Wednesday, March 11, 2026 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.34 PM

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍: കേരളത്തിന്റെ പ്രതിരോധം

ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ദശാബ്‌ദങ്ങളായി പൊരുതി നേടിയ അവകാശങ്ങളെയും സംരക്ഷണങ്ങളെയും അട്ടിമറിച്ചുകൊണ്ട്‌ നാല്‌ ലേബര്‍ കോഡുകള്‍ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്‌.
രാജ്യത്തെ 29 പ്രധാന തൊഴില്‍ നിയമങ്ങളെ റദ്ദാക്കിക്കൊണ്ട്‌ കൊണ്ടുവന്ന ഈ കോഡുകള്‍, കോര്‍പറേറ്റ്‌ ലാഭക്കൊതിക്ക്‌ വഴിമരുന്നിടുന്നതും ആധുനിക അടിമത്തത്തിന്‌ നിയമസാധുത നല്‍കുന്നതുമാണ്‌. ഈ സാഹചര്യത്തിലാണ്‌ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടിക്കൊണ്ട്‌ കേരള സര്‍ക്കാര്‍ 'ലേബര്‍ കോണ്‍ക്ലേവ്‌ 2025' സംഘടിപ്പിക്കുന്നത്‌.
അട്ടിമറിക്കപ്പെടുന്ന അവകാശങ്ങള്‍

വേതനം, തൊഴില്‍ സുരക്ഷ, സാമൂഹിക സുരക്ഷ, വ്യവസായ ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ കേന്ദ്രം വിജ്‌ഞാപനം ചെയ്‌ത പുതിയ കോഡുകള്‍ തൊഴിലാളികളുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്നവയാണ്‌. വ്യവസായശാലകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചും, വേതന വ്യവസ്‌ഥകളില്‍ വെള്ളം ചേര്‍ത്തും തൊഴില്‍ മേഖലയെ കൂടുതല്‍ അസ്‌ഥിരപ്പെടുത്താനാണ്‌ കേന്ദ്ര നീക്കം. സംഘടിക്കാനുള്ള അവകാശത്തെയും കൂട്ടായ വിലപേശലിനെയും ഈ നിയമങ്ങള്‍ ഇല്ലാതാക്കുന്നു.
നിക്ഷേപം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുമാണ്‌ ഈ പരിഷ്‌കാരങ്ങള്‍ എന്നാണ്‌ കേന്ദ്ര വാദം. എന്നാല്‍, കൃത്യമായ സുരക്ഷാ കവചങ്ങളില്ലാത്ത ഒരു തൊഴില്‍ സാഹചര്യം തൊഴിലാളികളെ ചൂഷണത്തിലേക്ക്‌ തള്ളിവിടുക മാത്രമേ ചെയ്യൂ. ജനാധിപത്യപരമായ ചര്‍ച്ചകളോ ട്രേഡ്‌ യൂണിയനുകളുമായുള്ള കൂടിയാലോചനകളോ ഇല്ലാതെ പാര്‍ലമെന്റില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചത്‌ ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്‌.
കേരളം ഉയര്‍ത്തുന്ന ബദല്‍

തൊഴിലാളി പക്ഷത്തുനിന്നുള്ള വികസനമാണ്‌ കേരളത്തിന്റെ നയം. കേന്ദ്രം നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ കേരളം എന്നും ശക്‌തമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഇന്ന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യുന്ന ലേബര്‍ കോണ്‍ക്ലേവ്‌ 2025 ഈ പോരാട്ടത്തിന്റെ നിര്‍ണായക ഘട്ടമാണ്‌. സംസ്‌ഥാനങ്ങളുടെ അധികാരാവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരേ ഒരു പൊതുവായ പ്രതിരോധം തീര്‍ക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. പ്രമുഖ നിയമവിദഗ്‌ധരും സുപ്രീം കോടതി മുന്‍ ജഡ്‌ജിമാരും ദേശീയ ട്രേഡ്‌ യൂണിയന്‍ നേതാക്കളും പങ്കെടുക്കുന്ന സെഷനുകള്‍ ലേബര്‍ കോഡുകളുടെ പ്രത്യാഘാതങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യും.
ലക്ഷ്യം: സമഗ്രമായ തൊഴില്‍ നയം

ലേബര്‍ കോഡുകള്‍ക്കെതിരേയുള്ള കേവലമായ പ്രതിഷേധമല്ല ഈ കോണ്‍ക്ലേവ്‌. മറിച്ച്‌, കേന്ദ്ര നിയമങ്ങളെ നേരിടാനുള്ള ബദല്‍ തന്ത്രങ്ങളും കേരളത്തിന്റെ തനതായ തൊഴില്‍ സാഹചര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നയപ്രഖ്യാപനവും ഇതിന്റെ ഭാഗമായി ഉണ്ടാകും.
കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ക്കെതിരേ സംസ്‌ഥാനങ്ങളുടെ കൂട്ടായ്‌മ രൂപീകരിക്കാനും ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വിവിധ ട്രേഡ്‌ യൂണിയനുകളുമായി ചേര്‍ന്ന്‌ കേന്ദ്രത്തെ സമീപിക്കാനും കേരളം മുന്നിലുണ്ടാകും.
തൊഴിലാളികളെ വെറും വിഭവങ്ങളായി കാണുന്ന കേന്ദ്ര നയത്തിനു പകരം, അവരെ നാടിന്റെ കാവലാളുകളായി കണ്ട്‌ സംരക്ഷിക്കാനുള്ള കേരളത്തിന്റെ ഈ പോരാട്ടം രാജ്യത്തിനു തന്നെ മാതൃകയാകും.

വി. ശിവന്‍കുട്ടി
(തൊഴില്‍വകുപ്പ്‌ മന്ത്രി)

Ads by Google
Thursday 18 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW