Thursday, March 12, 2026 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 16 Dec 2025 11.38 PM

രാജ്യത്തെ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം

നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നിലവിലുള്ള 74 ശതമാനത്തില്‍നിന്ന്‌ 100 ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദേശമടങ്ങിയ ബില്ല്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു
uploads/news/2025/12/816355/Nirmala-Seetharaman.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നിലവിലുള്ള 74 ശതമാനത്തില്‍നിന്ന്‌ 100 ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദേശമടങ്ങിയ ബില്ല്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 'സബ്‌ കാ ബീമ സബ്‌ കി രക്ഷ (ഇന്‍ഷുറന്‍സ്‌ നിയമ ഭേദഗതി) ബില്‍, 2025' എന്നാണ്‌ ഈ നിയമത്തിന്‌ പേര്‌. ഇതോടെ രാജ്യത്തെ ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ സമ്പൂര്‍ണ വിദേശ ഉടമസ്‌ഥതയ്‌ക്കു വഴിയൊരുങ്ങി. ഇത്‌ നേരത്തെ പ്രഖ്യാപിച്ച അടുത്ത തലമുറ സാമ്പത്തിക മേഖല പരിഷ്‌കാരങ്ങളുടെ ഭാഗമാണെന്നാണു സര്‍ക്കാര്‍ നിലപാട്‌.
ഈ നീക്കം രാജ്യത്തേക്ക്‌ ദീര്‍ഘകാലാടിസ്‌ഥാനത്തിലുള്ള വലിയ അളവിലുള്ള ആഗോള മൂലധനം ആകര്‍ഷിക്കുമെന്നും, മേഖലയിലെ മത്‌സരം വര്‍ധിപ്പിച്ച്‌ പോളിസി ഉടമകള്‍ക്ക്‌ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുമെന്നുമാണു സര്‍ക്കാര്‍ നിലപാട്‌. നിലവില്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ആഗോള നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ രംഗത്തെ സാന്ദ്രത ഏകദേശം മൂന്നു ശതമാനവും പൊതു ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ ഒരു ശതമാനവും മാത്രമാണ്‌. പൂര്‍ണ വിദേശ ഉടമസ്‌ഥാവകാശം അനുവദിക്കുന്നതിലൂടെ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനം വിപുലീകരിക്കാനും, പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാനും, സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും സാധിക്കുമെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇന്‍ഷുറന്‍സ്‌ ആക്‌ട്‌, 1938;എല്‍.ഐ.സി. ആക്‌ട്‌, 1956;ഐ.ആര്‍.ഡി.എ.ഐ. ആക്‌ട്‌, 1999 എന്നീ മൂന്ന്‌ സുപ്രധാന നിയമങ്ങളിലാണ്‌ സര്‍ക്കാര്‍ പുതിയ ബില്‍ വഴി ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നത്‌. ആധുനികവല്‍ക്കരണം, ബിസിനസ്‌ എളുപ്പമാക്കല്‍, പോളിസി ഉടമകള്‍ക്ക്‌ ശക്‌തമായ സംരക്ഷണം ഉറപ്പാക്കല്‍ എന്നിവയ്‌ക്കാണ്‌ ഭേദഗതി പ്രാധാന്യം നല്‍കുന്നത്‌. കൂടാതെ, ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യക്ക്‌ (എല്‍.ഐ.സി.) കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാനും ബില്ല്‌ ലക്ഷ്യമിടുന്നു. വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിലൂടെ നിലവില്‍ ഈ മേഖലയില്‍ എത്തിയിട്ടുള്ള 82,000 കോടി രൂപയുടെ നിക്ഷേപം വരും വര്‍ഷങ്ങളില്‍ കുതിച്ചുയരുമെന്ന്‌ അധികൃതര്‍ പ്രതീക്ഷിക്കുന്നു. പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ.) അധികാരങ്ങള്‍ ശക്‌തിപ്പെടുത്താനും നീക്കമുണ്ട്‌. ഇന്‍ഷുറര്‍മാര്‍ക്കും ഇടനിലക്കാര്‍ക്കും അനധികൃതമായി ലഭിക്കുന്ന ലാഭം പിടിച്ചെടുക്കാന്‍ സെബിക്ക്‌ സമാനമായ അധികാരം ഐ.ആര്‍.ഡി.എ.ഐക്ക്‌ നല്‍കും. വിദേശ റീഇന്‍ഷുറര്‍മാര്‍ക്ക്‌ വേണ്ട കുറഞ്ഞ അറ്റ ഉടമസ്‌ഥത ഫണ്ട്‌ 5,000 കോടി രൂപയില്‍നിന്ന്‌ 1,000 കോടി രൂപയായി കുറച്ചതും ആഗോള കമ്പനികളെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. അതേസമയം, 100% വിദേശ ഉടമസ്‌ഥാവകാശം അനുവദിക്കുമ്പോഴും, കമ്പനിയുടെ ചെയര്‍പഴ്‌സണ്‍, മാനേജിങ്‌ ഡയറക്‌ടര്‍ അല്ലെങ്കില്‍ സി.ഇ.ഒ. തസ്‌തികകളില്‍ ഒരാളെങ്കിലും ഇന്ത്യന്‍ പൗരനായിരിക്കണം എന്ന വ്യവസ്‌ഥ നിലനിര്‍ത്തിയിട്ടുണ്ട്‌.
ഇന്‍ഷുറന്‍സ്‌ മേഖലയുടെ വളര്‍ച്ച, ഉപഭോക്‌തൃ സംരക്ഷണം, വിശാലമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്നിവ സന്തുലിതമാക്കാന്‍ ഈ ബില്ല്‌ ശ്രമിക്കുന്നുണ്ടെങ്കിലും, കോമ്പോസിറ്റ്‌ ലൈസന്‍സ്‌ പോലുള്ള ചില വ്യവസായ ആവശ്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്താത്തത്‌ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക്‌ വഴിവച്ചിട്ടുണ്ട്‌. വരുന്ന ദിവസങ്ങളില്‍ ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമെന്നാണു പ്രതീക്ഷ.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 16 Dec 2025 11.38 PM
Ads by Google
LATEST NEWS
TRENDING NOW