-->
ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനംവരെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്. ഡി.ഐ) അനുവദിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട 'സബ്‌കാ ബിമ സബ്‌കാ രക്ഷ' എന്ന ഇന്‍ഷുറന്‍സ് ബില്ലിന് രാജ്യസഭ കൂടി അംഗീകാരം നല്‍കുന്നതോടെ ഭേദഗതികള്‍ നിയമമായി മാറും. ഈയൊരു വലിയ മാറ്റത്തിലൂടെ ഇന്‍ഷുറന്‍സ് രംഗത്തേക്കു കൂടുതല്‍ കമ്പനികള്‍ക്ക് കടന്നുവരാനും ഉപയോക്‌താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ നല്‍കാനും സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ലാഭം ലക്ഷ്യമിട്ടുള്ള വിദേശ കമ്പനികളുടെ വരവ് പോളിസി ഉടമകള്‍ക്കും എല്‍.ഐ.സി. പോലുള്ള പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്‌ഥാപനങ്ങള്‍ക്കും കനത്ത ഭീഷണിയാകുമെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു.
ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദഫലമായാണ് ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തോടൊപ്പം ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപപരിധി 74 ശതമാനത്തില്‍ നിന്ന് 100% ആയി ഉയര്‍ത്താന്‍ കേന്ദ്രം നിര്‍ബന്ധിതരായതെന്നു പ്രതിപക്ഷം ആരോപിക്കുകയുണ്ടായി. വിദേശ കുത്തക കമ്പനികള്‍ക്ക് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖലയില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തനം നല്‍കാനുള്ള നീക്കം ആകാംക്ഷയോടെയും അതിലേറെ ആശങ്കയുടെയുമാണ് രാജ്യം ഉറ്റുനോക്കുന്നത്. എല്‍.ഐ.സിയെ മാത്രമല്ല, രാജ്യത്തെ ലക്ഷക്കണക്കിന് ഇന്‍ഷുറന്‍സ് ഏജന്റുമാരെയും പോളിസി ഉടമകളെയും നേരിട്ടു ബാധിക്കുന്ന വിഷയമാണിത്. അതേസമയം, രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനം മെച്ചപ്പെടുത്തുന്നവിധം വിദേശ മൂലധനം രാജ്യത്തേക്ക് എത്തുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ചാണു കേന്ദ്രം പറയുന്നത്.
2047-ല്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണു കേന്ദ്രനയം. നിലവില്‍ രാജ്യത്ത് സജീവമായ കമ്പനികളെ മാത്രം ആശ്രയിച്ചാല്‍ ഈയൊരു ലക്ഷ്യം സാധ്യമാകില്ല. അതുപോലെതന്നെ രാജ്യത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത് ചെറിയ ശതമാനം ആളുകള്‍ക്കു മാത്രമാണ്. വിദേശ കമ്പനികള്‍ക്കായി വാതില്‍ തുറക്കുന്നതോടെ ഇന്‍ഷുറന്‍സ് വിപണിയില്‍ മത്സരം വര്‍ധിക്കുകയും ആളുകള്‍ക്ക് താങ്ങാവുന്ന പ്രീമിയം നിരക്കില്‍ കൂടുതല്‍ ആളുകളിലേക്ക് ഇന്‍ഷുറന്‍സ് കവറേജ് എത്തിക്കാന്‍ സാധിക്കുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. പോളിസികളുടെ ചെലവു കുറയുന്ന സാഹചര്യം ഉണ്ടായാല്‍ ഉപയോക്‌താക്കള്‍ക്കു തീര്‍ച്ചയായും നേട്ടമാകും. ഇന്‍ഷുറന്‍സ് മേഖലയില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നീക്കം പോളിസി ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപകാരപ്രദമാകും.
കേന്ദ്ര നീക്കത്തിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയെന്ന് പൂര്‍ണമായും പറയാറായിട്ടില്ല. ഏജന്റുമാരുടെ കമ്മിഷന്‍ നിശ്‌ചയിക്കാനുള്ള അവകാശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു നല്‍കുന്നതിനോട് കനത്ത വിയോജിപ്പ് ഇതിനകം പ്രകടമാക്കപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ആവശ്യമായ മുന്‍കരുതലും തയാറെടുപ്പും ഇല്ലാതെയാണ് ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും വിദേശികള്‍ക്കായി തുറക്കാന്‍ തീരുമാനമെടുത്തതെങ്കില്‍ അതിന്റെ തിരിച്ചടി കനത്തതാകും. മറിച്ച്, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അവകാശപ്പെടുന്നതുപോലെ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്‌ക്കും ജനങ്ങള്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ തീര്‍ച്ചയായും രാജ്യത്തിന് അതൊരു നേട്ടമായി മാറുകയും ചെയ്യും.