Thursday, March 12, 2026 Last Updated 17 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.37 AM

കണക്കുകളല്ല, മനുഷ്യരാണ്‌ പ്രധാനം

ജനാധിപത്യ പ്രക്രിയയുടെ കാവല്‍ക്കാര്‍ ആരായിരിക്കണം? നിസ്സംശയം, ഇന്ത്യന്‍ ഭരണഘടനയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ ഓഫ്‌ ഇന്ത്യ തന്നെ. എന്നാല്‍, ആ കാവല്‍ മതിലില്‍ ഒരു വലിയ വിള്ളല്‍ വീണിരിക്കുന്നു എന്ന്‌ സൂചിപ്പിക്കുന്നതാണ്‌, വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ കഴിഞ്ഞ ദിവസം നടത്തിയ രൂക്ഷ വിമര്‍ശനം. കമ്മിഷന്‍ ഒരു ഭരണഘടനാ സ്‌ഥാപനമെന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ വ്യതിചലിക്കുന്നുണ്ടോ എന്ന അടിസ്‌ഥാനപരമായ ചോദ്യം ഇത്‌ ഉയര്‍ത്തുന്നു.
'നിങ്ങളുടെ മറുപടികള്‍ എപ്പോഴും യാന്ത്രികവും സൈക്ലോസ്‌റ്റൈല്‍ഡ്‌ രൂപത്തിലുള്ളതുമാണ്‌. കോടതിയില്‍ ഒരു മനുഷ്യപ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ അതിനെ നിങ്ങള്‍ എണ്ണവും ശതമാനക്കണക്കും പറഞ്ഞ്‌ നേരിടുകയാണ്‌.' ചീഫ്‌ ജസ്‌റ്റിസ്‌ കമ്മിഷനെ ശകാരിച്ചത്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെക്കുറിച്ചുള്ള ഒരു സുപ്രധാന ചോദ്യമാണ്‌ ഉയര്‍ത്തുന്നത്‌. വോട്ടവകാശം നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന്‌ പൗരന്മാരുടെ നിസ്സഹായതയാണ്‌ ഈ വിമര്‍ശനത്തിന്‌ പിന്നിലെ ഊര്‍ജം.
തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്‌.ഐ.ആര്‍.) ഫോം സമര്‍പിക്കാനുള്ള സമയം നീട്ടിനല്‍കണമെന്ന ആവശ്യവുമായി എത്തിയ അപേക്ഷകരെയാണ്‌ കമ്മിഷന്‍ കണക്കുകള്‍ കൊണ്ട്‌ നേരിട്ടത്‌. ഉദാഹരണമായി തമിഴ്‌നാട്ടിലെ വിഷയം എടുക്കാം.
മലയോര മേഖലകളിലെ കുടിയേറ്റ തൊഴിലാളികളും ശബരിമല തീര്‍ത്ഥാടനത്തിന്‌ പോകുന്നവരും പൊങ്കലിന്‌ (ജനുവരി മധ്യത്തോടെ) മാത്രമേ തിരിച്ചെത്തൂ എന്ന പ്രായോഗിക ബുദ്ധിമുട്ടാണ്‌ ഹര്‍ജിക്കാര്‍ കോടതിയില്‍ അറിയിച്ചത്‌. എന്നാല്‍ ഡിസംബര്‍ 11-ന്‌ അവസാനിക്കുന്ന സമയപരിധി നീട്ടണമെന്ന്‌ അപേക്ഷിച്ചപ്പോള്‍ കമ്മിഷന്‍ നല്‍കിയ പ്രതികരണം ലളിതമായിരുന്നു: '99.27% ഫോമുകള്‍ ലഭിക്കുകയും ഡിജിറ്റൈസ്‌ ചെയ്യുകയും ചെയ്‌തിരിക്കുന്നു.'
കേരളത്തില്‍ സ്‌ഥിതി ഇതിലും ഗുരുതരമായിരുന്നു. സമയപരിധി ഡിസംബര്‍ 11-ല്‍ നിന്ന്‌ 18-ലേക്ക്‌ നീട്ടിയെങ്കിലും, സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും രണ്ടാഴ്‌ചത്തെ സമയം ആവശ്യപ്പെട്ടു. കാരണം, 20 ലക്ഷത്തിലധികം വോട്ടര്‍മാര്‍ക്ക്‌ ഇനിയും ഫോം സമര്‍പ്പിക്കാനുണ്ട്‌.
എന്നാല്‍ 97.42% ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായി എന്ന കണക്കില്‍ ഉറച്ചുനിന്ന്‌ കമ്മിഷന്‍ വീണ്ടും സമയം നല്‍കാന്‍ വിസമ്മതിച്ചു. ഒരു അപേക്ഷകന്‍ ചൂണ്ടിക്കാട്ടിയത്‌ പോലെ തമിഴ്‌നാട്ടില്‍ മാത്രം 56 ലക്ഷം പേര്‍ക്ക്‌ ഫോം സമര്‍പ്പിക്കാനുണ്ടായിരുന്നു.
ഒരു ഭരണഘടനാ സ്‌ഥാപനത്തിന്‌ ഒരു ശതമാനം കുറഞ്ഞാല്‍ എന്ത്‌ എന്നായിരിക്കാം ചോദ്യം. എന്നാല്‍, 99% പൂര്‍ത്തിയാക്കിയെന്ന്‌ പറയുമ്പോള്‍ ആ കണക്കിന്‌ പുറത്ത്‌ നില്‍ക്കുന്നത്‌ ലക്ഷക്കണക്കിന്‌ ഇന്ത്യന്‍ പൗരന്മാരാണ്‌.
വോട്ടവകാശം എന്നത്‌ ഏതെങ്കിലും സര്‍ക്കാര്‍ സേവനം പോലെയല്ല, അത്‌ ഭരണഘടനയുടെ അനുചേ്‌ഛദം 326 ഉറപ്പുനല്‍കുന്ന അടിസ്‌ഥാനപരമായ ഒരു ജനാധിപത്യ അവകാശമാണ്‌. ഒരു പൗരന്റെ പോലും വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടത്‌ ഇസിയുടെ പരമമായ ഉത്തരവാദിത്തമാണ്‌.
'ഞങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്‌, ഞങ്ങള്‍ക്ക്‌ കേരളത്തിന്റെ സ്‌പന്ദനം അറിയാന്‍ കഴിയും' എന്നായിരുന്നു കമ്മിഷനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ്‌ ദ്വിവേദിയുടെ വാദം. എന്നാല്‍, 20 ലക്ഷം പേര്‍ക്ക്‌ ഫോം സമര്‍പിക്കാനുള്ള സമയപരിധി നീട്ടിനല്‍കാന്‍ തയാറാവാതിരിക്കുന്നത്‌ എങ്ങനെയാണ്‌ വോട്ടര്‍മാരുടെ 'സ്‌പന്ദനമറിഞ്ഞ്‌' പ്രവര്‍ത്തിക്കുന്നതിന്‌ തുല്യമാവുക?
വോട്ടര്‍ പട്ടികാ പുതുക്കല്‍ എന്നത്‌ ചിലരെ പുറത്താക്കാനുള്ള ഒരു യാന്ത്രികപ്രവൃത്തിയല്ല, മറിച്ച്‌ എല്ലാവരെയും ഉള്‍പ്പെടുത്താനുള്ള ഒരു തീവ്ര ശ്രമമാണ്‌. ഈ പ്രക്രിയയിലെ ഓരോ ഘട്ടത്തിലും സാധാരണ പൗരന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കമ്മിഷന്റെ മുന്നില്‍ ഒരു 'മനുഷ്യ പ്രശ്‌നം' ആയിത്തന്നെ എത്തണം. അതിനെ കണക്കുകളുടെ ഭീത്തി കെട്ടി മറയ്‌ക്കുന്നത്‌ ജനാധിപത്യ മര്യാദയോ ഭരണഘടനാപരമായ ഉത്തരവാദിത്തമോ അല്ല.
കുടിയേറ്റ തൊഴിലാളികള്‍, മലയോര വാസികള്‍, തിരക്കിട്ട ജീവിതം നയിക്കുന്ന സാധാരണക്കാര്‍ എന്നിവരെല്ലാം നേരിടുന്ന പ്രായോഗിക തടസ്സങ്ങള്‍ ഒരു കേന്ദ്രീകൃത സ്‌ഥാപനത്തിന്‌ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. അങ്ങനെയുള്ളപ്പോള്‍, സംസ്‌ഥാന സര്‍ക്കാരുകളുടെയും വോട്ടര്‍മാരുടെയും ആവശ്യം കമ്മിഷന്‍ ചെവിക്കൊണ്ടേ മതിയാവൂ.
അസം:
എന്തു കൊണ്ട്‌
ഇരട്ട നീതി?

വോട്ടര്‍ പട്ടികയുടെ 'ശുദ്ധി' ഉറപ്പുവരുത്തുക എന്നതാണ്‌ എസ്‌.ഐ.ആറിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍, ഈ ലക്ഷ്യം അസമിന്‌ ബാധകമല്ലേ എന്ന ചോദ്യവും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്‌.
40-50 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന്‌ മുന്‍പ്‌ ഗവര്‍ണര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു സംസ്‌ഥാനമാണ്‌ അസം. ഇവിടെ പ്രത്യേക സംരക്ഷണ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. എന്നിട്ടും, എസ്‌.ഐ.ആര്‍. നടത്താതെ 'പ്രത്യേക പുനഃപരിശോധന' മാത്രം നടത്തുന്നത്‌ എന്തിനാണ്‌? എസ്‌.ഐ.ആറിന്റെ ലക്ഷ്യം പട്ടികയുടെ പരിശുദ്ധി ഉറപ്പാക്കലാണെങ്കില്‍, ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അസമില്‍ അത്‌ നടപ്പിലാക്കാത്തത്‌ ഇരട്ടനീതിയായി വ്യാഖ്യാനിക്കപ്പെടാം.
പട്ടികയിലെ അപാകതകള്‍ പരിഹരിക്കാന്‍ വേണ്ടി സുപ്രീം കോടതി തന്നെ ഇടപെട്ട സംസ്‌ഥാനമാണ്‌ അസം. ഈ സാഹചര്യത്തില്‍, കമ്മിഷന്റെ നിലപാട്‌ വ്യക്‌തമാക്കേണ്ടതുണ്ട്‌.

കാലം
മാറുന്നതിനനുസരിച്ചുള്ള
മാറ്റം അനിവാര്യം

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്‌ഥാപനങ്ങളെ നയിക്കേണ്ടത്‌ കേവലം ഉദ്യോഗസ്‌ഥ മേധാവിത്വമോ, 'ടാര്‍ഗറ്റ്‌' പൂര്‍ത്തിയാക്കാനുള്ള വ്യഗ്രതയോ അല്ല, മറിച്ച്‌ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ്‌. സാങ്കേതികമായി 99% പൂര്‍ത്തിയാക്കിയാലും, ശേഷിക്കുന്ന ഒരു ശതമാനം പേര്‍ക്ക്‌ അവരുടെ അവകാശം വിനിയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ കണക്കുകള്‍ക്ക്‌ എന്ത്‌ പ്രസക്‌തി?
ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ വിമര്‍ശനം ശക്‌തമായ ഓര്‍മപ്പെടുത്തലാണ്‌. കമ്പ്യൂട്ടറിലെ കണക്കുകള്‍ മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന ഒരു യാന്ത്രിക സ്‌ഥാപനമായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മാറരുത്‌. മനുഷ്യന്റെ ബുദ്ധിമുട്ടുകളെ, പ്രത്യേകിച്ച്‌ ദുര്‍ബല വിഭാഗങ്ങളുടെ പ്രായോഗികമായ തടസ്സങ്ങളെ, മനുഷ്യപരമായ സമീപനത്തിലൂടെ പരിഗണിക്കാനുള്ള ബാധ്യത കമ്മിഷനുണ്ട്‌. വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ സുതാര്യതയും, സമയപരിധിയില്‍ സൗകര്യവും, എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌കതയും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രകടിപ്പിച്ചേ മതിയാവൂ.
സുപ്രീം കോടതി ഈ കേസ്‌ വീണ്ടും പരിഗണിക്കുന്ന ഡിസംബര്‍ 18-ന്‌, കണക്കുകളേക്കാള്‍ വലുതാണ്‌ പൗരന്റെ അവകാശം എന്ന്‌ ഉറപ്പുവരുത്തുന്ന, എല്ലാ വോട്ടര്‍മാരെയും ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന ഒരു തീരുമാനമുണ്ടാകുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. ജനാധിപത്യത്തില്‍, ഒരു വോട്ടര്‍പോലും അവഗണിക്കപ്പെടാന്‍ പാടില്ല, ഒരവകാശവും നിഷേധിക്കപ്പെടരുത്‌.

കെ. ശ്യാം കുമാര്‍

Ads by Google
Saturday 13 Dec 2025 09.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW