Thursday, March 12, 2026 Last Updated 18 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

ബസിലെ 'ജനവിധി' നീതിനിഷേധം

uploads/news/2025/12/816170/ed.jpg

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്‌ കുറ്റവിമുക്‌തനാക്കപ്പെട്ടതോടെ കോടതി വിധിക്കെതിരേ ഉയരുന്ന പ്രതിഷേധം സാമൂഹിക മാധ്യമങ്ങളില്‍നിന്നു പൊതുജനമധ്യത്തിലേക്കും വളര്‍ന്നിരിക്കുന്നു. നടനോടുള്ള എതിര്‍പ്പിന്റെ ഭാഗമായി അദ്ദേഹം മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമ കെ.എസ്‌.ആര്‍.ടിസി. ബസില്‍ പ്രദര്‍ശിപ്പിച്ചതു തടഞ്ഞ സംഭവം ഇത്തരത്തില്‍ ഒന്നാണ്‌. ദിലീപിന്റെ സിനിമ കാണാന്‍ താല്‍പ്പര്യമില്ലെന്ന്‌ ഒരു കൂട്ടര്‍ അഭിപ്രായപ്പെടുകയും എതിര്‍വാദവുമായി മറ്റൊരു വിഭാഗം രംഗത്തുവരുകയുമുണ്ടായി. തര്‍ക്കത്തിനൊടുവിലാണ്‌ സിനിമ നിര്‍ത്തിവച്ചത്‌. തങ്ങള്‍ക്ക്‌ എതിര്‍പ്പുള്ളതും ഇഷ്‌ടമില്ലാത്തതും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന വിധത്തിലുള്ള ഇത്തരം പ്രതിഷേധങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.
വിചാരണക്കോടതി വിധിയില്‍ അതൃപ്‌തിയുണ്ടെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സര്‍ക്കാര്‍തന്നെ വ്യക്‌തമാക്കിയിട്ടുള്ള കേസാണിത്‌. നിലവില്‍ കീഴ്‌ക്കോടതി വിധിയാണ്‌ സമൂഹത്തിനു മുന്നിലുള്ളത്‌. വിധിക്കെതിരേ ഭിന്നാഭിപ്രായമുണ്ടെന്നിരിക്കേ മേല്‍ക്കോടതികളെ സമീപിക്കുകമാത്രമാണ്‌ മുന്നിലുള്ള ശരിയായ മാര്‍ഗം. ഇത്തരത്തില്‍ കേസുമായി മുന്നോട്ടുപോകുമ്പോള്‍ അതിജീവിതയ്‌ക്കു തൃപ്‌തികരമായൊരു വിധി ലഭിക്കണമെന്ന്‌ ആഗ്രഹിക്കുകയും അവരുടെ പോരാട്ടത്തിനു ശക്‌തിപകരാന്‍ ശ്രമിക്കുകയുമാണ്‌ യഥാര്‍ഥത്തില്‍ വേണ്ടത്‌. എന്നാല്‍, അതിനു ശ്രമിക്കുന്നവരുടെ മാര്‍ഗങ്ങളെ ദുര്‍ബലപ്പെടുത്താനേ ബസില്‍ സംഭവിച്ചതുപോലുള്ള പ്രതിഷേധങ്ങള്‍ ഇടവരുത്തുകയുള്ളൂ. ഒരുപക്ഷേ, അതിജീവിതയ്‌ക്കു നേരിട്ട-മനഃസാക്ഷിയെ ഞെട്ടിക്കുന്ന അനുഭവത്തോടുള്ള കടുത്ത പ്രതിഷേധമാകാം ഇത്തരത്തിലുള്ള വൈകാരിക പ്രകടനങ്ങളുടെ അടിസ്‌ഥാനം. ആളുകളുടെ വൈകാരിക ഭാവമല്ല കോടതിയില്‍ അതിജീവിതയ്‌ക്കുവേണ്ടി സംസാരിക്കേണ്ടത്‌ തെളിവുകള്‍മാത്രമാണ്‌. തെളിവുകളുടെ അഭാവത്തിലാണു ദിലീപ്‌ കുറ്റവിമുക്‌തനാക്കപ്പെട്ടത്‌. അതിന്റെ പേരില്‍ കോടതി വിധിയും വിധി പ്രസ്‌താവിച്ച ജഡ്‌ജിയും ഉള്‍പ്പെടെ പരസ്യവിചാരണ നേരിടുന്ന സാഹചര്യം സംസ്‌ഥാനത്തെ നീതിന്യായ വ്യവസ്‌ഥയ്‌ക്കും ആളുകളുടെ വ്യക്‌തിസ്വാതന്ത്ര്യത്തിനും നേരേയുള്ള വെല്ലുവിളിയായി മാറിയിരിക്കുന്നു. പ്രോസിക്യൂഷനും അന്വേഷണസംഘവും നീതിന്യായവ്യവസ്‌ഥയെ, പ്രത്യേകിച്ച്‌, വിചാരണക്കോടതി ജഡ്‌ജിയെ വ്യക്‌തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി വിധിന്യായത്തിലുണ്ട്‌. അനന്തരഫലങ്ങള്‍ നോക്കാതെ, ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കുമെന്നാണ്‌ വിധിന്യായത്തില്‍ കോടതി പറഞ്ഞത്‌. കോടതി നീതി നടപ്പിലാക്കിയതിന്റെ അനന്തരഫലമായിട്ടു ബസില്‍ സംഭവിച്ചതുപോലുള്ള പ്രതിഷേധങ്ങളെ കാണുന്നവരുമുണ്ട്‌.
കുറ്റവിമുക്‌തനാക്കപ്പെട്ട വ്യക്‌തിയുടെ കാര്യത്തില്‍ ഏതു രീതിയില്‍ ചിന്തിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം ഇപ്പോഴുമുണ്ട്‌. പക്ഷേ, ചുറ്റുമുള്ളവരെല്ലാം ഈ രീതിയില്‍തന്നെ ചിന്തിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും വാശിപിടിക്കുന്നതാണ്‌ ശരിയല്ലാത്തതും അംഗീകരിക്കാന്‍ കഴിയാത്തതുമായ കാര്യം. ഇത്തരം വാശികാട്ടല്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം നിഷേധിക്കലാണ്‌. ഒരു പൊതു ഇടത്തില്‍ സിനിമ ആസ്വദിച്ചുകൊണ്ടിരുന്ന ചിലരുടെയെങ്കിലും സ്വാതന്ത്ര്യമാണ്‌ പ്രദര്‍ശനം നിര്‍ത്തിച്ചതിലൂടെ മറ്റു ചിലര്‍ ഇല്ലാതാക്കിയത്‌. 'അതിജീവിതയ്‌ക്കൊപ്പം' എന്നതിലൂടെ ആരോപണവിധേയനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മറ്റുള്ളവരും ഉപേക്ഷിക്കണമെന്നു വാശിപിടിക്കുന്നതു മര്യാദയല്ല.
ലൈംഗികപീഡന പരാതികള്‍ ഉള്‍പ്പെടെ നേരിടുന്ന എത്രയോ പേര്‍ ജനപ്രതിനിധികളായിരിക്കുകയും സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യുന്ന സാമൂഹിക അന്തരീക്ഷമാണ്‌ സംസ്‌ഥാനത്തേത്‌. പ്രതിഷേധ സൂചകമായി ഇത്തരക്കാരെ തടയാനും ഇവരുടെ സാന്നിധ്യമുള്ള എന്തും അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായാല്‍ നിഷേധിക്കപ്പെടുക മറ്റു ചിലര്‍ക്കുള്ള സ്വാതന്ത്ര്യമാണ്‌. ആരോപണവിധേയരെ ബഹിഷ്‌കരിക്കണമെന്ന്‌ ആഹ്വാനം ചെയ്യാനും അവര്‍ക്കെതിരേ നിലപാടെടുക്കണമെന്ന്‌ പറയാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. ഭൂരിപക്ഷ ജനത ഇത്‌ അംഗീകരിക്കുകയാണെങ്കില്‍ അവര്‍ക്കുള്ള യഥാര്‍ഥ ശിക്ഷ ഇതായിരിക്കും. ഈയൊരു 'ജനവിധി'ക്കുവേണ്ടി പൊരുതാനുള്ള ഒരാളുടെയും അവകാശം നിഷേധിച്ചിട്ടില്ല. എന്നാല്‍, എല്ലാവരും ഈയൊരു 'ജനവിധി'ക്കുവേണ്ടി നിലകൊള്ളണമെന്നു വാശിപിടിച്ചു പ്രദര്‍ശനം നിര്‍ത്തിവയ്‌പ്പിക്കുന്നത്‌ അനീതിയുമാണ്‌. ആരോപണവിധേയരെ ബഹിഷ്‌കരിക്കാന്‍ വ്യക്‌തിസ്വാതന്ത്ര്യം ഉള്ളതുപോലെ അവരെ തടയാന്‍ കഴിയുന്ന ഒരു സാമൂഹിക നിയമവും നിലവിലില്ല. പ്രദര്‍ശനാനുമതി ലഭിച്ച ഒരു ചിത്രം അനുവദനീയമായ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം നീതിനിഷേധമാണ്‌.

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW