-->
ലോകമാകെയുള്ള ന്യൂനപക്ഷ സമൂഹം ഭീതിയുടെയും അടിച്ചമര്‍ത്തലുകളുടെയും മുമ്പില്‍ പകച്ചുനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഈ വര്‍ഷത്തെ ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നത്. ഐക്യരാഷ്‌ട്ര സംഘടനയുടെ നിര്‍വ്വചന പ്രകാരം സാമൂഹിക - രാഷ്‌ട്രീയ - സാമ്പത്തിക ആധിപത്യം ഇല്ലാത്തതും ഒരു പ്രത്യേക രാജ്യത്തിനുള്ളില്‍ സംഖ്യാപരമായി താഴ്‌ന്നതുമായ ഒരു സമൂഹത്തെയാണ് ന്യൂനപക്ഷമായി നിര്‍വ്വചിച്ചിരിക്കുന്നത്. സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. 1992 ഡിസംബര്‍ 18 ന് ഐക്യരാഷ്‌ട്രസംഘടന നടത്തിയ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയിലും ന്യൂനപക്ഷ അവകാശ ദിനം ആചരിച്ച് തുടങ്ങിയത്.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്‌തികള്‍ക്ക് വിവേചനം നേരിടാതെ സ്വതന്ത്രമായി സ്വന്തം സംസ്‌കാരം സ്വീകരിക്കാനും സ്വന്തം മതവിശ്വാസം ആചരിക്കാനും സ്വന്തം ഭാഷ ഉപയോഗിക്കാനുമുള്ള അവകാശം ഈ പ്രഖ്യാപനം അടിവരയിടുന്നു. 1992 ലെ ദേശീയ ന്യൂനപക്ഷ നിയമപ്രകാരം ദേശീയ ന്യൂനപക്ഷ കമ്മിഷനും ഇതിനെ ചുവടുപിടിച്ച് സംസ്‌ഥാന ന്യൂനപക്ഷ കമ്മിഷനുകളും നിലവില്‍ വന്നു. 2013 മേയ് 15 നാണ് കേരള സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നത്. സംസ്‌ഥാനത്തെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്ലീം - ക്രിസ്‌ത്യന്‍ വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ക്ക് വേണ്ടി അനുദിനം പ്രവര്‍ത്തിക്കുന്ന കമ്മിഷന്‍ നിരവധി വിഷയങ്ങളില്‍ ഇടപെട്ട് ന്യൂനപക്ഷാവകാശം സാധ്യമാക്കിയിട്ടുണ്ട്. സിവില്‍ കോടതിയുടെ അവകാശം നിക്ഷിപ്‌തമായതിനാല്‍ പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുവാന്‍ കമ്മിഷന് കഴിയുന്നുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമ്മിഷന്‍ നിരീക്ഷണ വിധേയമാക്കാറുണ്ട്. ന്യൂനപക്ഷ അവകാശം എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ഒരു സുപ്രധാന ഘടകമാണ്. ഇതര സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ മികച്ച ജീവിത നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും ചില മേഖലകളില്‍ ഇപ്പോഴും പിന്നാക്കാവസ്‌ഥയുണ്ട്. കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്‌ഥാന - ജില്ലാ കേന്ദ്രങ്ങളില്‍ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കമ്മിഷനില്‍ പരാതി നല്‍കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി യാതൊരു ഫീസും പരാതിക്കാര്‍ നല്‍കേണ്ടതില്ല. സൂക്ഷ്‌മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങള്‍ക്കായി സംസ്‌ഥാനതല സെമിനാര്‍ സംഘടിപ്പിക്കുവാനും കേരള മീഡിയാ അക്കാദമിയുമായി ചേര്‍ന്ന് അവരുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്‌ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച് പഠനം നടത്തി സര്‍ക്കാരിന് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുവാനും കമ്മീഷന് കഴിഞ്ഞിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളിലെ നിരവധി മനുഷ്യരുടെ ജീവിതത്തിന് കാവലാളാകാന്‍ കമ്മിഷന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം യുവതീയുവാക്കള്‍ക്ക് 'കേരള നോളജ് ഇക്കോണമി മിഷനു'മായി ചേര്‍ന്ന് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതി അതിന്റെ വിജയത്തില്‍ എത്തിനില്‍ക്കുകയാണ്.
ശാസ്‌ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയുടെ ഭാഗമായി ഇന്ന് ഏറ്റവും ജനകീയമായ ആശയവിനിമയോപാധിയായി നവമാധ്യമങ്ങള്‍ മാറിയിരിക്കുകയാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്‌ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവരായി മാറിക്കഴിഞ്ഞു. മാറിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ കമ്മിഷനെ സമീപിക്കാന്‍ സാധ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് വാട്ട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുന്നതിന് കമ്മിഷന്‍ തുടക്കം കുറിച്ചത്. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു കമ്മിഷനില്‍ വാട്ട്‌സാപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങിയത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ നിരവധി വിഷയങ്ങളില്‍ ഇടപെടുകയും പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്‌തത് കമ്മിഷന്റെ നേട്ടമായി കരുതുന്നു. സംസ്‌ഥാന സര്‍ക്കാര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പുതുതായി നടപ്പാക്കുന്ന 'കെടാവിളക്ക്' സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്നും ന്യൂനപക്ഷ വിഭാഗക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞയുടന്‍ തന്നെ കമ്മിഷന്‍ ഇടപെടുകയും ഒഴിവാക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളില്‍ അര്‍ഹരായവര്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഉള്‍പ്പെടുത്തുന്നതിനായി 'മാര്‍ഗദീപം' എന്ന പേരില്‍ ആവിഷ്‌കരിച്ച് 2024-25 ബജറ്റ് നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. വിദേശത്ത് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള യോഗ്യതാപരീക്ഷ പാസായവര്‍ക്ക് കേരളത്തില്‍ പെര്‍മനെന്റ് രജിസ്‌ട്രേഷന് കാലതാമസം നേരിടുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ കമ്മിഷന്‍ വിഷയത്തില്‍ ഇടപെടുകയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു.
സംസ്‌ഥാനമാകെ ശ്രദ്ധിച്ച മറ്റൊരു ഇടപെടലാണ് തിരുവനന്തപുരം മുതലപ്പൊഴി തീരത്തേത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് നിരവധി മത്സ്യതൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയും മരണമടയുകയും ചെയ്‌തു. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെട്ട കമ്മിഷന്‍ ഫിഷറീസ് ഡയറക്‌ടര്‍, തിരുവനന്തപുരം കലക്‌ടര്‍, തീരദേശ പോലീസ് ഇന്‍സ്‌പെക്‌ടര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് എന്നിവരെ എതിര്‍കക്ഷികളാക്കി സ്വമേധയാ കേസെടുത്തു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ വസ്‌തുക്കളുടെ കയറ്റിറക്കത്തിനായി മുതലപ്പൊഴി തുറമുഖം ഉപയോഗിച്ചതുമൂലം പൊഴിമുഖം കല്ലുകളും മറ്റും അടിഞ്ഞുകൂടി ആഴം കുറഞ്ഞത് കാരണമാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും പൊഴിമുഖം അപകടരഹിതമാക്കുവാന്‍ ഡ്രഡ്‌ജിംഗ് നടത്തേണ്ടത് കണ്ടെത്തി, കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഇപ്പോള്‍ 80 ശതമാനം ഡ്രഡ്‌ജിങ് ജോലികളും പൂര്‍ത്തിയായിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധിയായ വിഷയങ്ങളിലാണ് കമ്മിഷന്‍ ഇടപെടല്‍ നടത്തുന്നത്. വിഷയത്തില്‍ ഇടപെടുക മാത്രമല്ല പൗരന് നീതി ലഭ്യമാക്കുംവരെ അവരോടൊപ്പം നല്‍ക്കുക എന്നതാണ് ന്യൂനപക്ഷ കമ്മിഷന്റെ ഉറച്ച നിലപാട്.
അഭിമാനം നിറഞ്ഞ നിമിഷങ്ങളോടെയാണ് കേരള സംസ്‌ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഈ ന്യൂനപക്ഷാവകാശ ദിനത്തെ നോക്കി കാണുന്നത്. ഇനിയും പൂര്‍ത്തിയാക്കുവാന്‍ നിരവധി സ്വപ്‌നങ്ങള്‍ കമ്മിഷന്റെ മുമ്പിലുണ്ട്. ഉറച്ച നിലപാടുകളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ കാവലാളായി സംസ്‌ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉണ്ടാകുമെന്ന ഉറപ്പാണ് ഈ അവസരത്തില്‍ നല്‍കാനുള്ളത്. ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ലോകമെമ്പാടുമുള്ള മനുഷ്യരെ ഓര്‍മ്മിച്ചുകൊണ്ട് എല്ലാവര്‍ക്കും ന്യൂനപക്ഷ അവകാശ ദിനാശംസകള്‍ നേരുന്നു.
അഡ്വ. എ.എ. റഷീദ്
(സംസ്‌ഥാന ന്യൂനപക്ഷ കമ്മിഷന്‍
ചെയര്‍മാനാണ് ലേഖകന്‍)