-->
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി അധ്യക്ഷൻ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് തമിഴക വെട്രി കഴകം പ്രമേയം പാസാക്കി. സഖ്യത്തിലേക്ക് വിജയിയുടെ നേതൃത്വത്തെ പിന്തുണയ്ക്കാൻ തയ്യാറുള്ള പാർട്ടികളെ ക്ഷണിക്കാനും തീരുമാനമായി. വ്യാഴാഴ്ച ചേർന്ന ടി.വി.കെ.യുടെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തിലാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
ഡി.എം.കെ. സർക്കാരിനെ അഴിമതി ആരോപണം മുന്‍നിര്‍ത്തി താഴെയിറക്കാനും പുതിയതും സമൃദ്ധവുമായ തമിഴ്‌നാട് കെട്ടിപ്പടുക്കാനും പാർട്ടി പ്രമേയത്തിൽ പ്രതിജ്ഞയെടുത്തു. പാർട്ടി നേതാവ് വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ പിന്തുണയ്ക്കാൻ തയ്യാറുള്ള എല്ലാവരെയും സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യും. സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച എല്ലാ അന്തിമ തീരുമാനങ്ങളും എടുക്കുന്നതിനുള്ള പൂർണ്ണ അധികാരം വിജയിക്ക് നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സഖ്യ ചർച്ചകൾക്കായി ഒരു പ്രത്യേക സമിതിയും, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രൂപപ്പെടുത്തുന്നതിനായി മറ്റൊരു പ്രത്യേക സമിതിയും രൂപീകരിക്കാൻ പ്രമേയത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വിജയ് നിർണ്ണയിക്കും. എതിരാളികളുടെ തെറ്റായ പ്രചാരണങ്ങളെയും ആരോപണങ്ങളെയും ചെറുക്കുന്നതിനായി ശക്തമായ പ്രചാരണത്തിന് തുടക്കമിടാനും പാർട്ടി തീരുമാനിച്ചു.