയറി 25,966.40 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്നലത്തെ വര്‍ധന 5 ലക്ഷം കോടി രൂപയാണ്. ബി.എസ്.ഇയില്‍ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ വിപണിമൂല്യം 465.8 ലക്ഷം കോടി രൂപയില്‍ നിന്നു 471 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില 60 ഡോളറില്‍ താഴേക്ക് പതിച്ചതും ഓഹരികളുടെ നേട്ടത്തില്‍ പ്രതിഫലിച്ചു.
ബി.എസ്.ഇ. മിഡ്‌ക്യാപ് ഓഹരികള്‍ 1.26 ശതമാനവും സ്‌മോള്‍ക്യാപ് 1.25 ശതമാനവും ഉയര്‍ന്നു. ഏറ്റവും നേട്ടം കൊയ്‌ത സൂചികകളിലൊന്ന് റിയാലിറ്റിയാണ്. 1.67 ശതമാനം നേട്ടം. ഹെല്‍ത്ത്‌കെയര്‍ സൂചിക (1.09), ഓട്ടോ (1.23) സെക്‌ടറുകളും ഒരു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി.എല്ലാ സൂചികകളും ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏറ്റവും നേട്ടം കൊയ്‌ത ഓഹരികളിലൊന്ന് ടാറ്റ എല്‍ക്‌സി ലിമിറ്റഡാണ്. 7.91 ശതമാനം ഉയരത്തിലാണ് ഓഹരികള്‍ കേ്ലാസ് ചെയ്‌തത്.
യു.എസില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ കരാറുകള്‍ ലഭിക്കുന്നുവെന്ന വാര്‍ത്തകളാണ് ഓഹരിക്ക് തുണയായത്. കോറമാണ്ഡല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (7.88), വാരീ എന്‍ജിനിയേഴ്‌സ് ലിമിറ്റഡ് (6.20), വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (5.75) ഓഹരികളും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ബ്ലൂസ്‌റ്റാര്‍ ലിമിറ്റഡ് ഓഹരികള്‍ 3.86% നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചോളമണ്ഡലം ഇന്‍വെസ്‌റ്റ്‌മെന്റ് ആന്‍ഡ് ഫിന്‍ കോ ലിമിറ്റഡ് (2.39), വോള്‍ട്ടാസ് (2.08), അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (2.07) ഓഹരികളും തകര്‍ച്ച നേരിട്ടു.
ചുരുക്കം ചിലത് ഒഴികെ ഒട്ടുമിക്ക കേരള ഓഹരികളും മുന്നേറ്റമുണ്ടാക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് വലിയ നേട്ടമുണ്ടാക്കിയ കേരള ഓഹരികളിലൊന്ന്. 3.09 % ഉയരത്തിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ട ശേഷമാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഉയരങ്ങള്‍ താണ്ടിയത്.
കേരള ആയുര്‍വേദ 3.19 ശതമാനം ഉയര്‍ന്നപ്പോള്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ നേട്ടം 2.56 ശതമാനമാണ്. ബാങ്കിതര ധനകാര്യ സ്‌ഥാപനങ്ങളും നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാന്‍സ് 0.47 ശതമാനം ഉയര്‍ന്നപ്പോള്‍ മണപ്പുറം ഫിനാന്‍സ് 2.07 ശതമാനം കുതിച്ചു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മുന്നേറ്റം 1.11 ശതമാനത്തിലൊതുങ്ങി. നഷ്‌ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികളിലൊന്ന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്‌ല്‍ ആണ്. 0.35 ശതമാനത്തിന്റെ ഇടിവ്.