-->
മലയാളസിനിമയുടെ നെടുംതൂണുകളാണ് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാല്‍. ഏകദേശം ഒരേ സമയം സിനിമയിലെത്തി, ഒരേ പോലെ വളര്‍ന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകങ്ങളായി ഇവര്‍ മാറി. എഴുപതുകളിൽ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപെടുന്ന വേഷങ്ങൾ ചെയ്തു തുടങ്ങിയത് എൺപതുകളുടെ ആരംഭത്തിലാണിവര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അന്നു തൊട്ട് ഇന്നോളം ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇതുവരെയും ഒരുകോട്ടവും വന്നിട്ടില്ല. ഇച്ചാക്കയും ലാലുവുമായി അവരിന്നും മലയാള സിനിമയില്‍ തിളങ്ങുകയാണ്. പറയുന്ന കാര്യങ്ങള്‍ പരസ്പരം ബഹുമാനം നല്‍കിയാണ് ഇവര്‍ രണ്ടാളും സംസാരിക്കാറുള്ളത്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ കാര്യത്തെക്കുറിച്ച് തന്റെ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ മറുപടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തന്റെ പുതിയ ചിത്രമായ വൃഷഭയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്. ‘കഥ ഉണ്ടാവുമ്പോഴും എഴുതുമ്പോഴും എന്നെ മനസില്‍ കണ്ടുകൊണ്ട് എഴുതരുത്...’ എന്ന് മമ്മൂട്ടി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ നിലപാട് എന്താണെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ലാലേട്ടന്‍ ചെയ്യുന്ന ഓരോ സിനിമയിലും അങ്ങനെ തോന്നാറുണ്ടോ ?
‘‘ഞാനതിന് നേരത്തെ മറുപടി പറഞ്ഞു. ഇതൊരു സാധാരണ സിനിമയായി തോന്നിയില്ല. ഇതില്‍ ഒരുപാട് ആക്ഷന്‍സിന് പ്രാധാന്യമുള്ള സിനിമയാണ്. നമ്മള്‍ സാധാരണ കാണാത്ത ആക്ഷന്‍സ് ഉണ്ട്. ലൈക്ക് ഒരു പിരിയഡ് ഫിലിം ഒക്കെ കണ്ടിട്ടില്ലേ. അതു തന്നെയാണിതിന്റെ പ്രത്യേകത. അതിനെ കൂടുതല്‍ ഡിഫൈന്‍ ചെയ്യാനൊന്നും എനിക്കറിയില്ല. അതിന്റെ കണ്ടന്റ് തീര്‍ച്ചയായും അദ്ദേഹം പറഞ്ഞതു പോലെ തന്നെയാണ്. ‘വൃഷഭ’ എന്ന കഥ എനിക്കു വേണ്ടി എഴുതിയതല്ല. ഒരു കഥയിലേക്ക് അവരെന്നെ ക്ഷണിക്കുകയായിരുന്നു. ‘ഇതുപോലൊരു കഥ ഞങ്ങളുടെ കൈവശമുണ്ട്, നിങ്ങൾക്ക് അഭിനയിക്കാമോ...?’ എന്നാണിവര്‍ എന്നോട് ചോദിച്ചത്. അല്ലാതെ അവര്‍ ഈ കഥ മോഹൻലാല്‍ എന്ന നടനു വേണ്ടി എഴുതിയതല്ല. എനിക്കു വേണ്ടി എഴുതിയ കഥയല്ല, വൃഷഭ. ഞാനതിലേക്ക് വന്നു ചേര്‍ന്നതാണ്...’’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകള്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘‘ഇവിടെയും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരേ അഭിപ്രായമാണ്, ഇക്കയുടെ വാക്കുകൾ നാഴികക്കല്ലാണ്, ഇച്ചാക്കയുടെ സ്വന്തം ലാലു...’ എന്നതടക്കമാണ് കമന്റുകള്‍.
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രമാണ് ‘വൃഷഭ’. മോഹൻലാൽ രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത് എന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആക്‌ഷൻ, വൈകാരികത, പ്രതികാരം, പുനർജന്മം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഒരു അച്ഛൻ - മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണിത്.
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘കളങ്കാവല്‍’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ‘എങ്ങനത്തെ ഒരു കഥ എഴുതിക്കൊണ്ട് വന്നാലായിരിക്കും എനിക്ക് മമ്മൂക്കയെ ഇംപ്രസ് ചെയ്യാൻ പറ്റുന്നത്’ എന്ന അവതാരകയുടെ ചോദ്യത്തിന്, ‘കഥ ഉണ്ടാവുമ്പോഴും എഴുതുമ്പോഴും ഒരിക്കലും എന്നെ മനസ്സിൽ കണ്ടുകൊണ്ട് എഴുതരുത്. എന്നെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിയാൽ, ഞാനായിപ്പോകും കഥാപാത്രം. കഥാപാത്രം മാത്രമേ എഴുതാവൂ...’ എന്നാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമാണ സംരംഭമാണ് കളങ്കാവൽ. മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ മുന്നേറുന്ന ഈ ചിത്രം 50 കോടി ക്ലബ് എന്ന നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ആറാമത്തെ മലയാള ചിത്രമായി മാറിയിട്ടുണ്ട്.