-->
നടപ്പുവര്‍ഷത്തെ അവസാന വായ്‌പാ അവലോകനത്തിന് ഒരുങ്ങുകയാണ് യൂറോപ്യന്‍ കേന്ദ്രബാങ്ക്. വാരമധ്യത്തിലെ അവരുടെ ഒത്തുചേരല്‍ പലിശനിരക്കുകളില്‍ ഭേദഗതികള്‍ വരുത്താനുള്ള സാധ്യതകള്‍ തെളിഞ്ഞു നില്‍ക്കുകയാണ്. പോയവാരം അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് കുറച്ചതിനാല്‍ സാമ്പത്തിക മേഖലയെ പുഷ്‌ടിപ്പെടുത്താന്‍ യുറോപ്യന്‍ കേന്ദ്ര ബാങ്കും സാധ്യമായ എല്ലാ ശ്രമങ്ങളും കാഴ്‌ചവയ്‌ക്കും.
ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വിസ് കേന്ദ്ര ബാങ്കും വായ്‌പാ അവലോകനത്തിനുള്ള തയാറെടുപ്പിലാണ്. സാമ്പത്തികരംഗത്തെ പുത്തന്‍ ചലനങ്ങളുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാകും വിദേശ നാണയ വിപണിയില്‍ മുന്‍നിര നാണയങ്ങള്‍. പോയവാരം ഇന്ത്യന്‍ രൂപയുടെ മൂല്യം സര്‍വകാല റെക്കോഡിലേക്ക് ഇടിഞ്ഞിരുന്നു. എഷ്യന്‍ നാണയങ്ങളില്‍ ഈ വര്‍ഷം ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത് ഇന്ത്യന്‍ രൂപയുടെ മൂ്യലത്തിനാണ്. നിഫ്‌റ്റി സൂചിക 139 പോയിന്റും ബോംബെ സെന്‍സെക്‌സ് 444 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്.
മുന്‍നിര ഓഹരികളായ എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇന്‍ഫോസിസ്, ടി.സി.എസ്, എച്ച്.സി.എല്‍. ടെക്, എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഐ.ടി.സി, ടാറ്റാ മോട്ടോഴ്‌സ് എച്ച്.യു.എല്‍. ഓഹരികള്‍ മികവ് കാഴ്‌ചവച്ചപ്പോള്‍ നിക്ഷേപകരുടെ ലാഭമെടുപ്പില്‍ മാരുതി, ആക്‌സിസ് ബാങ്ക്, ആര്‍.ഐ.എല്‍, ടാറ്റാ സ്‌റ്റീല്‍, എല്‍ ആന്‍ഡ് ടി ഓഹരികള്‍ക്ക് തളര്‍ച്ച നേരിട്ടു. ബോംബെ സൂചിക 85,712 പോയിന്റില്‍നിന്നു കൂടുതല്‍ മുന്നേറാന്‍ അവസരം ലഭിക്കാതെ മുന്‍നിര ഓഹരികളിുടെ വില്‍പ്പന സമ്മര്‍ദത്തില്‍ വാരമധ്യം 84,215 ലേക്ക് ഇടിഞ്ഞ് വാരാന്ത്യ കേ്ലാസിങ്ങില്‍ 85,267 ലാണ്. വിപണിയുടെ സാങ്കേതിക ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ ഈ വാരം 85,891-86,516 പോയിന്റില്‍ പ്രതിരോധം തല ഉയര്‍ത്താം. ഇടപാടുകാര്‍ ലാഭമെടുപ്പിലേക്ക് ശ്രദ്ധതിരിച്ചാല്‍ സൂചികയ്‌ക്ക് 84,428 83,590 പോയിന്റില്‍ താങ്ങുണ്ട്.
നിഫ്‌റ്റി മുന്‍വാരത്തിലെ 26,186 പോയിന്റില്‍നിന്നു മുന്നേറാനാവാതെ വില്‍പ്പന സമ്മര്‍ദത്തില്‍ 25,701 ലെ താങ്ങ് തകര്‍ത്ത് 25,693 ലേക്ക് ഇടിഞ്ഞു. താഴ്‌ന്ന റേഞ്ചില്‍ നിക്ഷേപകര്‍ പുതിയ വാങ്ങലുകള്‍ക്ക് കാണിച്ച താല്‍പര്യം വാരാന്ത്യ കേ്ലാസിങ്ങില്‍ നിഫ്‌റ്റിയെ 26,000 ന് മുകളില്‍ എത്തിച്ചു. ഈ വാരം 25,766 ലെ ആദ്യ സപ്പോര്‍ട്ട് നഷ്‌ടപ്പെട്ടാല്‍ 25,487 റേഞ്ചിലേക്ക് തിരിയാം. അതേസമയം മുന്നേറിയാല്‍ നിഫ്‌റ്റിക്ക് 26,251 ലും തുടര്‍ന്ന് 26,457 പോയിന്റിലും തടസം നേരിടാം.
നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ് 26,333ല്‍നിന്ന് 26,050 ലെ നിര്‍ണായക ട്രെന്‍ഡ് ലൈന്‍ സപ്പോര്‍ട്ട് തകര്‍ത്ത് 26,039 ലേക്ക് ഇടിഞ്ഞു. എന്നാല്‍ വാരാന്ത്യം 26,145 ലാണ്. പോയവാരം വിപണിയിലെ ഓപ്പണ്‍ ഇന്ററസ്‌റ്റ് 147 ലക്ഷം കരാറുകളില്‍നിന്ന് 163 ലക്ഷമായി. വിദേശ ഓപ്പറേറ്റര്‍മാര്‍ ഡോളര്‍ ശേഖരിക്കാന്‍ മത്സരിച്ചത് വിനിമയ വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം വാരത്തിലും രൂപയുടെ റെക്കോഡ് മൂല്യത്തകര്‍ച്ചയ്‌ക്ക് ഇടയാക്കി. ഡോളറിനു മുന്നില്‍ രൂപ 89.89-ല്‍നിന്ന് 89.76 ലേക്ക് വാരമധ്യം ശക്‌തിപ്രാപിച്ച ശേഷമാണ് തളര്‍ച്ചയില്‍ അകപ്പെട്ടത്. തൊട്ടുമുന്‍വാരം രേഖപ്പെടുത്തിയ റെക്കോഡായ 90.41 കടന്ന് 90.56 ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. വാരാന്ത്യം രൂപയുടെ മൂല്യം 90.42 ലാണ്. നടപ്പുവര്‍ഷം രൂപയുടെ മൂല്യത്തില്‍ 5% ഇടിവാണുണ്ടായത്.
വിദേശ നിക്ഷേപകരുടെ ഈ വര്‍ഷത്തെ മൊത്തം വില്‍പ്പന 1,52,273 കോടി രൂപയാണ്. അതായത് ഓരോ മണിക്കൂറിലും അവര്‍ 110 കോടി രൂപയുടെ പിന്‍വലിക്കല്‍ നടത്തി. നടപ്പുവര്‍ഷം 234 പ്രവര്‍ത്തി ദിനങ്ങളില്‍ 141 ദിവസും വിദേശ ഇടപാടുകാര്‍ വില്‍പ്പനക്കാരായാണ് നിലകൊണ്ടത്.
ശേഷിക്കുന്ന 13 പ്രവര്‍ത്തി ദിനങ്ങളില്‍ അവരുടെ നിലപാടില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. വിദേശ ഫണ്ടുകള്‍ 9201 കോടി രൂപയുടെ ഓഹരികള്‍ കഴിഞ്ഞ വാരം വിറ്റു. യു.എസ്. ഫെഡ് റിസര്‍വ് കഴിഞ്ഞ പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് പ്രഖ്യാപിച്ചതു നിക്ഷേപം തിരിച്ചുപിടിക്കാന്‍ രാജ്യാന്തര ഫണ്ടുകളെ പ്രേരിപ്പിച്ചു. ഇതിനിടയില്‍ യു.എസ്-ഇന്ത്യ വ്യാപാര കരാറിലെ അനിശ്‌ചിതത്വം വിപണിയെ തളര്‍ത്തി.
ആഭ്യന്തര ഫണ്ടുകള്‍ പിന്നിട്ടവാരം 20,184 രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളുടെ നിറഞ്ഞ സാന്നിധ്യം ഈ വര്‍ഷം നിഫ്‌റ്റി സൂചികയെ സര്‍വകാല റെക്കോഡിലേക്കും ഉയര്‍ത്തി.
മൊത്തം 7,20,651 കോടി രൂപയാണ് ആഭ്യന്തര ഫണ്ടുകള്‍ ഈ വര്‍ഷം ഇതു വരെ നിക്ഷേപിച്ചത്. രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 4197 ഡോളറില്‍നിന്നും തുടക്കത്തില്‍ 4173 ലേയ്‌ക്ക് താഴ്‌ന്നു. ഈ അവസരത്തില്‍ ഫണ്ടുകള്‍ നിക്ഷപകരായി രംഗത്ത് ഇറങ്ങിയതോടെ 4300 ഡോളറും കടന്ന് 4353 ഡോളര്‍ വരെ മഞ്ഞലോഹം തിളങ്ങിയ ശേഷം മാര്‍ക്കറ്റ് കേ്ലാസിങ്ങില്‍ 4299 ഡോളറിലാണ്.
എം.സി.എക്‌സില്‍ സ്വര്‍ണം ഫെബ്രുവരി അവധിവില പത്ത് ഗ്രാമിന് 1.33 ലക്ഷം രൂപയില്‍നിന്ന് മുന്‍വാരം സൂചിപ്പിച്ച 1.35 വരെ കുതിച്ചു, ഈ അവസരത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ വാരാന്ത്യം 1.33 ലക്ഷം രൂപയായി താഴ്‌ന്നു. നിലവില്‍ 1.40 ലക്ഷം രൂപയില്‍ പ്രതിരോധവും 1.29 ലക്ഷം രൂപയില്‍ താങ്ങും പ്രതീക്ഷിക്കാം.