-->
പാലക്കാട്: തൊട്ടാല്‍ പൊട്ടും വിലയുമായി കോഴിമുട്ട. ചില്ലറ വിപണിയില്‍ മുട്ട ഒന്നിന് എട്ടു രൂപയാണ് ഈടാക്കുന്നത്. അടുത്തകാലത്തൊന്നും ഇത്തരമൊരു റെക്കോഡ് വില വര്‍ധന ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നും കേരളത്തിലേക്ക് ദിനംപ്രതി എത്തുന്നത് ഒരുകോടിയിലധികം കോഴിമുട്ടയാണ്. നാമക്കല്ലില്‍ മുട്ട ഒന്നിന് നിലവില്‍ 6.25 രൂപയാണ് വില. ദിവസേന അഞ്ചുപൈസ വീതമാണ് വില വര്‍ധിക്കുന്നത്. നാമക്കല്ലില്‍ നിന്നും പാലക്കാട്ടേക്ക് മുട്ട ഒന്നിന് 20 പൈസ വീതം കടത്തുകൂലി വരും. ദൂരം കൂടുമ്പോള്‍ അഞ്ചുപൈസ വീതം അതിലും വര്‍ധനയുണ്ടാകും. പാലക്കാട് അങ്ങാടിയില്‍ 6.45 പൈസയ്‌ക്ക് എത്തുന്ന മുട്ട ഏഴുരൂപ നിരക്കിലാണ് മൊത്ത വില്‍പ്പന നടക്കുന്നത്. ഇതിന് ചില്ലറ വില്‍പ്പനയില്‍ എട്ടുരൂപയാവും.
ക്രിസ്‌തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് കേക്ക് ഉണ്ടാക്കാനും മറ്റുമായി ആവശ്യം കൂടുന്നതിനാല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുട്ട വില വര്‍ധിക്കാറുണ്ടെങ്കിലും ഇത്രയും കൂടിയത് ഇതാദ്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. നാമക്കല്ലില്‍ ദിവസം ഏഴുകോടിയിലധികം മുട്ട ഉത്‌പാദിപ്പിക്കുന്നുണ്ട്. കേരളത്തിന് പുറമെ കര്‍ണാടകയിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഇവിടെ നിന്നും മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്. തണുപ്പുള്ള സ്‌ഥലങ്ങളിലേക്കാണ് കൂടുതല്‍ മുട്ട പോകുന്നതെന്ന് തമിഴ്‌നാട്ടിലെ വ്യാപാരികള്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ മുട്ട വില ഇനിയും കൂടാനാണ് സാധ്യത. നാമക്കല്ലില്‍ മുട്ട വില 6.50 രൂപയില്‍ എത്തുമെന്നാണ് അവിടത്തെ വ്യാപാരികള്‍ നല്‍കുന്ന സൂചന.
എന്‍. രമേഷ്