-->
തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രവിജയമാണ് യു.ഡി.എഫിനുണ്ടായിട്ടുള്ളത്. ജില്ലാ-ബേ്ലാക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വ്യക്‌തമായ മുന്‍കൈ യു.ഡി.എഫ് നേടിക്കഴിഞ്ഞു.
ചുമതലയേല്‍ക്കാന്‍ പോകുന്ന പുതിയ ഭരണസമിതികള്‍ നിരവധി വെല്ലുവിളികളാണു നേരിടാന്‍ പോകുന്നത്. പദ്ധതിപ്രവര്‍ത്തനങ്ങളാകെ കുത്തഴിഞ്ഞ നിലയിലാണ്. സാമ്പത്തിക അച്ചടക്കം ഇല്ലാതെയാണ് പല ഭരണസമിതികളും പ്രവര്‍ത്തിച്ചുവന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിവിഹിതവും കേന്ദ്രം നല്‍കിയ വിഹിതവും യഥാവസരം നല്‍കാതിരുന്നതുമൂലം പഞ്ചായത്ത് സംവിധാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
വികേന്ദ്രീകൃത ആസൂത്രണം നടപ്പായ ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ പദ്ധതി ചെലവാണ് 2025-26 കാലത്ത് ഉണ്ടാകാന്‍ പോകുന്നത്. ബജറ്റില്‍ മാറ്റിവച്ചിട്ടുള്ള 8952 കോടിയില്‍ ആകെ ചെലവ് 2591 കോടി മാത്രം. 30.66 ശതമാനം. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ ശക്‌തിപ്പെടുത്തുമെന്ന് പുരമുകളില്‍ കയറിനിന്നു വിളിച്ചുകൂവുന്ന സി.പി.എം രണ്ടാം പിണറായിസര്‍ക്കാരിന്റെ കാലത്ത് അവയെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുന്ന കാഴ്‌ചയാണു നാം കാണുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്‌ഥാപനങ്ങള്‍ക്ക് ഗഡുവായിട്ടാണു പദ്ധതിപ്പണം നല്‍കിക്കൊണ്ടിരുന്നത്. ഒന്നാം ഗഡു ഏപ്രിലില്‍, തുടര്‍ന്ന് ഒക്‌ടോബറിലും ജനുവരിയിലും രണ്ടുമൂന്നും ഗഡുക്കള്‍. എന്നുമാത്രമല്ല, സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്‌തത മൂലമോ മറ്റു കാരണങ്ങളാലോ പദ്ധതിപ്രവര്‍ത്തനത്തിനുണ്ടാകുന്ന പ്രയാസങ്ങള്‍ എല്ലാ ബുധനാഴ്‌ചയും മന്ത്രിസഭാ യോഗത്തിനു മുന്‍പ് ചേരുന്ന മൂന്നു മന്ത്രിമാരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുമായിരുന്നു. തന്മൂലം നിര്‍വിഘ്‌നം പദ്ധതി നടപ്പാക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്കു കഴിഞ്ഞിരുന്നു. പിണറായി സര്‍ക്കാര്‍ ഇതെല്ലാം അട്ടിമറിച്ചു. യഥാസമയം പദ്ധതിവിഹിതം നല്‍കാത്ത സ്‌ഥിതിവിശേഷമുണ്ടായി. 2020-21 മുതല്‍ മൂന്നാം ഗഡു നല്‍കിയ ഷെഡ്യൂള്‍ താഴെ ചേര്‍ക്കുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനുവരി മാസത്തില്‍ നല്‍കിവന്ന മൂന്നാം പദ്ധതിവിഹിതം പിണറായി സര്‍ക്കാര്‍ നല്‍കിയത് മാര്‍ച്ച് മാസത്തില്‍ മാത്രം. എന്നുമാത്രമല്ല, ഈ അഞ്ചു സാമ്പത്തികവര്‍ഷവും മാര്‍ച്ച് 15 കഴിഞ്ഞ് കടുത്ത ട്രഷറി നിയന്ത്രണവും ഏര്‍പ്പെടുത്തി. തന്മൂലം മാര്‍ച്ചില്‍ ലഭിച്ച പണംപോലും ചെലവാക്കാന്‍ കഴിയാത്ത ദുരവസ്‌ഥയിലേക്ക് തദ്ദേശസ്‌ഥാപനങ്ങള്‍ കൂപ്പുകുത്തി. 'ഒരു കൈകൊണ്ട് നല്‍കുക, മറുകൈ കൊണ്ട് തിരിച്ചെടുക്കുക'-ഇതായിരുന്നു സമീപനം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജനുവരി മാസംതന്നെ മൂന്നാം ഗഡു നല്‍കിയിരുന്നതുമൂലം പദ്ധതിപ്പണം 85 ശതമാനവും ചെലവാക്കാന്‍ കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന 15 ശതമാനം ചേര്‍ത്ത് അടുത്തവര്‍ഷത്തെ പ്ലാന്‍ തയാറാക്കാനും ക്യാരിഓവര്‍ സിസ്‌റ്റപ്രകാരം അനുമതി നല്‍കിയതുമൂലം ലഭ്യമായ ഫണ്ട് മുഴുവന്‍ ചെലവഴിക്കാനും സ്‌ഥാപനങ്ങള്‍ക്കു കഴിഞ്ഞിരുന്നു. 85 ശതമാനം ചെലവഴിച്ചില്ലെങ്കില്‍ ചെലവാക്കാത്ത പണം ലാപ്‌സാകുമെന്നതിനാല്‍ 80 ശതമാനം സമിതികളും 85 ശതമാനത്തിലേറെ പണം യഥാസമയം ചെലവഴിക്കാന്‍ നിഷ്‌കര്‍ഷിച്ചിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ ഇതെല്ലാം മാറ്റിമറിച്ചു. മാര്‍ച്ച് മാസം മാത്രം മൂന്നാം ഗഡു ലഭിച്ചതിനാല്‍ ട്രഷറി നിയന്ത്രണം മൂലം പദ്ധതിപ്പണം ചെലവഴിക്കാന്‍ കഴിയാത്ത സ്‌ഥിതിയുണ്ടായി. ചെലവാക്കാത്ത ഫണ്ട് ക്യാരിഓവര്‍ ചെയ്യാന്‍ സമ്മതിച്ചില്ല. നടപ്പാക്കാതെ അവശേഷിക്കുന്ന സ്‌പില്‍ ഓവര്‍ വര്‍ക്കുകള്‍ക്ക് അടുത്തവര്‍ഷത്തെ ഫണ്ടില്‍നിന്ന് പണം കണ്ടെത്തേണ്ടിവന്നു. ഫലത്തില്‍ പിറ്റേവര്‍ഷം ചെലവഴിക്കാനുള്ള ഫണ്ടിന്റെ ലഭ്യത കുറഞ്ഞു. ട്രഷറിയില്‍ പണമില്ലാതെ വന്നതുമൂലം ഉണ്ടായ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള തന്ത്രമായിരുന്നു ഇത്.
2025- 26 സാമ്പത്തികവര്‍ഷത്തെ ബജറ്റ് പ്രഖ്യാപനമനുസരിച്ച് തദ്ദേശ സ്‌ഥാപനങ്ങള്‍ക്കു നീക്കിവച്ച പ്ലാന്‍ഫണ്ട് 8952.98 കോടിയാണ്. ഇതുവരെ (08-12-2025 വരെ) ചെലവഴിച്ചത് 25919 കോടിമാത്രം. അതായത് 30.66 ശതമാനം. തദ്ദേശസ്‌ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങള്‍ ഡിസംബര്‍ 15 ഓടെ പിന്‍വലിച്ചാല്‍ മാത്രമേ കെട്ടിക്കിടക്കുന്ന ബില്ലുകള്‍പോലും ഇനി മാറാന്‍ കഴിയൂ. മാത്രവുമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കാതെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയില്ല.
ഏപ്രിലില്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്‌ഞാപനം മാര്‍ച്ച് ആദ്യ ആഴ്‌ച ഉണ്ടായാല്‍ തുടര്‍ന്ന് പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഫലത്തില്‍ 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രമേ കുറെയെങ്കിലും പദ്ധതിപ്പണം ചെലവാക്കാന്‍ കഴിയൂ. ലഭ്യമായ പ്ലാന്‍ഫണ്ടായ 8952 കോടിയില്‍ ചെലവാക്കാന്‍ ബാക്കിയുള്ള 6361 കോടി ചെലവഴിക്കേണ്ടത് ഈ രണ്ടു മാസങ്ങളിലാണ്. ചുരുക്കത്തില്‍ 2025-26ലെ പ്ലാന്‍ഫണ്ടിന്റെ നാല്‍പ്പതു ശതമാനമെങ്കിലും (3580 കോടി) ചെലവാകാതെ ട്രഷറിയില്‍ തിരിച്ചുകിട്ടും. ഈ സാമ്പത്തികവര്‍ഷം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴിയാണിത്. ഫലത്തില്‍ വികേന്ദ്രീകൃത ആസൂത്രണം പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുകതന്നെ ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ സര്‍ക്കാരിന്റെ ചുമലില്‍ ഇതെല്ലാം കെട്ടിവച്ച് ഇടതുമുന്നണിക്കു രക്ഷപ്പെടാനും കഴിയും.
അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്നു സംസ്‌ഥാനം നേരിടുന്നത്. സംസ്‌ഥാനത്തിന്റെ പൊതുകടം നിയന്ത്രണാതീതമായി കുറിച്ചുകയറുന്നു. 2023-24 ല്‍ 4.33 ലക്ഷം കോടിയായിരുന്ന പൊതുകടം 2024-25ല്‍ 4.82 ലക്ഷം കോടിയായി വര്‍ധിച്ചു. 2015-16 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയാണിത്.
വികേന്ദ്രികൃത ആസൂത്രണത്തിന്റെ തൊട്ടപ്പന്മാരെന്നു സ്വയം കൊട്ടിഘോഷിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്‌ഥാപനങ്ങളും നമ്മുടെ സമ്പദ് വ്യവസ്‌ഥയും നേരിടുന്ന ദുരവസ്‌ഥയുടെ ഏകദേശ ചിത്രമാണിത്. ഇതില്‍നിന്നു കരകയറുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ സര്‍ക്കാരില്‍ നിക്ഷിപ്‌തമാകുന്നത്.
കെ.സി. ജോസഫ്
(മുന്‍ പ്ലാനിങ് മന്ത്രി)