Thursday, March 12, 2026 Last Updated 18 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.37 AM

ഈ പോരാട്ടം ആര്‍ക്കുവേണ്ടി?

uploads/news/2025/12/815748/1.jpg

കേരളത്തിലെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം ഒരു ഭരണഘടനാ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്‌. ഒടുവില്‍, ഈ വിഷയത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സുപ്രീം കോടതിക്ക്‌ നേരിട്ട്‌ ഇടപെടേണ്ടി വന്നിരിക്കുന്നു. 'ഒത്തുതീര്‍പ്പിലെത്താന്‍ കഴിയില്ലെങ്കില്‍ വി.സിമാരെ കോടതി നിയമിക്കും' എന്ന്‌ ഡിസംബര്‍ അഞ്ചിന്‌ സുപ്രീം കോടതി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍, ഡിസംബര്‍ 10ന്‌ നിയമ, ഉന്നതവിദ്യാഭ്യാസ മന്ത്രിമാര്‍ ഗവര്‍ണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ, ജസ്‌റ്റിസ്‌ സുധാംശു ധൂലിയ അധ്യക്ഷനായ സമിതിയോട്‌ വി.സി. സ്‌ഥാനത്തേക്കുള്ള പേരുകള്‍ മുന്‍ഗണനാക്രമത്തില്‍ രഹസ്യരേഖയായി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുകയാണ്‌. ഈ അധികാരപ്പോര്‌ ഇപ്പോള്‍ പൂര്‍ണമായും കോടതിയുടെ കൈകളിലെത്തിയിരിക്കുന്നു.
ഈ തര്‍ക്കം കൂടുതല്‍ ശ്രദ്ധയോടെ പരിശോധിക്കുമ്പോള്‍, ആരാണ്‌ ഈ പോരാട്ടത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്‌താക്കളെന്ന ചോദ്യം പ്രസക്‌തമാകുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയോ വിദ്യാര്‍ഥികളുടെ ക്ഷേമമോ മെച്ചപ്പെടുത്താനല്ല ഈ തര്‍ക്കം എന്നത്‌ വ്യക്‌തമാണ്‌. പകരം, സര്‍വകലാശാലകളുടെ ഭരണപരമായ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള രാഷ്‌ട്രീയ-ഭരണഘടനാ സ്‌ഥാപനങ്ങളുടെ പോരാട്ടമായി ഇത്‌ അധഃപതിച്ചു. സാങ്കേതിക സര്‍വകലാശാലയിലേക്ക്‌ ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേരില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ച ചെയ്യാത്തതാണ്‌ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. സര്‍ക്കാരിന്‌ ഹിതകരമല്ലാത്ത റിപ്പോര്‍ട്ട്‌ നല്‍കിയ ഒരു വ്യക്‌തിയെ വി.സിയായി അംഗീകരിക്കാനാകില്ലെന്ന്‌ സര്‍ക്കാര്‍ വാദിക്കുമ്പോള്‍, ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിനാലാണ്‌ എതിര്‍പ്പെന്ന നിലപാടിലാണ്‌ ഗവര്‍ണര്‍. ഇവിടെ വ്യക്‌തിപരമായ താല്‍പര്യങ്ങളും രാഷ്‌ട്രീയമായ പക്ഷപാതിത്വവുമാണ്‌ അക്കാദമിക്‌ മികവിനേക്കാള്‍ പ്രാധാന്യം നേടുന്നതെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ കാണാതെ പോകരുത്‌.
ഈ അധികാരവടംവലി കൂടുതല്‍ അപഹാസ്യമാകുന്നത്‌, ഇതിനായി ചെലവഴിക്കുന്ന പണം ജനങ്ങളുടെ നികുതിപ്പണമാണെന്ന വസ്‌തുത പരിഗണിക്കുമ്പോഴാണ്‌. ഗവര്‍ണര്‍ കേസ്‌ നടത്താന്‍ ഉപയോഗിക്കുന്ന ഫണ്ട്‌, അത്‌ സര്‍ക്കാരിന്റെ ഫണ്ടായാലും സര്‍വകലാശാലയുടെ ഫണ്ടായാലും, പൊതുഖജനാവില്‍ നിന്നുള്ളതാണ്‌. ഫലത്തില്‍, ജനങ്ങളുടെ പണം ഉപയോഗിച്ച്‌, വിദ്യാഭ്യാസത്തിന്റെ താളം തെറ്റിച്ച്‌, രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രണ്ട്‌ ഭരണഘടനാ സ്‌ഥാപനങ്ങള്‍ കോടതിയില്‍ പോരാടുന്നു. പൊതുപണം ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നത്‌ തികച്ചും പ്രതിഷേധാര്‍ഹമാണ്‌.
വര്‍ഷങ്ങളായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ രാഷ്‌ട്രീയ ഇടപെടലിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. രാഷ്‌ട്രീയ പിന്തുണയുള്ളവര്‍ വി.സിമാരാകുമ്പോള്‍, അവരുടെ തീരുമാനങ്ങള്‍ പലപ്പോഴും അക്കാദമിക്‌ സ്വാതന്ത്ര്യത്തെയും ഗവേഷണത്തെയും ബാധിക്കുന്നു. താല്‍ക്കാലിക വി.സിമാരെ വച്ചുള്ള മാസങ്ങള്‍ നീണ്ട ഭരണപരമായ സ്‌തംഭനാവസ്‌ഥ സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും വിദ്യാര്‍ഥികളുടെ പഠനകാര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മറ്റ്‌ സംസ്‌ഥാനങ്ങളിലെ മികച്ച സര്‍വകലാശാലകളുമായി മത്സരിക്കാനുള്ള കേരളത്തിന്റെ ശേഷി കുറയ്‌ക്കുന്നതിനും ഈ രാഷ്‌ട്രീയ ഇടപെടലുകള്‍ കാരണമാകുന്നു.
ഈ സ്‌ഥിതിക്ക്‌ ശാശ്വത പരിഹാരം കാണേണ്ടതുണ്ട്‌. യൂണിവേഴ്‌സിറ്റികളെ രാഷ്‌ട്രീയ പിടിയില്‍ നിന്ന്‌ മോചിപ്പിക്കുകയാണ്‌ ഏറ്റവും അത്യാവശ്യം. വി.സിമാരെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച്‌ കമ്മിറ്റിയില്‍ രാഷ്‌ട്രീയം കലരാത്ത, അക്കാദമിക്‌ രംഗത്ത്‌ മികച്ച പ്രാഗല്‌ഭ്യമുള്ള വിദഗ്‌ധരെ മാത്രം ഉള്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ പൂര്‍ണമായും സുതാര്യവും യു.ജി.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളതുമായിരിക്കണം. ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും അധികാരങ്ങള്‍ സംബന്ധിച്ച്‌ യൂണിവേഴ്‌സിറ്റി നിയമങ്ങളിലുള്ള അവ്യക്‌തതകള്‍ മാറ്റിയെടുക്കണം. അക്കാദമിക്‌ മികവിനും ഭരണപാടവത്തിനും മാത്രം മുന്‍ഗണന നല്‍കുന്ന ഒരു ഭരണസംവിധാനം സര്‍വകലാശാലകളില്‍ സ്‌ഥാപിക്കാന്‍ സാധിക്കുമ്പോഴാണ്‌ കേരളത്തിലെ ഉന്നതവിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ പുരോഗമിക്കുക. സുപ്രീം കോടതിയുടെ ഇടപെടല്‍ ഒരു താത്‌കാലിക പരിഹാരം മാത്രമാണ്‌. ഈ തര്‍ക്കത്തിനു പരിഹാരമുണ്ടായാലും മറ്റു സര്‍വകലാശാലകളുടെ പേരില്‍ മറ്റൊരു രൂപത്തില്‍ ഇനിയും തര്‍ക്കം ഉടലെടുക്കാം. അധികാരത്തര്‍ക്കത്തില്‍ വിദ്യാഭ്യാസ രംഗവും വിദ്യാര്‍ഥികളുടെ ഭാവിയും ഇരുളടയാതെയിരിക്കാന്‍ ഇരുകൂട്ടര്‍ക്കും സദ്‌ബുദ്ധി തെളിയട്ടെ.

Ads by Google
Saturday 13 Dec 2025 09.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW