-->
യൂത്ത് ലീഗിന്റെ വനിതാ നേതാക്കള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം. ഹരിതയുടെ മുന്‍ സംസ്ഥാന നേതാക്കളായ അഡ്വ. ഫാത്തിമ തഹ്‌ലിയ, അഡ്വ. നജ്മ തബ്ഷീറ, മുഫീദ തെസ്‌നി എന്നിവരാണ് വിജയിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് കുറ്റിച്ചിറ ഡിവിഷനില്‍ നിന്നും മത്സരിച്ച തഹ്‌ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിലും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വലമ്പൂരില്‍ നിന്ന് 2612 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നജ്മയും ജയിച്ചു. വയനാട് ജില്ലാ പഞ്ചായത്തിലേക്ക് തരുവണയില്‍ നിന്ന് മത്സരിച്ച മുഫീദ 5710 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തഹ്‌ലിയയുടെ കന്നിയങ്കത്തിലാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. നജ്മ നേരത്തെയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അഗമായിരുന്നു. ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് നജ്മ മത്സരത്തിനിറങ്ങിയത്. തഹ്‌ലിയയും മുഫീദയും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമാരാണ്. നജ്മ ഹരിതയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തഹ്‌ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും, മുഫീദ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റും നജ്മ ദേശീയ സെക്രട്ടറിയുമാണ്.
മൂന്ന് നേതാക്കളും ഹരിത വിവാദത്തെ തുടര്‍ന്നാണ് ശ്രദ്ധേയരാകുന്നത്. ലീഗിനുള്ളില്‍ തന്നെ വനിതകള്‍ക്ക് വേണ്ടി പോരാടുന്ന ശബ്ദമായി ഇവര്‍ മാറുകയും ചെയ്തു. 2021 ജൂണ്‍ 22ന് കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിത സംഘത്തെ മോശമായി അഭിസംബോധന ചെയ്തത് വലിയ വിവാദമായിരുന്നു.