-->
ഇന്ത്യന്‍ കാര്‍ഷിക മേഖല ഇന്ന് ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മികച്ച മഴ ലഭിച്ചതിന്റെ ആശ്വാസത്തിനൊപ്പം കര്‍ഷകരെ വലയ്‌ക്കുന്ന യൂറിയയുടെ ക്ഷാമവും വിലക്കയറ്റവുമാണ് പ്രധാന പ്രശ്‌നം. കര്‍ണാടക, തെലങ്കാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്‌ഥാനങ്ങളില്‍ യൂറിയ ലഭിക്കാതെ കര്‍ഷകര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നതും പ്രതിഷേധിക്കുന്നതും നിത്യ കാഴ്‌ചയായി മാറിയിരിക്കുന്നു. കേരളത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലെ 86.43 ലക്ഷം ടണ്ണായിരുന്ന യൂറിയ സ്‌റ്റോക്ക് ഈ വര്‍ഷം ഓഗസ്‌റ്റില്‍ 37.19 ലക്ഷം ടണ്ണായി കുറഞ്ഞതും, കഴിഞ്ഞ ഒകേ്‌ടാബര്‍ ഒന്നിന് ഓപ്പണിങ് സേ്‌റ്റാക്ക് മുന്‍ വര്‍ഷത്തെ 6.3 മെട്രിക് ടണ്ണില്‍ നിന്ന് 3.7 മെട്രിക് ടണ്ണിലേക്ക് താഴ്‌ന്നതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.
ഈ വളം പ്രതിസന്ധിക്ക് പിന്നില്‍ ആഭ്യന്തരവും ആഗോളവുമായ നിരവധി ഘടകങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. യൂറിയ, ഫോസ്‌ഫറസ്, പൊട്ടാസ്യം (എന്‍.പി.കെ.) എന്നീ മൂന്ന് പ്രധാന പോഷകങ്ങളുടെ ഉല്‍പാദനം പല രാജ്യാന്തര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. യൂറിയയുടെ നിര്‍മാണത്തിന് ഫോസില്‍ ഇന്ധനം അനിവാര്യമായതിനാല്‍, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പോലുള്ള സംഭവങ്ങള്‍ പോലും വിലവര്‍ധനയ്‌ക്ക് കാരണമാകുന്നു. ആഗോള വിപണിയില്‍ യൂറിയയുടെ വില 530 ഡോളറായി ഉയര്‍ന്നിരിക്കുന്നു. റഷ്യ, ബെലാറസ് എന്നിവിടങ്ങളിലെ യുദ്ധവും ഉപരോധങ്ങളും കാരണം പൊട്ടാഷ് ഇറക്കുമതി താറുമാറായതും, ചൈനയുമായുള്ള ബന്ധം വഷളായതിനെ ത്തുടര്‍ന്ന് വളം ഇറക്കുമതിയില്‍ വന്ന നിയന്ത്രണങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇത് കൂടാതെ, നാഗാര്‍ജുനയുടെ കാക്കിനട പ്ലാന്റ് പോലുള്ള ആഭ്യന്തര യൂണിറ്റുകള്‍ അടച്ചുപൂട്ടിയതും ഉല്‍പാദനത്തെ ബാധിച്ചു.
എന്നാല്‍, ഈ ബാഹ്യഘടകങ്ങളെക്കാള്‍ ഗൗരവമായ പ്രശ്‌നം യൂറിയയുടെ അമിതമായ ഉപയോഗമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യൂറിയയുടെ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമില്ലാത്തതിനാല്‍ (ടണ്ണിന് 5,628 രൂപ ), ഇത് മറ്റ് വളങ്ങളെക്കാള്‍ വില കുറഞ്ഞതായി തുടരുന്നു. ഒരു ടണ്‍ യൂറിയയുടെ വില ഏറ്റവും അടുത്തുള്ള സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റിന്റെ (എസ്.എസ്.പി) വിലയുടെ പകുതി മാത്രമാണ്. യൂറിയയുടെ ഈ വിലക്കുറവ് കര്‍ഷകരെ അമിത ഉപയോഗത്തിലേക്ക് നയിക്കുന്നു, ഇത് എന്‍.പി.കെ. അസന്തുലിതാവസ്‌ഥ സൃഷ്‌ടിക്കുന്നു. ഇന്ത്യയിലെ പല സംസ്‌ഥാനങ്ങളിലും യൂറിയയുടെ അമിത ഉപയോഗം കാരണം എന്‍.പി.കെ. അനുപാതം 4:2:1 ആയിരിക്കേണ്ടതിന് പകരം 10:4:1 എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ഇത് മണ്ണിന്റെ ആരോഗ്യം നശിപ്പിക്കുകയും, വിളകള്‍ വളത്തിനായി യൂറിയയെ അമിതമായി ആശ്രയിക്കുന്ന ഒരവസ്‌ഥയിലേക്ക് എത്തുകയും ചെയ്‌തിരിക്കുന്നു. ഇതിന്റെയെല്ലാം ഭാരം പ്രതിവര്‍ഷം 1.8 ലക്ഷം കോടി രൂപയോളം വരുന്ന ഭീമമായ വളം സബ്‌സിഡിയായി നികുതിദായകന്റെ തലയില്‍ വീഴുന്നു.വളം ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
വളം മറിച്ചുവില്‍ക്കുന്നത് തടയാന്‍, കര്‍ഷകരുടെ കൈവശമുള്ള കൃഷിഭൂമിയുടെ അളവുമായി സബ്‌സിഡിയുള്ള വളത്തിന്റെ ആവശ്യകതയെ ബന്ധിപ്പിക്കുന്ന പൈലറ്റ് പ്രോജക്‌ട് ഉടന്‍ ആരംഭിക്കും. ഒരു കര്‍ഷകന് ആവശ്യമുള്ളതിലും കൂടുതല്‍ വളം വാങ്ങുന്നത് ഇതുവഴി തടയാനാകും. ഒപ്പം കഴിഞ്ഞ ഖാരിഫ് സീസണില്‍ ചെയ്‌തതുപോലെ, ഒരു കര്‍ഷകന് ഒരു മാസം വാങ്ങാന്‍ കഴിയുന്ന സബ്‌സിഡി വളത്തിന്റെ അളവ് പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
25 വര്‍ഷമായി പരിഷ്‌കരിക്കാത്ത, ഗ്യാസ് അധിഷ്‌ഠിത യൂറിയ നിര്‍മാതാക്കള്‍ക്കുള്ള സ്‌ഥിരം ചെലവ് ഈ വര്‍ഷം അവസാനത്തോടെ വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇത് കമ്പനികളുടെ പ്രവര്‍ത്തനം സുസ്‌ഥിരമാക്കുകയും പുതിയ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ലിക്വിഡ് രൂപത്തിലുള്ള നാനോ യൂറിയയുടെ ഉപയോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. 45 കിലോ യൂറിയയ്‌ക്കു പകരമായി ഒരു 500 മില്ലി ബോട്ടില്‍ ഉപയോഗിക്കാമെന്നാണ് അവകാശവാദം. സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി യൂറിയ ഇറക്കുമതിക്കായി ദീര്‍ഘകാല കരാറുകള്‍ ഉറപ്പാക്കുകയും, റഷ്യയുമായി രൂപയിലും റൂബിളിലുമുള്ള വളം വ്യാപാരത്തിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, വളത്തിന്റെ കുറവ് പരിഹരിക്കുന്നതിനുള്ള ഹ്രസ്വകാല പരിഹാരമായി സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രധാന ഉപാധികളിലൊന്നായ നാനോ യൂറിയ സാങ്കേതികവിദ്യയുടെ ഫലപ്രാപ്‌തി സംബന്ധിച്ച് കാര്‍ഷിക സമൂഹത്തില്‍ ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി (പി.എ.യു.) പോലുള്ള സ്‌ഥാപനങ്ങള്‍ നടത്തിയ ഗവേഷണങ്ങള്‍ നാനോ യൂറിയയുടെ ഉപയോഗം ധാന്യവിളകളുടെ വിളവിലും ഗുണമേന്മയിലും കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നു കണ്ടെത്തി. പി.എ.യു. നടത്തിയ പരീക്ഷണങ്ങളില്‍, ശിപാര്‍ശ ചെയ്യുന്ന നൈട്രജന്‍ അളവിന്റെ 50% മാത്രം മണ്ണില്‍ നല്‍കി അതിനൊപ്പം രണ്ട് തവണ നാനോ യൂറിയ തളിച്ച് പരീക്ഷണം നടത്തിയപ്പോള്‍ പരമ്പരാഗത രീതിയെ അപേക്ഷിച്ച് നെല്ലിന്റെ വിളവില്‍ 13% കുറവും ഗോതമ്പിന്റെ വിളവില്‍ 17.2% കുറവുമാണ് കണ്ടത്. അതുപോലെ, ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയയിലും (റായ്‌പൂര്‍), വിവേകാനന്ദ പര്‍വതീയ കൃഷി അനുസന്ധാന്‍ സംസ്‌ഥാന്‍ എന്നിവിടങ്ങളില്‍ നാനോ യൂറിയ ഉപയോഗിച്ച്‌പരീക്ഷണം നടത്തിയപ്പോഴും യഥാക്രമം 8%, 12% എന്നിങ്ങനെ വിളവ് കുറയുകയായിരുന്നു. അതേസമയം, മറ്റ് ചില പഠനങ്ങളില്‍ (ഹൈദരാബാദ്, കര്‍ണാല്‍, ബംഗഗളൂരു, ജോബ്‌നര്‍, കല്യാണി എന്നിവിടങ്ങളില്‍) നാനോ യൂറിയ ഉപയോഗിച്ചപ്പോള്‍ 5-15% വരെ വിളവ് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ വൈരുദ്ധ്യമുള്ള ഫലങ്ങള്‍ നാനോ യൂറിയയുടെ ഉപയോഗം സ്‌ഥലമനുസരിച്ചും വിളകള്‍ക്ക് അനുസൃതമായും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്‌തമാക്കുന്നു.
ഈ സാഹചര്യത്തില്‍, നാനോ യൂറിയയുടെ ഫലപ്രാപ്‌തിയും ദീര്‍ഘകാലാടിസ്‌ഥാനത്തിലുള്ള പ്രത്യാഘാതങ്ങളും സംബന്ധിച്ച് സമഗ്രമായ പഠനം ആവശ്യമാണ്. ഈ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, മണ്ണിന്റെ പോഷകങ്ങള്‍, വിളവ്, ഗുണമേന്മ എന്നിവയില്‍ നാനോ യൂറിയയുടെ ദീര്‍ഘകാല ഫലങ്ങള്‍ മനസ്സിലാക്കുന്നതിനായി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) അഞ്ചുവര്‍ഷത്തെ നെറ്റ്‌വര്‍ക്ക് പ്രോജക്‌ട് ആരംഭിച്ചിട്ടുണ്ട്. അതിനാല്‍, കാര്യക്ഷമത പൂര്‍ണമായി തെളിയുന്നതു വരെ നാനോ യൂറിയ പോലുള്ള ഉല്‍പന്നങ്ങളെ ഒരു ഒറ്റമൂലിയായി ആശ്രയിക്കുന്നത് വിവേകമല്ല.
ഫോസില്‍ ഇന്ധനാധിഷ്‌ഠിത കൃഷിരീതികള്‍ അധികകാലം തുടരാന്‍ കഴിയില്ല. ശ്രീലങ്ക ചെയ്‌തതുപോലെ ഒറ്റരാത്രികൊണ്ട് രാസവളം നിരോധിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍, ശാശ്വതമായ പരിഹാരത്തിനാണ് ശ്രമിക്കേണ്ടത്.
വളം വിലയിലെ സബ്‌സിഡിക്ക് പകരം, കര്‍ഷകര്‍ക്ക് നേരിട്ടുള്ള പണ കൈമാറ്റം നല്‍കുന്നത് പരിഗണിക്കണം. ഇതുവഴി കര്‍ഷകര്‍ക്ക് ഏത് പോഷകമാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ സാധിക്കുകയും യൂറിയയുടെ ദുരുപയോഗം കുറയുകയും ചെയ്യും.
യൂറിയയുടെ സബ്‌സിഡി കുറയ്‌ക്കുകയാണെങ്കില്‍, മറ്റ് എന്‍.പി.കെ. വളങ്ങളായ ഡൈ-അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി.), പൊട്ടാഷ് എന്നിവയുടെ വില കുറച്ച് ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം. പി.എം.-പ്രണാം പോലുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം.
ഓരോ സംസ്‌ഥാനത്തെയും കാര്‍ഷിക ഭൂമിയുടെ നിശ്‌ചിത ശതമാനം (ഉദാഹരണത്തിന് 5%) ജൈവ കൃഷിയിലേക്ക് മാറ്റാന്‍ കേന്ദ്രം സാമ്പത്തിക സഹായം നല്‍കണം. പാരമ്പരാഗത കൃഷി വികാസ് യോജന പോലുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുകയും, ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക സംഭരണ നയവും എം.എസ്.പി. പോലുള്ള പിന്തുണയും നല്‍കുകയും വേണം.
നീം കോട്ടഡ് യൂറിയ പോലുള്ള സാങ്കേതികവിദ്യകള്‍ (ഇത് നൈട്രജന്റെ പ്രകാശനം സാവധാനത്തിലാക്കുന്നു) കൂടുതല്‍ കാര്യക്ഷമമാക്കണം. സി.എസ്.ഐ.ആര്‍. ഡീകമ്പോസര്‍ എന്‍സൈം പോലുള്ള യൂറിയക്ക് പകരമാവാന്‍ സാധ്യതയുള്ള, നമ്മുടെ നാട്ടില്‍ തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ക്കും പാരമ്പര്യ അറിവുകള്‍ക്കും ഗവേഷണവും പിന്തുണയും നല്‍കണം.
എ.ഐ.സി. റഹിം