Thursday, March 12, 2026 Last Updated 17 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.35 PM

'തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം ടീം യു.ഡി.എഫിന്റെ വിജയം'

uploads/news/2025/12/816172/lk1.jpg

പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുത്തശേഷം യു.ഡി.എഫിനെ എല്ലാം തെരഞ്ഞെടുപ്പുകളിലും വിജയത്തിലേക്കു നയിച്ച പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനാണു തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്‌. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്തു യു.ഡി.എഫിന്‌ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്‌ട്രീയ വനവാസത്തിനു പോകുമെന്നു മാസങ്ങള്‍ക്കു മുമ്പേ വ്യക്‌തമാക്കിയ പ്രതിപക്ഷ നേതാവിന്റെ ആത്മവിശ്വാസം കൂട്ടുന്നതാണു നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിച്ച തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം. എത്ര സമ്മര്‍ദ്ദമുണ്ടായാലും നിലപാടുകളില്‍ വിട്ടുവീഴ്‌ചയില്ലെന്നു പലതവണ തെളിയിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ യു.ഡി.എഫിന്റെ ഉജ്വല വിജയത്തിനുശേഷം 'മംഗള'വുമായി സംസാരിക്കുന്നു.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ യു.ഡി.എഫായിരിക്കുമോ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുക ?

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനേക്കാള്‍ അടിത്തറ വിപുലീകരിച്ച്‌ കുറേക്കൂടി ശക്‌തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ചെയ്‌തതിനേക്കാള്‍ വലിയ ജോലിയാണ്‌ വരുന്നത്‌. മുന്നണിയുടെ അടിത്തറ പല രീതിയില്‍ വിപുലീകരിക്കും. അതില്‍ എല്‍.ഡി.എഫിലെയും എന്‍.ഡി.എയിലെയും ഘടകകക്ഷികളുണ്ടാകും.ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജയത്തോടെ എല്ലാം ആയെന്ന്‌ കരുതുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്കെത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യണം.അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.

കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക്‌ ക്ഷണിക്കുമോ?

നിലവില്‍ ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്‌തിട്ടില്ല. അതൊക്കെ രാഷ്‌ട്രീയ തീരുമാനമാണ്‌. കോണ്‍ഗ്രസിലേക്ക്‌ ഒരാളെ കൊണ്ടുവരാന്‍ കെ.പി.സി.സിയാണ്‌ തീരുമാനിക്കേണ്ടത്‌. യു.ഡി.എഫിലേക്ക്‌ ആരെയെങ്കിലും കൊണ്ടുവരുന്നത്‌ യു.ഡി.എഫ്‌ നേതൃത്വം തീരുമാനിക്കും. ഉചിതമായ സമയത്ത്‌ തീരുമാനം എടുക്കാന്‍ പറ്റുന്ന നേതൃത്വം യു.ഡി.എഫിനുണ്ട്‌.
യു.ഡി.എഫ്‌ ആരുമായും ഇപ്പോള്‍ ഒരു ചര്‍ച്ചയും നടത്തുന്നില്ല. കുറെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്‌. അതിനും അപ്പുറത്തേക്കുള്ള, മുന്നണി രാഷ്‌ട്രീയത്തിന്‌ പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി യു.ഡി.എഫ്‌ മാറുകയാണ്‌. ഈ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം എന്താണെന്ന്‌ പലര്‍ക്കും ബോധ്യമാകാത്തതു കൊണ്ടാണ്‌ പല കണക്കുകൂട്ടലുകാര്‍ക്കും രണ്ടും രണ്ടും കൂട്ടിയപ്പോള്‍ നാല്‌ കിട്ടിയത്‌. യു.ഡി.എഫ്‌ എന്ന പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ഉള്ളതുകൊണ്ടാണ്‌ ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ യു.ഡി.എഫ്‌. വലിയ വിജയം നേടിയത്‌. കുറെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുന്നണിക്ക്‌ അപ്പുറത്ത്‌ ഒരുപാട്‌ വിഭാഗം ജനങ്ങളെയും അഭിപ്രായനിര്‍മാതാക്കളെയും ഉള്‍പ്പെടെയുള്ളവരെ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്ലാറ്റ്‌ഫോമാണ്‌ യു.ഡി.എഫ്‌. അടിത്തറ വിപുലീകരിച്ച്‌ കുറേക്കൂടി ശക്‌തമായ യു.ഡി.എഫായിരിക്കും നിയമസഭ തെിരഞ്ഞെടുപ്പ്‌ നേരിടുന്നത്‌.

യു.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ പ്രധാനകാരണം എന്താണ്‌?

കഴിഞ്ഞ കുറച്ചു നാളുകളായി 'ടീം യു.ഡി.എഫാ'യിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ ടീമിന്റെ വിജയമാണ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനായത്‌. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തിലാണ്‌ യു.ഡി.എഫ്‌. വിജയിച്ചത്‌. ചേലക്കരയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം നാല്‍പതിനായിരത്തില്‍ നിന്നും പതിനായിരമായി കുറയ്‌ക്കാന്‍ കഴിഞ്ഞു. തദേശ സ്‌ഥാപനങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ഡുകളിലും വിജയിക്കാന്‍ യു.ഡി.എഫിന്‌ കഴിഞ്ഞു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളും സി.പി.എം.-ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ടും ജനങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നു കാണിക്കാന്‍ ടീം യു.ഡി.എഫിന്‌ കഴിഞ്ഞു.
ഈ ജനവിരുദ്ധ സര്‍ക്കാരിന്റെ തെറ്റുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുന്ന കുറ്റപത്രവും അധികാരത്തില്‍ എത്തിയാല്‍ പ്രതിസന്ധി മറികടക്കാന്‍ യു.ഡി.എഫ്‌. എന്തു ചെയ്യുമെന്നത്‌ വ്യക്‌തമാക്കുന്ന, ദീര്‍ഘവീക്ഷണത്തോടെയുള്ള ബദല്‍ പദ്ധതികളും പരിപാടികളും ഉള്‍പ്പെടുത്തിയുള്ള പ്രകടനപത്രികയും പുറത്തിറക്കിയാണ്‌ ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ഇത്‌ ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ്‌ യു.ഡി.എഫിന്റെ ഉജ്വല വിജയം.

ശബരിമല സ്വര്‍ണക്കൊളള തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടോ ?

തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്‌. ശബരിമലയിലെ സര്‍ണക്കൊള്ള ഒരു വിശ്വാസിക്കും അംഗീകരിക്കാന്‍ കഴിയില്ല. ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതില്‍പ്പടിയും ദ്വാരപാലകശില്‍പങ്ങളും മോഷ്‌ടിച്ച കേസില്‍ സി.പി.എം നേതാക്കളും ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റുമാരുമായ എ. പത്മകുമാറും എന്‍. വാസുവും ജയിലില്‍ കിടക്കുകയാണ്‌. എന്നിട്ടും സി.പി.എം. പ്രതികളെ സംരക്ഷിക്കുകയാണ്‌ ചെയ്‌തത്‌്. നടപടി എടുത്താല്‍ അവര്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരേ മൊഴി നല്‍കുമോയെന്ന ഭയമാണ്‌ സി.പി.എമ്മിന്‌. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പിന്നില്‍ ഇപ്പോള്‍ അറസ്‌റ്റു ചെയ്യപ്പെട്ടവരെക്കാള്‍ പ്രധാനപ്പെട്ട വന്‍തോക്കുകളുണ്ടെന്നാണു കോടതി പറഞ്ഞിരിക്കുന്നത്‌. സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ്‌ ആ വന്‍തോക്കുകള്‍. അവരെ ചോദ്യം ചെയ്യേണ്ട സമയമാണിത്‌. ശബരിമല അയ്യപ്പനെ പോലും കൊള്ളയടിക്കുന്ന മാഫിയാ സംഘമായി സര്‍ക്കാര്‍ മാറിയത്‌ അമ്പരപ്പോടെയാണ്‌ കേരളം നോക്കിക്കണ്ടത്‌. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിന്‌ കുഴപ്പമില്ലെന്ന സമീപനമാണ്‌ ബി.ജെ.പി. സ്വീകരിച്ചത്‌. ഇത്‌ സി.പി.എം.-ബി.ജെ.പി. ഒത്തുതീര്‍പ്പിന്റെ ഭാഗമായിരുന്നു. യു.ഡി.എഫ്‌ മാത്രമാണ്‌ ഈ തട്ടിപ്പുകാരെ പുറത്തുകൊണ്ടുവരുന്നതില്‍ മുന്നില്‍ നിന്നത്‌. കൊള്ളസംഘത്തിനുള്ള തിരിച്ചടി കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലം.

സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാതൃകയിലാകുമോ തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷന്‍മാരെ തീരുമാനിക്കുക?

തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷന്മാരെ കൃത്യമായ നടപടി ക്രമങ്ങളിലൂടെയായിരിക്കും തീരുമാനിക്കുക. യു.ഡി.എഫ്‌. കക്ഷികളുമായി ബന്ധപ്പെട്ടുള്ളത്‌ മുന്നണി ജില്ലാ നേതൃത്വം തീരുമാനിക്കും. അതിനുള്ള മാനദണ്ഡം യു.ഡി.എഫ്‌. നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്ക്‌ നല്‍കും.
കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ കെ.പി.സി.സിയാണ്‌. അതു സംബന്ധിച്ച മാനദണ്ഡങ്ങളും അടുത്ത ദിവസം തന്നെ നല്‍കും. അതനുസരിച്ച്‌ കെ.പി.സി.സിയും ഡി.സി.സിയും നിയോഗിക്കുന്ന നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കും. അല്ലാതെ സോഷ്യല്‍ മീഡിയ പ്രഖ്യാപിക്കുന്നവരെ അധ്യക്ഷരാക്കുന്ന കീഴവഴക്കം യു.ഡി.എഫിനില്ല.

ഷാലു മാത്യു

Ads by Google
Monday 15 Dec 2025 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW