-->
മട്ടാഞ്ചേരി: ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിച്ച് സ്വര്‍ണവില. രാവിലെയും ഉച്ചയ്‌ക്കുമായി 135 രൂപ ഉയര്‍ന്ന് 12,410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലത്തെ വില. പവന് 1,080 രൂപ വര്‍ധിച്ച് വില 99,280 രൂപയായി. രാവിലെ 600 ഉം ഉച്ചകഴിഞ്ഞ് 480 രൂപയുടെയും വര്‍ധന. സ്വര്‍ണത്തിന്റെ രാജ്യാന്തരവില 4299 ഡോളറിലെത്തിയിട്ടും നിക്ഷേപകരുടെ വാങ്ങല്‍ തുടര്‍ന്നതോടെ 4340 ഡോളറായി. ഇതോടെ ആഭ്യന്തര മാര്‍ക്കറ്റിലും വില സര്‍വകാല റെക്കോഡിലെത്തി.
അമേരിക്കന്‍ ട്രഷറിയുടെ വരുമാനത്തില്‍ ഇടിവുണ്ടായതോടെയാണ് സ്വര്‍ണ്ണത്തിന് രാജ്യാന്തര വില ഉയര്‍ന്നത്. അമേരിക്കന്‍ ഗോള്‍ഡ് ഫ്യൂച്ചര്‍ ഫണ്ട് 4365 ഡോളറായി ഉയര്‍ന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര വില ഉയരാന്‍ ഇടയാക്കി.
24 കാരറ്റ് പവന് 1190 രൂപ കൂടി 1,08,320 രൂപയായി. 18 കാരറ്റ് പവന് 890 രൂപ കൂടി 81,240 രൂപയിലെത്തി. വെള്ളി ഗ്രാമിന് അഞ്ചു രൂപ കൂടി 215 രൂപയിലെത്തി. വിനിമയ നിരക്കില്‍ രൂപ 90.57 ല്‍ നിന്ന് 90.75 ആയി ഇടിഞ്ഞു. കഴിഞ്ഞ ഒരാഴ്‌ച്ചയ്‌ക്കിടെ ആഭ്യന്തര വില പവന് 3640 രൂപയും കഴിഞ്ഞ ഒരു മാസത്തിനിടെ 8010 രൂപയുമാണ് കൂടിയത്.