-->
സിനിമ മേഖലയെ ഞെട്ടിപ്പിച്ചു കൊണ്ടാണ് എട്ടു വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ നടിയെ വാഹനത്തിലുള്ളിൽ വച്ച് ആക്രമിച്ചത്. ആ കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി എട്ടാം പ്രതിയാക്കിയത് ജനപ്രിയ നായകൻ ദിലീപിനെയാണ്. അതുകൊണ്ട് തന്നെ ആ കേസിന്റെ വിധിക്കായി സിനിമാ പ്രവർത്തകരും ആരാധകരും ഒരു പോലെ കാത്തിരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ദിവസം വിധി വന്നു, ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. വിധി വന്നതിനു പിന്നാലെ ദിലീപിനെ എതിർത്തുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
ഇപ്പോഴിതാ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയെ സ്വാഗതം ചെയ്യുകയാണ് നടന്‍ ഹരിശ്രീ യൂസഫ്. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും ക്രൂശിക്കരുത് എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ഹരിശ്രീ യൂസഫ് പറഞ്ഞു.
"85 ദിവസം ജയിലില്‍ കിടന്നില്ലേ? അത് അംഗീകരിക്കുന്നില്ലെങ്കില്‍ ദിലീപ് കേസ് കൊടുക്കട്ടെ...ജോയ് മാത്യു നടിയെ ആക്രമിച്ച സംഭവം നടന്നതിന് ശേഷം ദിലീപേട്ടന്റെ കൂടെ ഒരു അമേരിക്കന്‍ പര്യടനത്തിന് ഞാന്‍ പോകുകയുണ്ടായി. ദിലീപേട്ടന്‍, കാവ്യാ മാധവന്‍, നാദിര്‍ഷക്ക, നമിത പ്രമോദ്, പിഷാരടി, ധര്‍മ്മജന്‍, റിമി ടോമി,പാഷാണം ഷാജി എന്നിവരൊക്കെയാണ് അതിൽ ഉണ്ടായിരുന്നത്. ആ സമയത്തായിരുന്നു ഈ വിഷയങ്ങളൊക്കെ ഉണ്ടായത്.
ഈ വിഷയം ഭയങ്കരമായിട്ട് ഞങ്ങളുടെ ഷോയെ ബാധിച്ചു. കാരണം അവിടെ തന്നെ രണ്ട് വിഭാഗങ്ങളുണ്ടായി. ഒരു വിഭാഗം ദിലീപിനെ അമേരിക്കയിലേക്ക് കൊണ്ടുവരരുത്, ഈ പ്രോഗ്രാം നടക്കരുത് എന്ന പറയുന്നവര്‍. അത് പറ്റില്ല, യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ അയാളെ കുറ്റപ്പെടുത്തരുത് എന്ന് പറയുന്ന മറ്റൊരു വിഭാഗവും. അങ്ങനെയാണ് ആ ഷോയ്ക്ക് വേണ്ടി പോകുന്നത് തന്നെ. ഈ ഷോ നടക്കുമോ എന്ന് തന്നെ വലിയ സംശയമായിരുന്നു.
ഏതായാലും ഞങ്ങള്‍ അവിടെ എത്തി. അപ്പോള്‍ മറ്റേ വിഭാഗം ആള്‍ക്കാര്‍, ആളുകള്‍ ഓഡിറ്റോറിയത്തില്‍ കയറാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ആരും പോകരുത്, അയാളെ ഒറ്റപ്പെടുത്തണം എന്നൊക്കെ പറഞ്ഞു. അത് ഞങ്ങളുടെ ഷോയെ ബാധിച്ചു. ഞങ്ങള്‍ എല്ലാവരും മൂഡൗട്ടായി. ഷോയിലും വലിയ അനക്കമൊന്നുമില്ലാതായി.
ദിലീപേട്ടനൊക്കെ മുന്‍പ് അമേരിക്കയില്‍ ഷോയ്ക്ക് ചെല്ലുമ്പോൾ ജനങ്ങള്‍ ഇടിച്ചു കയറുന്നതായിരുന്നു. എന്നാല്‍ അന്ന് അതൊന്നുമുണ്ടായില്ല. ആളുകള്‍ വന്ന് നിറയാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്ന സ്ഥിതി വരെയുണ്ടായി. മേക്കപ്പൊക്കെ ഇട്ട് കഴിഞ്ഞിട്ടും കര്‍ട്ടനിന്റെ സൈഡിലൂടെയൊക്കെ നോക്കി കാണികള്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ട അവസ്ഥയായിരുന്നു. ദിലീപേട്ടനും ചോദിച്ചു ആരെങ്കിലും വന്നിട്ടുണ്ടോ എന്ന്.
ഞങ്ങള്‍ പറഞ്ഞു ഇല്ല ദിലീപേട്ടാ, ആരും വന്നിട്ടില്ല എന്ന്. ഈ വിഷയം ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കിയല്ലോ, ആ തെറ്റിദ്ധാരണയൊന്ന് മാറ്റണ്ടേ, അതിന് വേണ്ടി ഒരു സ്‌കിറ്റൊക്കെ പ്ലാന്‍ ചെയ്താണ് പോയത്. ദിലീപേട്ടനും ഞാനും പിഷാരടിയും ധര്‍മ്മജനും പാഷാണം ഷാജിയുമൊക്കെ ചേര്‍ന്നുള്ള സ്‌കിറ്റ്. ദിലീപേട്ടന്‍ ഓഡിയന്‍സിന്റെ ഇടയില്‍ നിന്ന് നടന്ന് വരുന്നു. ഞാനും പിഷാരടിയുമൊക്കെ അമേരിക്കയിലെ സംഘാടകരായിട്ടാണ് നില്‍ക്കുന്നത്. സ്‌കിറ്റില്‍ ഞങ്ങള്‍ അദ്ദേഹത്തോട് ചോദ്യം ചോദിക്കുന്ന പോലെയാണ് ചെയ്തത്. മിസ്റ്റര്‍ ദിലീപ് നിങ്ങളെ കുറിച്ച് ചില ആരോപണങ്ങളൊക്കെ കേള്‍ക്കുന്നുണ്ടല്ലോ എന്നായിരുന്നു ഒരു ചോദ്യം. അതിന് ദിലീപേട്ടന്‍ പറയും 'അത് ഞാന്‍ പറയാം, അതിന് മുന്‍പ് യൂസഫ് എന്റെ കൈയില്‍ നിന്ന് അടിച്ച് മാറ്റിയ പേഴ്‌സ് തിരിച്ചുതരണം' എന്ന് പറയും. അപ്പോള്‍ ഞാന്‍ പറഞ്ഞു മിസ്റ്റര്‍ ദിലീപ് അങ്ങനെ പറയരുത്. 'ഞാനൊരു മാന്യനല്ലേ, നിങ്ങളുടെ പേഴ്‌സ് ഇങ്ങനെ ഒരു പൊതുവേദിയില്‍ വെച്ച് ഞാന്‍ എടുത്തു എന്ന് പറയുന്നത് ശരിയല്ല' എന്നായിരുന്നു എന്റെ മറുപടി. അപ്പോള്‍ ദിലീപേട്ടന്‍ പറയും 'നിങ്ങളെടുത്തു ഞാന്‍ കണ്ടതാണ്' എന്ന്. അപ്പോള്‍ ഞാന്‍ പറയും 'ദിലീപേ അങ്ങനെ പറയരുത്, എന്നെ മോശക്കാരനാക്കരുത്, എനിക്ക് അന്യന്റെ പേഴ്‌സ് എടുക്കേണ്ട ആവശ്യമില്ല' എന്ന്. അപ്പോള്‍ പിഷാരടിയും എന്നെ തള്ളിപ്പറഞ്ഞ് കൊണ്ട് ആ പേഴ്‌സ് കൊടുക്ക് എന്ന് പറയും. അതിനിടെ വഴിപോക്കനായി വന്ന പാഷാണം ഷാജിയും എന്നെ അടിച്ചിട്ട് പോകും. ഗതികെട്ട് ഞാന്‍ ദിലീപിനോട് പറയും 'ദിലീപ് നിങ്ങള്‍ക്കറിയാല്ലോ ഞാന്‍ പേഴ്‌സെടുത്തിട്ടില്ല, എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തല്ലേ' എന്ന്.
അപ്പോള്‍ ദിലീപ് പറയും 'യൂസഫേ ഇതാണ് നിങ്ങള്‍ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം. ഇതാണ് ഇപ്പോഴത്തെ എന്റേയും അവസ്ഥ...' എന്ന്. അപ്പോള്‍ ജനങ്ങളെല്ലാം കൈയടിച്ചു. അദ്ദേഹം നിരപരാധിയാണ് എന്ന് ഞങ്ങള്‍ സ്‌കിറ്റിലൂടെ അവതരിപ്പിച്ചു.
ഷോ കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് വിഷയങ്ങള്‍ കൂടുന്നത്. കേസായി, അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ചു, നാദിര്‍ഷയ്ക്കയെ വിളിപ്പിച്ചു. അതിനിടയിലാണ് ഒരു ഓണ്‍ലൈന്‍ മീഡിയയിലും പത്രത്തിലും ഒരു വാര്‍ത്ത വന്നത് ദിലീപിനോട് അമേരിക്കന്‍ പര്യടനത്തിനിടെ ഹരിശ്രീ യൂസഫ് ഇക്കാര്യം ചോദിച്ചു എന്നതായി.
ദിലീപേട്ടനടക്കമിരുന്ന് തയ്യാറാക്കിയ സ്‌കിറ്റ് ഇവിടെ എത്തിയപ്പോള്‍ അങ്ങനെ സീരിയസായി. ഞാനാണ് ഈ വിഷയം എടുത്തിട്ടത് എന്ന തരത്തിലാണ് വാര്‍ത്ത വന്നത്. അതുകണ്ട് പിഷാരടി പറഞ്ഞു യൂസഫിക്കാ പണി വരുന്നുണ്ടേ എന്ന്. പക്ഷെ എന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചൊന്നുമില്ല.
അതിജീവിതയും ദിലീപേട്ടനും ഞങ്ങളുമൊക്കെ ഒന്നിച്ച് ലണ്ടന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഷോ കളിക്കാന്‍ പോയിട്ടുണ്ട്. ദിലീപേട്ടനോട് ഇഷ്ടമുള്ളത് പോലെ അതുപോലെ ഇഷ്ടമാണ് അതിജീവിതയേയും.ആ കുട്ടിക്ക് ഇങ്ങനെ ഒരു സംഭവം വന്നപ്പോള്‍ ശരിക്ക് സങ്കടം വന്നു.
ഈ അമേരിക്കന്‍ ഷോയില്‍ വെച്ച് ദിലീപേട്ടന്‍ എന്റെ അടുത്ത് വന്ന് നിറകണ്ണുകളോടെ പറഞ്ഞ കാര്യമുണ്ട്, യൂസഫേ ഞാന്‍ അങ്ങനെ ചെയ്യുമോടാ, എനിക്കും ഒരു മോളുള്ളതല്ലേടാ.. അല്‍പം നനഞ്ഞ കണ്ണുകളോടെ എന്റെ മുന്നില്‍ നിന്ന് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ അയാളെ അവിശ്വസിക്കാന്‍ തോന്നിയില്ല. അതിന് ശേഷം ഒരിക്കലും ഞാന്‍ അദ്ദേഹത്തെ സംശയിച്ചിട്ടില്ല... " ഹരിശ്രീ യൂസഫ് പറയുന്നു. യൂസഫിന്റെ വാക്കുകളെയും വിമർശിച്ചും നെഗറ്റീവ് കമന്റുകൾ കുറിച്ചും ഒരുപാട് പേർ രംഗത്ത് എത്തുന്നുണ്ട്.