Wednesday, March 11, 2026 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.35 PM

കെ.ജെ. ജോര്‍ജ്‌ ഇന്‍ഷുറന്‍സ്‌ മേഖലയിലെ 100% വിദേശ നിക്ഷേപം

ഇന്‍ഷുറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌.ഡി.ഐ.) പരിധി 74 ശതമാനത്തില്‍ നിന്ന്‌ 100 ശതമാനമായി ഉയര്‍ത്താനുള്ള സുപ്രധാന ബില്‍ ലോക്‌സഭ പാസാക്കിയത്‌ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഒന്നാണ്‌. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് അനിവാര്യമായ മൂലധനം, സാങ്കേതികവിദ്യ, ആഴത്തിലുള്ള വിപണി വ്യാപ്‌തി എന്നിവ ഉറപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്‌പ്പായാണ്‌ സര്‍ക്കാര്‍ ഇതിനെ കാണുന്നത്‌. എന്നാല്‍, ഈ നീക്കം ഇന്ത്യന്‍ സമ്പാദ്യത്തിന്റെ നിയന്ത്രണം വിദേശ ശക്‌തികള്‍ക്ക്‌ കൈമാറുമോ എന്ന ആശങ്ക പ്രതിപക്ഷം ശക്‌തമായി ഉന്നയിക്കുന്നു.
ഇന്‍ഷുറന്‍സ്‌ മൂലധന-തീവ്രവും ദീര്‍ഘകാല നിക്ഷേപ സ്വഭാവമുള്ളതുമായ മേഖലയാണ്‌. 100% എഫ്‌.ഡി.ഐ. അനുവദിക്കുന്നതിലൂടെ ആഗോള ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ ഇന്ത്യന്‍ പങ്കാളിയുടെ തടസങ്ങളില്ലാതെ വന്‍തോതിലുള്ള, ദീര്‍ഘകാല മൂലധനം രാജ്യത്തേക്ക്‌ കൊണ്ടുവരാന്‍ സാധിക്കും. ഇത്‌ കമ്പനികളെ അവരുടെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്താനും, ഇന്‍ഷുറന്‍സ്‌ കവറേജ്‌ വര്‍ദ്ധിപ്പിക്കാനും, വലിയ അപകടസാധ്യതകള്‍ ഏറ്റെടുക്കാനും സഹായിക്കും.
ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞതുപോലെ, സംയുക്‌ത സംരംഭങ്ങളുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കി നേരിട്ട്‌ വിപണിയില്‍ പ്രവേശിക്കാന്‍ കഴിയുന്നത്‌ കൂടുതല്‍ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിക്കും. ഇതുവഴി നൂതനമായ ആക്‌ച്വറിയല്‍ മോഡലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, എ.ഐ. അധിഷ്‌ഠിത ക്ലെയിം സെറ്റില്‍മെന്റ്‌ സംവിധാനങ്ങള്‍ എന്നിവ രാജ്യത്ത്‌ എത്താന്‍ സാധ്യതയുണ്ട്‌. ഇത്‌ മെച്ചപ്പെട്ട റിസ്‌ക് വിലയിരുത്തലിനും വേഗത്തിലുള്ള ക്ലെയിം തീര്‍പ്പാക്കലിനും സൈബര്‍ ഇന്‍ഷുറന്‍സ്‌ പോലുള്ള പുതിയ ഉല്‍പന്നങ്ങള്‍ക്കും വഴിയൊരുക്കും.കൂടാതെ, കമ്പനികള്‍ വഴിവിട്ട്‌ നേട്ടങ്ങളുണ്ടാക്കുന്നത്‌ തിരിച്ചുപിടിക്കാന്‍ ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യക്ക്‌ (ഐ.ആര്‍.ഡി.എ.ഐ.) അധികാരം നല്‍കിയതും, ഇന്‍ഷുറന്‍സ്‌ ഇടനിലക്കാര്‍ക്കുള്ള പിഴ ഒരു കോടിയില്‍ നിന്ന്‌ 10 കോടി രൂപയായി ഉയര്‍ത്തിയതും പോളിസി ഉടമകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന്‌ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നു. റീഇന്‍ഷുറന്‍സ്‌ ശാഖകളുടെ നിക്ഷേപ പരിധി കുറച്ചത്‌ കൂടുതല്‍ റീഇന്‍ഷുറര്‍മാരെ രാജ്യത്തേക്ക്‌ ആകര്‍ഷിക്കാനും ആഭ്യന്തര റിസ്‌ക് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
പരിഷ്‌കാരം സാമ്പത്തികമായി പ്രോത്സാഹജനകമാണെങ്കിലും, ഇതിന്റെ സ്‌ഥാപനപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഗുരുതരമായ ആശങ്കകളുണ്ട്‌.
വിദേശാധിപത്യം എന്ന ഭയമാണ്‌ പ്രധാനം. ഇന്‍ഷുറന്‍സ്‌ മേഖല കുടുംബ സമ്പാദ്യങ്ങളുമായും സാമൂഹിക സുരക്ഷയുമായും ദീര്‍ഘകാല ദേശീയ റിസ്‌ക് മാനേജ്‌മെന്റുമായും ബന്ധപ്പെട്ടിരിക്കുന്നു. 100% വിദേശ ഉടമസ്‌ഥത വരുമ്പോള്‍, പ്രധാന തീരുമാനങ്ങള്‍ ഇന്ത്യന്‍ സാമൂഹിക ലക്ഷ്യങ്ങള്‍ക്കനുസരിച്ചായിരിക്കുമോ അതോ ആഗോള ലാഭ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരിക്കുമോ എന്നത്‌ നിര്‍ണായകമാണ്‌.
പൊതുമേഖലാ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ നിലനില്‍പ്പ്‌ സംബന്ധിച്ചും ആശങ്കയുണ്ട്‌. സര്‍ക്കാര്‍ 17,450 കോടി രൂപ ഈ സ്‌ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും, മികച്ച മൂലധനമുള്ള മള്‍ട്ടിനാഷണല്‍ കമ്പനികളുടെ വരവ്‌ പൊതുമേഖലാ സ്‌ഥാപനങ്ങളെയും ചെറുകിട ഇന്ത്യന്‍ കമ്പനികളെയും വിപണിയില്‍ നിന്ന്‌ പുറത്താക്കാന്‍ സാധ്യതയുണ്ട്‌. കാര്യക്ഷമതയില്ലായ്‌മയും വിപണി വിഹിതത്തിലെ ഇടിവും നേരിടുന്ന പൊതുമേഖലാ ഇന്‍ഷുറര്‍മാരുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വ്യക്‌തമായ ഒരു പദ്ധതി ആവശ്യമാണ്‌.
ലാഭം വിദേശത്തേക്ക്‌ കൊണ്ടുപോകുന്നതാണ്‌ മറ്റൊരു വിഷയം. ഉയര്‍ന്ന വിദേശ ഉടമസ്‌ഥത, സാമ്പത്തിക മാന്ദ്യമുണ്ടാകുമ്പോള്‍ ഇന്ത്യയില്‍ പുനര്‍നിക്ഷേപം കുറയാനും ലാഭവിഹിതം വിദേശത്തേക്ക്‌ ഒഴുകിപ്പോകാനും കാരണമാകും.
സാമൂഹിക ബാധ്യതകള്‍ക്ക്‌ പ്രാധാന്യം കുറയുമോ എന്ന്‌ ഇതിനെ എതിര്‍ക്കുന്നവര്‍ ഭയക്കുന്നു. സ്വകാര്യ ഇന്‍ഷുറര്‍മാര്‍ ലാഭകരമായ നഗര കേന്ദ്രീകൃത വിഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഗ്രാമീണ മേഖലകളിലെയും ദുര്‍ബല വിഭാഗങ്ങളിലെയും നിര്‍ബന്ധിത ഇന്‍ഷുറന്‍സ്‌ ബാധ്യതകളെ ഒരു നിയമപരമായ ഭാരമായി മാത്രം കാണുകയും ചെയ്യാം.
ഇന്‍ഷുറന്‍സ്‌ മേഖലയുടെ വളര്‍ച്ചയ്‌ക്ക് മൂലധനവും നവീകരണവും അനിവാര്യമാണ്‌. ഈ പരിഷ്‌കാരം അത്തരം അവസരങ്ങളുടെ വാതില്‍ തുറക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍, ആഗോള അനുഭവം സൂചിപ്പിക്കുന്നത്‌, ആഭ്യന്തര സ്‌ഥാപനങ്ങളും നിയന്ത്രണ സംവിധാനങ്ങളും ശക്‌തമാകുമ്പോളാണ്‌ ഉടമസ്‌ഥാവകാശ ഉദാരവല്‍ക്കരണം ഏറ്റവും വിജയകരമാകുന്നത്‌ എന്നാണ്‌. ചൈനയും മറ്റ്‌ ആസിയാന്‍ രാജ്യങ്ങളും ഈ പാതയാണ്‌ പിന്തുടര്‍ന്നത്‌.
പരിഷ്‌കാരത്തിന്റെ വിജയം, എഫ്‌.ഡി.ഐയുടെ 100% എന്ന സംഖ്യയിലല്ല, മറിച്ച്‌ ഐ.ആര്‍.ഡി.എ.ഐയുടെ കാര്യക്ഷമതയിലും, പൊതുമേഖലാ ഇന്‍ഷുറര്‍മാരെ ശക്‌തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ തുടര്‍നടപടികളിലും, പോളിസി ഉടമകളുടെ താല്‍പര്യങ്ങള്‍ എത്രത്തോളം ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നു എന്നതിലുമായിരിക്കും. നിയന്ത്രണം ശക്‌തമാവുകയും പൊതുമേഖലാ സ്‌ഥാപനങ്ങളെ ആധുനീകരിക്കുകയും ചെയ്‌താല്‍, ഈ പരിഷ്‌കാരം ഇന്ത്യന്‍ ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ വന്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്‌ടിക്കും. മറിച്ചാണെങ്കില്‍, ലാഭകേന്ദ്രീകൃതമായ ഒരു വിദേശാധിപത്യ വിപണിയിലേക്ക്‌ രാജ്യം വഴുതിവീഴാനുള്ള സാധ്യതയുണ്ട്‌.
ഡേറ്റാ സുരക്ഷയും ദേശീയ സാമ്പത്തിക സ്‌ഥിരതയും പോലുള്ള തന്ത്രപരമായ വിഷയങ്ങളില്‍ വ്യക്‌തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ടതും, ഈ നിര്‍ണായക മേഖലയിലെ മാറ്റങ്ങള്‍ പാര്‍ലമെന്റില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുമായിരുന്നു എന്ന പ്രതിപക്ഷത്തിന്റെ വാദവും പ്രസക്‌തമാണ്‌. റിസ്‌ക് മാനേജ്‌മെന്റ്‌ പോലെ, ഇന്‍ഷുറന്‍സ്‌ പരിഷ്‌കാരത്തിന്റെ റിസ്‌കും ഇന്ത്യ കൃത്യമായി വിലയിരുത്തിയിട്ടുണ്ടോ എന്ന്‌ കാലം തെളിയിക്കും.

Ads by Google
Wednesday 17 Dec 2025 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW