Thursday, March 12, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.36 PM

ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍

ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നത്‌ ചര്‍ച്ചയാകുന്ന കാലമാണിത്‌. എക്കാലത്തെയും വലിയ വീഴ്‌ചയാണു രൂപയ്‌ക്കു കഴിഞ്ഞ ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. 90 രൂപയ്‌ക്കു മുകളിലാണ്‌ മൂല്യം;അതായത്‌ ഒരു ഡോളര്‍ ലഭിക്കാന്‍ കഴിഞ്ഞ ആഴ്‌ചയിലെ റേറ്റ്‌ അനുസരിച്ച്‌ 90.57 രൂപ നല്‍കണമെന്നു ചുരുക്കം. ഡോളര്‍ നിരക്കിലെ ഈ വര്‍ധന ജീവിതത്തില്‍ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന്‌ ശരിയായ ധാരണ ഇല്ലാത്തതിനാല്‍ സാധാരണക്കാര്‍ പലപ്പോഴും ഡോളര്‍ വിനിമയ നിരക്കിലെ മാറ്റം കാര്യമായി ശ്രദ്ധിക്കാറില്ല.
ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയാന്‍ പലകാരണങ്ങളാണ്‌. അതില്‍ പ്രധാനമാണ്‌ അസംസ്‌കൃത എണ്ണവില വര്‍ധന. രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടിയത്‌ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സഹായിച്ചെന്നാണു മനസിലാകുന്നത്‌. അതുപോലെ വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്‌ മൂല്യം ഇടിയാന്‍ ഒരു കാരണമായി. വിദേശരാജ്യങ്ങളില്‍ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതു ഡിസംബറോടെയാണ്‌.
ഈ കാലയളവില്‍ അവരുടെ കണക്കുകളും മറ്റും പരിശോധിക്കുന്നതിന്റെ ഭാഗമായി വന്‍തോതിലുള്ള നിക്ഷേപം പിന്‍വലിക്കല്‍ ഓഹരിവിപണിയിലും മറ്റും നടക്കുന്നുണ്ട്‌. ഈ നിക്ഷേപങ്ങള്‍ വിദേശത്തേക്കു കൊണ്ടുപോകാനായി കൂടുതല്‍ ഡോളറിന്റെ ആവശ്യകത ഉണ്ടാകുകയും ഇതിനായി സമാഹരിക്കുകയും ചെയ്യും.
അതുപോലെ ഇറക്കുമതിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും ഡോളറിന്റെ ആവശ്യം ഈ കാലയളവില്‍ വന്നതും ഡോളറിന്റെ മൂല്യം ഉയര്‍ന്നതിനും രൂപയുടെ മൂല്യം കുറയാന്‍ കാരണമായിട്ടുണ്ട്‌. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനാല്‍ ഇതുസംബന്ധിച്ച തീരുമാനം മൂല്യത്തെ ബാധിക്കുമെന്നാണു കരുതപ്പെടുന്നത്‌. ഇതിന്റെ പ്രതിഫലനം വരുംദിവസങ്ങളില്‍ രൂപയുടെ മൂല്യത്തില്‍ പ്രകടമാകും.
ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു എന്നതു നിരന്തരം വരുമ്പോള്‍ പലര്‍ക്കും കോട്ടമുണ്ടാകുമെങ്കിലും മറ്റു പല മേഖലകളില്‍ നേട്ടവുമുണ്ട്‌. അതായത്‌ രൂപയുടെ മൂല്യം കൂടുന്നത്‌ വരവ്‌- ചെലവുകളെ നേരിട്ടും അല്ലാതെയും ബാധിക്കും.
നമ്മുടെ സമ്പദ്‌വ്യവസ്‌ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലവര്‍ധിക്കാന്‍ ഇടയാകും എന്നതാണ്‌ ഇതില്‍ പ്രധാനം. നമ്മുടെ രാജ്യം പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ഒരു വസ്‌തുവാണ്‌ എണ്ണ.
പ്രധാന ഇറക്കുമതിക്കാരായതിനാല്‍ രൂപയുടെ മൂല്യമിടിയുന്നത്‌ വിപണിയിലെ മറ്റു സാധനങ്ങളുടെ വിലവര്‍ധനയ്‌ക്കു കാരണമാകും. ഇതു വിപണിയില്‍ പണപ്പെരുപ്പത്തിനു വഴിവയ്‌ക്കും. ഇതിനൊപ്പം സൃഷ്‌ടിക്കപ്പെടാന്‍ സാധ്യതയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊള്ളാന്‍ സര്‍ക്കാരിനെയും റിസര്‍വ്‌ ബാങ്കിനേയും പ്രേരിപ്പിക്കുകയും ചെയ്യും.
പണപ്പെരുപ്പം കൂടുമ്പോള്‍ നിരക്ക്‌ ഉയര്‍ത്തുക എന്നതാണ്‌ റിസര്‍വ്‌ ബാങ്ക്‌ സ്വീകരിക്കുന്ന സാധാരണനടപടികളിലൊന്ന്‌. ഇതിന്റെ ഫലമായി ഭവന, വാഹന വായ്‌പകള്‍ ഉള്‍പ്പെടെയുള്ളവയുടെ പലിശ നിരക്ക്‌ ഉയരും.
ഇത്‌ സാധാരണക്കാരെ നേരിട്ടു ബാധിക്കും. അസംസ്‌കൃത എണ്ണ കൂടാതെ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന മറ്റു സാധനങ്ങളാണ്‌ കല്‍ക്കരി, ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എന്നിവ. ഇവയുടെ വിലവര്‍ധനയ്‌ക്കു രൂപയുടെ മൂല്യമിടിയുന്നതു കാരണമാകും.
വിദേശനിക്ഷേപകരെ സംബന്ധിച്ച്‌ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും സമ്പദ്‌വ്യവസ്‌ഥയിലെ അനിശ്‌ചിതത്വവും ഓഹരി വിപണി നിക്ഷേപത്തില്‍നിന്ന്‌ കൂടുതല്‍ തുക പിന്‍വലിക്കാന്‍ പ്രേരിപ്പിക്കും. ഈ തുക ഡോളറിലാക്കി അവരുടെ രാജ്യങ്ങളിലേക്കു കൊണ്ടുപോകും. രൂപയുടെ കൂടുതല്‍ മൂല്യശോഷണത്തിന്‌ ഇതു വഴിവയ്‌ക്കും.
അതുപോലെതന്നെ നമ്മുടെ രാജ്യവും പല വിദേശരാജ്യങ്ങളില്‍നിന്നും കടം എടുത്തിട്ടുണ്ട്‌. ഈ വായ്‌പകളുടെ തിരിച്ചടവ്‌ കൂടുതല്‍ ചെലവേറിയതാക്കും എന്നതാണ്‌ രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥയെ ബാധിക്കുന്ന മറ്റൊരു കാര്യം.
രൂപയുടെ മൂല്യം കുറയുന്നത്‌ കയറ്റുമതിമേഖലകള്‍ക്കു നേട്ടം സമ്മാനിക്കും. കയറ്റുമതിക്കാര്‍ ഇതൊരു അവസരമായിക്കണ്ട്‌ കൂടുതല്‍ സാധനങ്ങളും സേവനങ്ങളും കയറ്റി അയയ്‌ക്കാന്‍ ശ്രമിക്കും.
അതായത്‌ മൂല്യം കുറഞ്ഞു നില്‍ക്കുന്നതുകൊണ്ട്‌ ഇന്ത്യന്‍ സാധനങ്ങളുടെ വില രാജ്യാന്തര വിപണിയില്‍ താരതമ്യേന കുറവുള്ളതാകുകയും ഇത്‌ കയറ്റുമതി മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
ഇത്തരത്തില്‍ ഡോളര്‍വില ശക്‌തി പ്രാപിക്കുന്നത്‌ സാധാരണക്കാരുടെ ജീവിതത്തിലും നേരിട്ടും അല്ലാതെയും ബാധിക്കും എന്നതില്‍ സംശയമില്ല.

ജിബിന്‍ ജോണ്‍

Ads by Google
Sunday 14 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW