Friday, March 13, 2026 Last Updated 13 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.46 PM

‘ഹായ്, ഞാൻ മാളവിക....; ‘ഞാൻ മോഹൻലാല്‍....’; സെറ്റിലാകെ ചിരിപടര്‍ത്തി മലയാളികളുടെ സ്വന്തം ലാലേട്ടന്‍; പ്രേക്ഷകര്‍ ഏറ്റെടുത്ത് ‘ഹൃദയപൂര്‍വ്വം’ ബിടിഎസ്

uploads/news/2025/12/816117/Untitled-6.jpg
Hridayapoorvam BTS video (Image Source: Youtube)

മലയാളികളുടെ ഹൃദയം കവർന്നു വർഷങ്ങളായി നിലയുറപ്പിച്ച മഹാരഥന്മാരായ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോയിലെത്തുന്ന ചിത്രങ്ങള്‍ എന്നും വലിയ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. അടുത്തിടെ ഈ കോമ്പോയില്‍ തിയേറ്ററിലെത്തി പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച ഫീല്‍ ഗുഡ് ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. സത്യൻ–ലാൽ കൂട്ടുകെട്ടിലെ സ്ഥിരം ഫോർമുലകളെല്ലാം നിറഞ്ഞതായിരുന്നു ഈ സിനിമ.
താരപരിവേഷങ്ങളില്ലാതെ മോഹന്‍ലാലും യൂത്തിന്റെ കോമഡി ബ്രാൻഡ് അംബാസ്സിഡർ ആയ സംഗീത് പ്രതാപും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ഫണ്‍ ഫാമിലി എന്റർടെയ്നറായിരുന്നിത്. ഓണം റിലീസ് ആയി എത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു. ഇതിലെ നായിക മാളവിക മോഹനനും കൈയടികള്‍ ലഭിച്ചിരുന്നു.
ഇപ്പോഴിതാ ‘ഹൃദയപൂർവ’ത്തിന്റെ ലൊക്കേഷൻ കാഴ്ചകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വീഡിയോയുടെ തുടക്കത്തില്‍ എല്ലാവരെയും കാണിക്കുന്നതിനൊപ്പം ഈ സിനിമയിലേക്ക് തന്നെ വിളിച്ചത് അഖില്‍ സത്യൻ ആണെന്ന് മാളവിക മോഹനൻ വീഡിയോയില്‍ പറയുന്നുണ്ട്. സത്യൻ അന്തിക്കാട്-മോഹൻലാല്‍ സിനിമയില്‍ അഭിനയിക്കുക എന്നത് സ്വപ്നതുല്യമായിരുന്നു എന്നും താരം പറഞ്ഞു. ‘‘ഹൃദയപൂർവത്തിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് അഖില്‍ സത്യൻ ആണ്. അച്ഛൻ, സത്യൻ സാർ, ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞു. പിന്നെയാണ് അതൊരു മോഹൻലാല്‍-സത്യൻ അന്തിക്കാട് സിനിമയാണെന്ന് മനസിലാക്കുന്നത്. വളരെ സപ്പോർട്ടീവായ കോ ആക്ടർ ആണ് മോഹൻലാല്‍. അദ്ദേഹം നമ്മളെ കംഫർട്ടിബിള്‍ ആക്കും. നമ്മള്‍ എവിടെയെങ്കിലും സ്റ്റക്ക് ആയി പോയാല്‍ സഹായിക്കും. അദ്ദേഹത്തിന്റെ നർമ ബോധം അപാരമാണ്...’’ മാളവിക പറയുന്നു.
ദൃശ്യങ്ങളി​ല്‍ കാണുന്ന വളരെ രസകരമായ ഒരു രംഗമുണ്ട്. സെറ്റിലേക്ക് എത്തുന്ന മാളവിക പേര് പറഞ്ഞ് പരിചയപ്പെടുത്തുമ്പോള്‍, ‘ഞാൻ മോഹൻലാല്‍...’ എന്ന താരത്തിന്റെ മറുപടിയും അണിയറക്കാരില്‍ ചിരിപടർത്തുന്നുണ്ട്.
ഒൻപത് വർഷങ്ങള്‍ക്ക് ശേഷം മോഹൻലാല്‍-സത്യൻ അന്തിക്കാട് ഹിറ്റ് കോംമ്പോ ഒന്നിച്ച ചിത്രമാണ് ‘ഹൃദയപൂർവം’. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിച്ചത്. കൊച്ചിയില്‍ ക്ലൗഡ് കിച്ചൻ നടത്തുന്ന സന്ദീപ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹൻലാല്‍ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, ജനാര്‍ദ്ദനന്‍, സംഗീത, ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്‌സ്, നിഷാന്‍, സൗമ്യ പിള്ള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW