Saturday, March 14, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 12.53 PM

‘നിങ്ങളെനിക്ക് വലിയ സ്വപ്‌നം കാണാനുളള പ്രേരണ’; സംവിധായകന്‍ ആദിത്യ ധറിന് ഹൃദയം തൊടുന്ന കുറിപ്പുമായി സാറ അര്‍ജുന്‍

sara-arjun
photo-www.instagram.com/saraarjunn/

ധുരന്ദര്‍ സിനിമ ഹിറ്റായതിന് പിന്നാലെ സംവിധായകന്‍ ആദിത്യ ധറിന് ഹൃദയം തൊടുന്ന കുറിപ്പെഴുതി നായിക സാറ അര്‍ജുന്‍. രണ്‍വീര്‍ സിങ് നായകനായ ചിത്രത്തില്‍ നായികയായി എത്തിയത് സാറ അര്‍ജുനായിരുന്നു. സിനിമ സൂപ്പര്‍ ഹിറ്റടിച്ചതോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാറ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു. സിനിമ സെറ്റില്‍ തനിക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിത്തന്നതിനും ചിത്രീകരണവേളയില്‍ ശാന്തനായി തുടര്‍ന്നതിനും നന്ദിയുണ്ടെന്നുമാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.

സംവിധായകനായ ആദിത്യ ധറിനെ സ്വര്‍ണം പോലെ ഹൃദയമുളളയാളെന്നും യഥാര്‍ഥ ധുരന്ദറെന്നുമാണ് സാറ വിശേഷിപ്പിക്കുന്നത്. ധുരന്ദറില്‍ നിന്ന് താന്‍ നേടിയതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആദിത്യ ധറിന്റെ സാന്നിധ്യമാണെന്നും സാറ കുറിപ്പില്‍ പറയുന്നു.

‘ജീവിതവും അനുഭവവും സമയവും കൊണ്ട് നേടിയ അറിവ് താങ്കളിലുണ്ട്. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും ഏറ്റവും എളിമയുളള വ്യക്തിയായി താങ്കള്‍ തുടരുന്നു. നിങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നത് കാണുമ്പോള്‍ എന്റെ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാകുമെന്ന ഉറപ്പുലഭിക്കുന്നതായും സാറ പറയുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മികച്ച വ്യക്തികളാല്‍ നയിക്കപ്പെട്ടു എന്നതില്‍ താന്‍ ദൈവത്തോട് നന്ദി പറയുന്നു. അതില്‍ ഏറ്റവും മികച്ച മനുഷ്യനാണ് താങ്കളെന്ന് ലോകം അറിയേണ്ടതാണ്. ശാന്തതയും സമചിത്തതയും നഷ്ടപ്പെടാതെ താങ്കള്‍ ചിത്രീകരണവേളയില്‍ പെരുമാറിയതിന്റെ മേന്മ സക്രീനില്‍ കാണാന്‍ കഴിയുന്നണ്ടെന്നും സാറ പറഞ്ഞു. താങ്കള്‍ കൊടുങ്കാറ്റിന് മുമ്പുളള ശാന്തതയല്ലെന്നും കൊടുങ്കാറ്റിന്റെ തന്നെ കാരണമാണെന്നും സാറ കുറിച്ചു.

സമ്മര്‍ദങ്ങളും പ്രതീക്ഷയുടെ അമിതഭാരവുമുളള സിനിമ മേഖലയില്‍ വളരെ ശാന്തമായി കഠിനാധ്വാനം ചെയ്ത് ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഒരു സിനിമയുമായി താങ്കളെത്തിയെന്നും സാറ കുറിക്കുന്നു. തന്റെ കഴിവില്‍ വിശ്വസിച്ചതിനും തന്നെ ചെറുതായി കാണാത്തതിനും സാറ നന്ദി പറഞ്ഞു. ഒപ്പം തനിക്ക് സുരക്ഷിതമായ തൊഴിലിടം നല്‍കിയതിനും എന്റെ ചോദ്യങ്ങളെ സ്വാഗതം ചെയ്തതിനും വലിയ സ്വപ്‌നം കാണാന്‍ പ്രേരണയായതിനും നന്ദി ’പറഞ്ഞുകൊണ്ടാണ് സാറയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് സാറ അര്‍ജുന്‍. ധുരന്ദറില്‍ യാലിന ജമാലി എന്ന കഥാപാത്രമായാണ് സാറ എത്തിയത്. ആദിത്യ ധര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ അക്ഷയ് ഖന്ന, മാധവന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ വലിയ താരനിരതന്നെയുണ്ട്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയകുതിപ്പ് തുടരുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW